പെരുന്നാള്‍ ആഘോഷമാക്കാന്‍ ; വമ്പന്‍ ഓഫറുകളുമായി റീട്ടെയ്ല്‍ വിപണി

പെരുന്നാള്‍ ആഘോഷമാക്കാന്‍ ; വമ്പന്‍ ഓഫറുകളുമായി റീട്ടെയ്ല്‍ വിപണി

ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ 99 ശതമാനം വരെ വിലക്കിഴിവാണ് പല ഉല്‍പ്പന്നങ്ങള്‍ക്കും ഷോപ്പിംഗ് മാളുകളും ഇ-കൊമേഴ്‌സ് സൈറ്റുകളും നല്‍കുന്നത്

ദുബായ്: പെരുന്നാള്‍ അടുത്തതോടെ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ വമ്പന്‍ ഓഫറുകളുമായി ഷോപ്പിംഗ് മാളുകളും ഇ-കൊമേഴ്‌സ് സൈറ്റുകളും രംഗത്ത്. 99 ശതമാനം വരെ വിലക്കിഴിവാണ് ചില സ്ഥാപനങ്ങള്‍ നല്‍കുന്നത്. പെരുന്നാള്‍ കാലത്ത് വില്‍പ്പനയില്‍ വന്‍ വര്‍ധനവുണ്ടാകുന്നതിനാല്‍ വളരെ പ്രതീക്ഷയിലാണ് വ്യാപാരികള്‍. സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ശനിയാഴ്ച മുതല്‍ തിങ്കളാഴ്ച വരെ പെരുന്നാളിന്റെ അവധിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പെരുന്നാളിന് പരസ്പരം സമ്മാനിക്കാനായി നിരവധി സാധനങ്ങള്‍ വാങ്ങുമെന്നും ഈ കാലഘട്ടങ്ങളിലെ വില്‍പ്പന സാധാരണ ദിനങ്ങളേക്കാള്‍ 20 മുതല്‍ 30 ശതമാനം വരെ ഉയരുമെന്നും അവോക് ഡോട്ട് കോമിന്റെ സിഇഒ ഉലുഗ്‌ബെക് യുല്‍ദഷെവ് പറഞ്ഞു. ഏറ്റവും കുറഞ്ഞ നിരക്കില്‍ സാധനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാന്‍ 99 ശതമാനം വരെ വിലക്കിഴിവാണ് നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം. ഇതോടെ 1 ദിര്‍ഹത്തിനും അഞ്ച് ദിര്‍ഹത്തിനും ഇടയില്‍ സാധനങ്ങള്‍ ലഭിക്കും. വീട്ടുപകരണങ്ങള്‍, മൊബീല്‍, ഇലക്ട്രോണിക്, ഫാഷന്‍ ഉല്‍പ്പന്നങ്ങളെല്ലാം ഇത്തരത്തില്‍ ലഭ്യമാകും.

വമ്പിച്ച ഓഫറുകളുമായി റമദാന്‍ ഫീസ്റ്റയ്ക്ക് തുടക്കമിട്ടിരിക്കുകയാണ് ക്രേസിഡീല്‍ ഡോട്ട് കോം. ഹാന്‍ഡ് ബാഗുകള്‍, കളിപ്പാട്ടങ്ങള്‍, ചെരിപ്പുകള്‍, വീട്ടുപകരണങ്ങള്‍ എന്നിവയ്ക്ക് 80 ശതമാനം വരെ ഡിസ്‌കൗണ്ടാണ് ഇതിലൂടെ നല്‍കുന്നത്.

ഇ-കൊമേഴ്‌സ് സൈറ്റുകള്‍ മാത്രമല്ല ഷോപ്പിംഗ് മാളുകളും വമ്പിച്ച ഓഫറുകളാണ് മുന്നോട്ടുവെക്കുന്നത്. അബുദാബിയുടെ യാസ് മാള്‍ ജൂണ്‍ 25 മുതല്‍ 24 മണിക്കൂര്‍ മെഗാ സെയ്‌ലാണ് ഒരുക്കുന്നത്. 300 ബ്രാന്‍ഡുകള്‍ക്ക് 90 ശതമാനം വരെ വിലക്കിഴിവാണ് മാളില്‍ ഒരുക്കുന്നത്. ജീന്റ്, ഹോം സെന്റര്‍, ഹോംലീസ്, ഹൗസ് ഓഫ് ഫ്രാസെര്‍, ട്രയാനോ, വോക്‌സ് സിനിമാസ്, ഫെറാറി വേള്‍ഡ്, ഫണ്‍ വര്‍ക്‌സ്, ഇകിയ, എസി ഹാര്‍ഡ് വെയര്‍ എന്നിവയില്‍ രാത്രിക്ക് ശേഷമുള്ള മണിക്കൂറുകളില്‍ പ്രത്യേക ഓഫറുകളാണുള്ളതെന്ന് യാസ് മാള്‍ മാനേജര്‍ സൗദ് ഖോറി പറഞ്ഞു.

എന്നാല്‍ ദുബായ് മാള്‍ ഒരുക്കിയിരിക്കുന്ന ഈദ് ഇന്‍ ദുബായില്‍ വിലക്കിഴിവുകളൊന്നും മുന്നോട്ടുവെച്ചിട്ടില്ല. ഇതിന് പകരമായി 68,120 ഡോളറിന്റെ വമ്പന്‍ സമ്മാനമാണ് ദുബായ് ഷോപ്പിംഗ് മാള്‍ ഗ്രൂപ്പ് നല്‍കുന്നത്. കഴിഞ്ഞ മാസം ദുബായില്‍ മൂന്ന് ദിവസം 30 മുതല്‍ 90 വരെ ശതമാനം ഡിസ്‌കൗണ്ടില്‍ സൂപ്പര്‍ സെയില്‍ നടത്തിയിരുന്നു.

Comments

comments

Categories: Business & Economy