രാംനാഥ് കോവിന്ദ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

രാംനാഥ് കോവിന്ദ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദ് ഇന്നലെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ, എന്‍ഡിഎ ഭരിക്കുന്ന ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, മുതിര്‍ന്ന പാര്‍ട്ടി നേതാക്കളായ എല്‍ കെ അദ്വാനി, മുരളി മനോഹര്‍ ജോഷി തുടങ്ങിയവര്‍ രാംനാഥിനെ അനുഗമിച്ചു.

പാര്‍ലമെന്റ് ഹൗസിലെത്തി ലോക്‌സഭാ സെക്രട്ടറി അനൂപ് മിശ്ര മുന്‍പാകെ എന്‍ഡിഎ നേതാക്കള്‍ ഒപ്പിട്ട മൂന്ന് സെറ്റ് നാമനിര്‍ദേശ പത്രികകളാണു കോവിന്ദ് സമര്‍പ്പിച്ചത്. ആദ്യ സെറ്റ് പത്രികയില്‍ ഒപ്പുവച്ചിരിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗുമാണ്. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഒരു സെറ്റ് പത്രിക കൂടി കോവിന്ദ് സമര്‍പ്പിക്കും.

ഓരോ സെറ്റ് പത്രികകളിലും 60 ഇലക്ട്രല്‍ കോളേജ് അംഗങ്ങള്‍(എംപിമാരും എംഎല്‍എമാരും ഉള്‍പ്പെടുന്നത്) പ്രൊപ്പോസേഴ്‌സായും 60 പേര്‍ സെക്കന്‍ഡേഴ്‌സായും ഒപ്പുവച്ചു. ഇത്തരത്തില്‍ ഒരു സെറ്റ് പത്രികയില്‍ മാത്രം 120 ഇലക്ട്രല്‍ കോളേജ് അംഗങ്ങളുടെ ഒപ്പു ശേഖരിച്ചു. മൂന്ന് സെറ്റ് പത്രികകള്‍ ഇന്നലെ സമര്‍പ്പിച്ചപ്പോള്‍ ഫലത്തില്‍ ആകെ 480 ഇലക്ട്രല്‍ കോളേജ് അംഗങ്ങളുടെ പിന്തുണയാണു കോവിന്ദ് നേടിയത്.

കോവിന്ദിന്റെ പത്രികാ സമര്‍പ്പണത്തിനു നിരവധി നേതാക്കളെത്തിയതിലൂടെ എന്‍ഡിഎയുടെ ശക്തിപ്രകടനം കൂടിയായി മാറി. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ, മുതിര്‍ന്ന നേതാക്കളായ എല്‍ കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, സുഷമ സ്വരാജ്, നിതിന്‍ ഗഡ്കരി, യുപി മുഖ്യമന്ത്രി ആദിത്യനാഥ്, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു, തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ഒഡീഷ മുഖ്യമന്ത്രി ബിജു പട്‌നായിക് തുടങ്ങിയവര്‍ കോവിന്ദിനൊപ്പം ഇന്നലെ പത്രികാ സമര്‍പ്പണത്തിനെത്തിയിരുന്നു.

‘ എന്നെ പിന്തുണച്ചവര്‍ക്ക് നന്ദി അറിയിക്കുന്നു. രാഷ്ട്രപതി സ്ഥാനത്തിന്റെ മഹത്വം ഉയര്‍ത്തിപ്പിടിക്കാന്‍ ഞാന്‍ ശ്രമിക്കുമെന്ന് ‘ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിനു ശേഷം രാംനാഥ് കോവിന്ദ് പറഞ്ഞു. പാര്‍ട്ടിക്കും രാഷ്ട്രീയത്തിനും മുകളിലായിരിക്കണം പ്രസിഡന്റെന്നു വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Comments

comments

Categories: Top Stories, World