ഡിഎംഐസിഡിസിക്കു കീഴിലെ പ്ലോട്ടുകള്‍ കമ്പനികള്‍ക്ക് പാട്ടത്തിന് നല്‍കുന്നു

ഡിഎംഐസിഡിസിക്കു കീഴിലെ പ്ലോട്ടുകള്‍ കമ്പനികള്‍ക്ക് പാട്ടത്തിന് നല്‍കുന്നു

ധോലേര (ഗുജറാത്ത്), ഷേന്ദ്ര-ബിഡ്കിന്‍, വിക്രം ഉദ്യോഗ്പുരി (മധ്യ പ്രദേശ്), ഗ്രേറ്റര്‍ നോയ്ഡ (ഉത്തര്‍ പ്രദേശ്) എന്നീ നാല് നഗരങ്ങളില്‍ ഡിഎംഐസിഡിസി വികസിപ്പിച്ച സ്ഥലങ്ങളാണ് പാട്ടത്തിന് ലഭ്യമാക്കുന്നത്

ന്യൂ ഡെല്‍ഹി : ഡെല്‍ഹി-മുംബൈ ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (ഡിഎംഐസിഡിസി) വികസിപ്പിച്ച സ്ഥലങ്ങള്‍ വിവിധ കമ്പനികള്‍ക്ക് പാട്ടത്തിന് നല്‍കുന്നു. ഡിഎംഐസിയുടെ മഹാരാഷ്ട്രയിലെ ഷേന്ദ്ര-ബിഡ്കിന്‍ ഭാഗത്ത് 11.15 ഏക്കറിലായി കിടക്കുന്ന 24 പ്ലോട്ടുകളാണ് കമ്പനികള്‍ക്ക് പാട്ട വ്യവസ്ഥയില്‍ കൈമാറിയത്. പ്രധാനമായും ചെറുകിട, ഇടത്തരം കമ്പനികള്‍ക്കാണ് സ്ഥലം നല്‍കിയിരിക്കുന്നത്. ഇതുവഴി കോര്‍പ്പറേഷന്‍ 15 കോടി രൂപ കരസ്ഥമാക്കി. വേന്ദ്രീ സെയ്ല്‍സ് സര്‍വീസ്, ബിജി ലിന്‍ ഇലക്ട്രിക്കല്‍സ്, മൈക്രോണിക് ഗേജസ് തുടങ്ങിയ കമ്പനികളാണ് പ്ലോട്ടുകള്‍ നേടിയത്.

ധോലേര (ഗുജറാത്ത്), ഷേന്ദ്ര-ബിഡ്കിന്‍, വിക്രം ഉദ്യോഗ്പുരി (മധ്യ പ്രദേശ്), ഗ്രേറ്റര്‍ നോയ്ഡ (ഉത്തര്‍ പ്രദേശ്) എന്നീ നാല് നഗരങ്ങളില്‍ കോര്‍പ്പറേഷന്‍ വികസിപ്പിച്ച സ്ഥലങ്ങളാണ് പാട്ടത്തിന് ലഭ്യമാക്കുന്നതെന്ന് ഡിഎംഐസിഡിസി ചീഫ് എക്‌സിക്യൂട്ടീവ് അല്‍ക്കേഷ് കുമാര്‍ ശര്‍മ്മ പറഞ്ഞു. ഷേന്ദ്ര-ബിഡ്കിന്‍ ഭാഗത്തെ പ്രധാന പ്ലോട്ടുകള്‍ കൈമാറിക്കഴിഞ്ഞു. മറ്റ് നഗരങ്ങളിലെ സ്ഥലത്തിന് ഡിഎംഐസിഡിസി താല്‍പ്പര്യ പത്രങ്ങള്‍ ക്ഷണിച്ചുകൊണ്ടിരിക്കുകയാണ്.

ലൊക്കേഷന്‍ അനുസരിച്ച് ചതുരശ്ര മീറ്ററിന് 2,100 രൂപ മുതല്‍ 7,800 രൂപ വരെയാണ് ഈ നഗരങ്ങളില്‍ പ്ലോട്ടുകളുടെ അടിസ്ഥാന വില. കമ്പനികളില്‍നിന്ന് വളരെ നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്ന് അല്‍ക്കേഷ് കുമാര്‍ ശര്‍മ്മ പറഞ്ഞു. ഡിഎംഐസിയുടെ വിവിധ പ്രോജക്റ്റുകളെക്കുറിച്ച് ആഭ്യന്തര, അന്തര്‍ദേശീയ കമ്പനികള്‍ അന്വേഷിക്കുന്നതായും ഇവരില്‍ ചിലര്‍ സൈറ്റുകള്‍ സന്ദര്‍ശിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ പ്രോജക്റ്റുകള്‍ വികസിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ 11,405 കോടി രൂപയാണ് അനുവദിച്ചത്. ഡിഎംഐസിയുമായി ബന്ധപ്പെട്ട വിവിധ പ്രോജക്റ്റുകള്‍ക്ക് ഡിഎംഐസി ട്രസ്റ്റ് വഴിയാണ് കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് അനുവദിക്കുന്നത്. എന്നാല്‍ സ്ഥലം ഏറ്റെടുത്തു നല്‍കേണ്ടത് അതാത് സംസ്ഥാന സര്‍ക്കാരുകളാണ്.

അതാത് സംസ്ഥാനങ്ങള്‍ ഏറ്റെടുത്ത് നല്‍കുന്ന സ്ഥലം കേന്ദ്ര സര്‍ക്കാരിന്റെ ഫണ്ട് വിനിയോഗിച്ച് വികസിപ്പിക്കുകയും തുടര്‍ന്ന് താല്‍പ്പര്യമുള്ള നിക്ഷേപകര്‍ക്ക് നിശ്ചിത വിലയ്ക്ക് നല്‍കുകയും ചെയ്യുന്നു. ഈ തുക ഉപയോഗിച്ച് ഡിഎംഐസിഡിസി മറ്റൊരു സ്ഥലം വാങ്ങി അവിടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തും. ഡിഎംഐസിഡിസി സ്വീകരിച്ചുവരുന്ന മാതൃക ഇതാണ്. ഡിഎംഐസിഡിസി പ്രോജക്റ്റുകളുടെ അറുപത് ശതമാനം വ്യാവസായിക ആവശ്യങ്ങള്‍ക്കാണ് നല്‍കുന്നതെന്ന് അല്‍ക്കേഷ് കുമാര്‍ ശര്‍മ്മ പറഞ്ഞു. ബാക്കി പ്രോജക്റ്റുകള്‍ മാത്രമാണ് റസിഡന്‍ഷ്യല്‍, കൊമേഴ്‌സ്യല്‍ അടിസ്ഥാനസൗകര്യങ്ങള്‍ക്കും ആശുപത്രികള്‍ക്കും നല്‍കുന്നത്.

ഡിഎംഐസിയുടെ വിവിധ പ്രോജക്റ്റുകള്‍ക്ക് ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോഓപ്പറേഷന്‍ ഏജന്‍സി 4.5 ബില്യണ്‍ ഡോളര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഹരിയാണയിലും ഗുജറാത്തിലുമായി രണ്ട് മെട്രോ പ്രോജക്റ്റുകളാണ് നിക്ഷേപത്തിനായി ജിക്ക പരിഗണിക്കുന്നത്. ഒരു ശതമാനത്തിന് താഴെ പലിശയ്ക്കാവും ജിക്ക വായ്പ നല്‍കുന്നത്.

1,504 കിലോമീറ്റര്‍ നീളം വരുന്നതാണ് ഡെല്‍ഹി-മുംബൈ വ്യാവസായിക ഇടനാഴി. ആറ് സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന ഡിഎംഐസി 90-100 ബില്യണ്‍ ഡോളര്‍ ചെലവഴിച്ചാണ് പൂര്‍ത്തിയാക്കുന്നത്. ഡിഎംഐസി പ്രോജക്റ്റുകളുടെ ആദ്യ ഘട്ടത്തിന് കേന്ദ്ര സര്‍ക്കാര്‍ 4.5 ബില്യണ്‍ ഡോളറാണ് അനുവദിക്കുന്നത്.

Comments

comments

Categories: Business & Economy, World