അമേരിക്ക ശക്തമാകുമ്പോല്‍ ഇന്ത്യ സ്വാഭാവിക ഗുണഭോക്താക്കളാണ്: പ്രധാനമന്ത്രി

അമേരിക്ക ശക്തമാകുമ്പോല്‍ ഇന്ത്യ സ്വാഭാവിക ഗുണഭോക്താക്കളാണ്: പ്രധാനമന്ത്രി

ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്താന്‍ 7000ല്‍ അധികം പരിഷ്‌കരണങ്ങള്‍ നടപ്പാക്കിയെന്ന് യുഎസ് സിഇഒമാരോട് മോദി

വാഷിംഗ്ടണ്‍: മികച്ച ബിസിനസ് സൗഹൃദാന്തരീക്ഷമുള്ള ഡെസ്റ്റിനേഷനായി ഇന്ത്യ ഉയര്‍ന്നുവന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജൂലൈ ഒന്നു മുതല്‍ നടപ്പാക്കുന്ന ചരക്കു സേവന നികുതി ഇതില്‍ നിര്‍ണായകമായ മുന്നേറ്റത്തിന് സഹായിക്കുമെന്നും യുഎസ് ആസ്ഥാനമായ പ്രമുഖ കമ്പനികളുടെ സിഇഒമാരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മോദി ചൂണ്ടിക്കാണിച്ചു. ആപ്പിളിന്റെ ടിം കുക്ക്, ഗൂഗിളിന്റെ സുന്ദര്‍ പിച്ച, സിസ്‌കോയുടെ ജോണ്‍ ചേംബേര്‍സ്, ആമസോണിന്റെ ജെഫ് ബെസോസ് എന്നിവരുള്‍പ്പടെ 20 പ്രമുഖ സിഇഒ മാരുമായാണ് മോദി സംവദിച്ചത്. അമേരിക്കയുമായി പരസ്പരം ഗുണകരമാകുന്ന ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. അമേരിക്ക ശക്തമാകുന്നതിന്റെ സ്വാഭാവിക ഗുണഭോക്താവായിരിക്കും ഇന്ത്യയെന്നും യുഎസ് സിഇഒമാര്‍ക്ക് ഇക്കാര്യത്തില്‍ സംഭാവന ചെയ്യാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലായി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ പരിഷ്‌കരണ നടപടികളുടെ ഭാഗമായി ഇന്ത്യയിലെ നേരിട്ടുള്ള വിദേശ നിക്ഷേപം ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. യുഎസ് സംരംഭകര്‍ക്ക് ഇന്ത്യയില്‍ മികച്ച അവസരമാണുള്ളതെന്നും അവരെ രാജ്യത്ത് നിക്ഷേപം നടത്താന്‍ ക്ഷണിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിന് 7000ല്‍ അധികം പരിഷ്‌കാരങ്ങളാണ് മൂന്നു വര്‍ഷത്തില്‍ നടപ്പാക്കിയത്. സര്‍ക്കാരിടപെടല്‍ കുറയ്ക്കാനും കാര്യക്ഷമത മെച്ചപ്പെടുത്താനുമാണ് തന്റെ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

മാനുഫാക്ചറിംഗ്, ട്രേഡ്, കൊമേഴ്‌സ് തുടങ്ങിയ മേഖലകളില്‍ ലോകത്തിന്റെ പ്രത്യേക ശ്രദ്ധ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് ഇപ്പോള്‍ ലഭിക്കുന്നുണ്ട്. മധ്യവര്‍ഗത്തിന്റെ വളര്‍ച്ചയും യുവജനസംഖ്യയും ഇന്ത്യയുടെ സവിശേഷതകളാണ്. 500 റെയ്ല്‍വേ സ്റ്റേഷനുകളോട് ചേര്‍ന്ന് പൊതു സ്വകാര്യ പങ്കാളിത്തത്തില്‍ ഹോട്ടലുകള്‍ ആരംഭിക്കാന്‍ ശ്രമിക്കുകയാണെന്നും ഇന്ത്യയിലെ ടൂറിസം മേഖലയില്‍ സംരംഭകര്‍ക്ക് മികച്ച അവസരമാണ് വരുന്നതെന്നും മോദി കൂട്ടിച്ചേര്‍ത്തു.
നിക്ഷേപത്തിനായി തങ്ങള്‍ ആഗ്രഹിക്കുന്നതെന്തെല്ലാം എന്ന് സിഇഒമാര്‍ പ്രധാനമന്ത്രിയുമായുള്ള സംവാദത്തില്‍ അറിയിച്ചു.

നോട്ട് നിരോധന നടപടിയെയും ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയ്ക്കായുള്ള ശ്രമങ്ങളെയും സിഇഒമാര്‍ പിന്തുണച്ചു. ഇന്ത്യന്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന വൈദഗ്ധ്യ പരിശീലന പരിപാടികളിലും വിദ്യാഭ്യാസ പദ്ധതികളിലും പങ്കുചേരാന്‍ പല സിഇഒമാരും സന്നദ്ധത പ്രകടിപ്പിച്ചൂവെന്ന് ഇന്ത്യന്‍ പ്രതിനിധികള്‍ പറയുന്നു. അടിസ്ഥാന സൗകര്യ വികസനം, ഊര്‍ജ സുരക്ഷ, പ്രതിരോധ മേഖലയിലെ നിര്‍മാണം തുടങ്ങിയ കാര്യങ്ങളും ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു. എച്ച്1ബി വിസ സംബന്ധിച്ച് സിഇഒമാരുമായി പ്രധാനമന്ത്രി ചര്‍ച്ച ചെയ്തില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

Comments

comments

Categories: Top Stories, World