കേരളം വരളുന്നു

കേരളം വരളുന്നു

കാടും നാടും വരളുമ്പോള്‍ പ്രതിവിധി മഴക്കൊയ്ത്ത്

കേരളത്തില്‍ തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍കാലം തുടങ്ങിയിരിക്കുന്നു. പ്രതീക്ഷിച്ചതിനേക്കള്‍ രണ്ടു ദിവസം മുമ്പേ തുടങ്ങിയ മഴക്കാലം ഇന്നലെയോടെ ശക്തിപ്രാപിച്ചു. രണ്ടു ഘട്ടത്തിലായി 120- 150 ദിവസം വരെ ദൈര്‍ഘ്യമുള്ള മഴക്കാലത്തിന് ഇതോടെ തുടക്കമായി. ഇന്ത്യന്‍ മണ്‍സൂണിന്റെ പ്രവേശനദ്വാരമായ കേരളത്തില്‍ ജൂണ്‍ ഒന്നിന് കൃത്യമായി മഴ പെയ്യുമായിരുന്നു. പുതിയ ബാഗ്, യൂണിഫോം എന്നിവയ്‌ക്കൊപ്പം പുതിയ കുടയും കാലാകാലങ്ങളായി സ്‌കൂള്‍ ഷോപ്പിംഗില്‍ നിര്‍ബന്ധ ഇനമായി. ആദ്യദിനം തന്നെ മഴ നനഞ്ഞ്, ചെളിവെള്ളം തെറിപ്പിച്ച്, സ്‌കൂളിലേക്കു പോകുന്നത് ഇന്ന് ശരിക്കും ഗൃഹാതുരത്വമായി മാറിക്കഴിഞ്ഞു.

ഇന്ന് കേരളത്തില്‍ പരക്കെ മഴ പെയ്യുന്നില്ല. അതെ, അസാധാരണമായി മഴ കുറഞ്ഞിരിക്കുന്നു. ഉഷ്ണമേഖലാ സംസ്ഥാനമായ ഇവിടെ വര്‍ഷത്തില്‍ ശരാശരി ലഭിക്കുന്ന മഴയുടെ അളവ് 3,107 മില്ലീമീറ്ററാണ്. പശ്ചിമഘട്ട മലനിരകള്‍ അടക്കം വലിയ മഴവനങ്ങളുടെ കേദാരമാണ് സംസ്ഥാനം. കേരളത്തിലെ ഏറ്റവും വരണ്ട മേഖലകളില്‍ക്കൂടി ശരാശരി 1,500 മില്ലീമീറ്റര്‍ മഴ ലഭിക്കുന്നു. രാജ്യത്താകെ പെയ്യുന്ന ശരാശരി മഴയേക്കാള്‍ കൂടുതല്‍ വരുമിത്. വെറും രണ്ടു മുതല്‍ പത്തു മീറ്റര്‍ വരെ കുളം കുഴിച്ചാല്‍ വെള്ളം കിട്ടുന്ന, അക്ഷരാര്‍ത്ഥത്തില്‍ നനവുള്ള ഭൂമിയാണിത്. കുളങ്ങളും കിണറുകളും മറ്റു ശുദ്ധജലാശയങ്ങളും കൊണ്ട് സമ്പന്നം. തെക്കുവടക്കായി നീണ്ടു കിടക്കുന്ന ജലപാതകളും സംസ്ഥാനത്തെ നയനമനോഹരമാക്കുന്നു. വീട്ടു വളപ്പുകളിലെ കുളങ്ങള്‍ക്കും കിണറുകള്‍ക്കും പുറമെ വറ്റാത്ത അമ്പലക്കുളങ്ങള്‍. തോടുകളും തടാകങ്ങളും അടക്കമുള്ള ജലാശയങ്ങള്‍ വേറെ.

എന്നാല്‍ അനതിവിദൂരഭാവിയില്‍ ഇവയെല്ലാം വറ്റിവരളുമെന്ന് ശാസ്ത്രലോകം പറയുന്നു. ദുശ്ശകുനങ്ങള്‍ കണ്ടു തുടങ്ങിയിരിക്കുന്നു. വിളറിയ കേരളത്തിന്റെ ചിത്രമാണ് തെളിയുന്നത്. കാലാവസ്ഥാവ്യതിയാനം, വനനശീകരണം, നഗരവല്‍ക്കരണം തുടങ്ങി പല കാരണങ്ങളാണ് ഈ ദുരവസ്ഥയിലേക്കു നയിക്കുന്നത്.

ഗുരുതരമായ വിളനാശം

സമീപകാലത്ത് കേരളത്തിലും വരള്‍ച്ച രൂക്ഷമായിട്ടുണ്ട്. സംസ്ഥാനത്തെ കര്‍ഷകര്‍ ഇതിന്റെ ബുദ്ധിമുട്ടുകളനുഭവിച്ചു. തണ്ണീര്‍ത്തടങ്ങള്‍ വറ്റിവരണ്ടത് മണ്ണിന്റെ സ്വാഭാവിക ഈര്‍പ്പം ഇല്ലാതാക്കി കൃഷിയിടങ്ങളെ തരിശുഭൂമിയാക്കി. പാടങ്ങളും ജലശയങ്ങളും വരണ്ടതോടെ ഉഷ്ണമേഖലാ പറവകള്‍ കൂടുതലായി ഇങ്ങോട്ടു വരാന്‍ തുടങ്ങിയതായി പക്ഷിനിരീക്ഷകര്‍ വ്യക്തമാക്കുന്നു. വന്യമൃഗങ്ങള്‍ ജനവാസപ്രദേശങ്ങളിലേക്കിറങ്ങി വന്ന സംഭവങ്ങള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തതും ഇക്കാലയളവിലാണ്.

വെള്ളം തേടി പുലി, കടുവ, ആന, പാമ്പ്, കാട്ടുപോത്ത്, കാട്ടുപന്നി തുടങ്ങിയവ നാട്ടിലേക്കിറങ്ങുന്നതു മനുഷ്യര്‍ക്കും കൃഷിക്കും അപായകരമാണ്. വരള്‍ച്ചയില്‍ ഉണങ്ങിയ പുല്ലും മുളകളും കാട്ടുതീ പടര്‍ത്താനുള്ള സാധ്യത ഉയര്‍ത്തുന്നത് ആവാസവ്യവസ്ഥയ്ക്കു തന്നെ ഭീഷണിയാകുന്നു. പകുതിയോളം ഡാമുകള്‍ വറ്റിപ്പോയിരിക്കുന്നു. ഗുരുതര സാഹചര്യമെന്നാണ് ബജറ്റ് പ്രസംഗത്തില്‍ റെവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഇതേപ്പറ്റി വിശേഷിപ്പിച്ചത്. സംസ്ഥാനത്തെ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ 295 മില്യണ്‍ രൂപയാണ് വകമാറ്റിയത്. കഴിഞ്ഞവര്‍ഷം തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍ കാലയളവില്‍ (ജൂണ്‍- സെപ്റ്റംബര്‍) മഴ മൂന്നിലൊന്നായി കുറഞ്ഞു. തൊട്ടു പിന്നാലെയെത്തിയ വടക്കുകിഴക്കന്‍ മണ്‍സൂണില്‍ ഇതിലും മഴകുറഞ്ഞു.

ജലസംരക്ഷണം

സംസ്ഥാനത്തെ വരള്‍ച്ചാബാധിതപ്രദേശമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇതോടെ വരള്‍ച്ച പരിഹാരത്തിന് സംസ്ഥാന സര്‍ക്കാരും മുന്‍കൈയെടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ താല്‍പര്യമെടുത്ത് ആവിഷ്‌കരിച്ച ഹരിതകേരളം പദ്ധതി ജലസംരക്ഷത്തിനുള്ള ദൗത്യമേറ്റെടുത്തു. തണ്ണീര്‍ത്തട സംരക്ഷണം, ശുചീകരണം, പുനരുദ്ധാരണം എന്നിവയാണ് പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍. പദ്ധതി ജനങ്ങള്‍ക്കിടയിലേക്ക് എത്രത്തോളം എത്തുന്നുവെന്നതിനെ ആശ്രയിച്ചിരിക്കും അതിന്റെ വിജയമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഹരിതകേരളത്തിന്റെ വിജയത്തിനായി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍പ്പെടുത്തി ചെക്ക് ഡാമുകളും കുളങ്ങളും കനാലുകളും ശുചീകരിക്കാന്‍ തദ്ദേശസ്ഥാപനങ്ങളോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇതിനു പുറമെ സ്‌കൂളുകള്‍, കോളെജുകള്‍, കുടുംബശ്രീ, പഞ്ചായത്തുകള്‍ എന്നിവയോട് പദ്ധതിയുമായി സഹകരിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.

മഴവെള്ളക്കൊയ്ത്ത്

ജലാശയങ്ങള്‍ സംരക്ഷിക്കുന്നതു മാത്രമല്ല, കൂടുതല്‍ വെള്ളം സംഭരിക്കേണ്ടതും ആവശ്യമായി വന്നതോടെ സംസ്ഥാനം മഴവെള്ളക്കൊയ്ത്ത് വ്യാപകമാക്കുന്നതു പ്രോല്‍സാഹിപ്പിക്കാന്‍ നടപടികളെടുത്തു. മേല്‍ക്കൂരയില്‍ പതിക്കുന്ന മഴവെള്ളം, അരിച്ചു കുഴലിലൂടെ കിണറ്റില്‍ സംഭരിക്കുന്ന പദ്ധതിയാണിത്. ഇത് കിണറ്റിലെമാത്രമല്ല, നിശ്ചിത ചുറ്റളവിലുള്ള ഭൂഗര്‍ഭ ജലത്തെയും ശുദ്ധീകരിക്കുന്നു. ഓരോ വീട്ടിലും മഴവെള്ളക്കൊയ്ത്ത് തുടങ്ങുന്നത് സംസ്ഥാന പാര്‍പ്പിട പദ്ധതികളില്‍ ഉള്‍പ്പെടുത്തണമെന്ന് ആസൂത്രണ ബോര്‍ഡ് വിദഗ്ധസമിതിയംഗങ്ങള്‍ ആവശ്യപ്പെട്ടു. പ്രദര്‍ശനമേളകളില്‍ പദ്ധതിമാതൃകകള്‍ അവതരിപ്പിക്കുകയും ചെയ്യാറുണ്ട്. 2001-ലെ കാനേഷുമാരി പ്രകാരം സംസ്ഥാനത്തെ 72 ശതമാനം വീടുകളില്‍ കിണറുണ്ടായിരുന്നെങ്കില്‍ 2011-ല്‍ അത് 62 ശതമാനമായി. അതായത് 10 വര്‍ഷം കൊണ്ട് 10 ശതമാനമെന്ന നിരക്കിലാണ് വീട്ടുപയോഗത്തിനുള്ള സ്വാഭാവിക ജലസ്രോതസ് കുറഞ്ഞത്.

ഭൂഗര്‍ഭജലം ശുദ്ധീകരിക്കാന്‍ മഴവെള്ളം ഉപയോഗിക്കുന്ന തൃശ്ശൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടന, മഴപ്പൊലിമയുടെ ശ്രമങ്ങള്‍ വിജയം കണ്ടതോടെ ഇവരുടെ സാങ്കേതികവിദ്യയ്ക്ക് സംസ്ഥാനവ്യാപകമായി ആവശ്യക്കാരേറി. മഴവെള്ളക്കൊയ്ത്തിന് ഏറ്റവും ഉചിതം പഴയ ഓടുമേഞ്ഞ മേല്‍ക്കൂരകളാണ്. ഇത് വെള്ളം താഴേക്കു സുഗമമായി പ്രവഹിക്കാനുള്ള അവസരമൊരുക്കുന്നു.

എന്നാല്‍ 1970- കളില്‍ തുടങ്ങിയ കോണ്‍ക്രീറ്റ് നിര്‍മ്മാണ ഭ്രമം ഓടിട്ട വീടുകളുടെ എണ്ണം കുറച്ചു. കോണ്‍ക്രീറ്റ് മേല്‍ക്കൂരകള്‍ ചൂട് തടയാനെന്നതു പോലെ വെള്ളം ഒഴുക്കിവിടാനും ഫലപ്രദമല്ല. മഴവെള്ളക്കൊയ്ത്തിനെ തിരിച്ചടിപ്പിക്കുന്ന കാര്യമാണിത്. മറ്റൊരു മോശം പ്രവണത മുറ്റം നിറയെ കോണ്‍ക്രീറ്റിടുന്നതാണ്. ഇത് മണ്ണില്‍ വെള്ളം ഇറങ്ങുന്നതിന് തടസമാണ്. ഭൂഗര്‍ഭജലനിരപ്പ് ഉയര്‍ത്താനും ജലസ്രോതസുകളെ ശുദ്ധീകരിക്കാനും ഭൂമിയില്‍ വെള്ളമിറങ്ങേണ്ടത് അത്യാവശ്യമാണ്.

സംസ്ഥാനത്തു വര്‍ഷാവര്‍ഷം ലഭിക്കുന്ന 3000 മില്ലീമീറ്റര്‍ മഴവെള്ളം കാര്യമായി സംഭരിക്കപ്പെടാതെ അങ്ങനെ അറബിക്കടലിലേക്കൊഴികിപ്പോകുകയാണ്. സംസ്ഥാനത്തെ വാസ്തു നിര്‍മ്മാണ പ്രവണത മനുഷ്യവിരുദ്ധവും പരിസ്ഥിതിക്ക് ഇണങ്ങാത്തതുമായി മാറിയിരിക്കുകയാണെന്ന് പ്രമുഖ ആര്‍ക്കിടെക്റ്റ് പത്മശ്രീ ജി ശങ്കര്‍ കുറ്റപ്പെടുത്തുന്നു. നഗരവല്‍ക്കരണത്തിന് ഒരു സുസ്ഥിര നിര്‍മാണനയം ആവിഷ്‌കരിക്കണമെന്ന് അദ്ദേഹം നിര്‍ദേശിക്കുന്നു.

കാടുകളും വരള്‍ച്ചയില്‍

കൃഷിയിടങ്ങളും ജനാധിവാസ പ്രദേശങ്ങളും മാത്രമല്ല, സംസ്ഥാനത്തെ ജലാശയങ്ങളും കാടുകളും വരള്‍ച്ചയുടെ തിക്തഫലം അനുഭവിക്കുന്നു. കേരളത്തില്‍ അപൂര്‍വ്വമായിരുന്ന വന്യജീവിയാക്രമണ ഭീഷണിക്കും കാട്ടുതീപ്പേടിക്കും ഇത് വഴിതെളിച്ചിരിക്കുന്നു. പശ്ചിമഘട്ട താഴ്‌വരപ്രദേശമായ വയനാട്ടിലെ മൂന്നു ഫോറസ്റ്റ് റേഞ്ചില്‍പ്പെട്ട 200 ജലാശയങ്ങള്‍ വറ്റിവരണ്ടതായി വനം, വന്യജീവി സംരക്ഷണ വകുപ്പ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മുത്തങ്ങയില്‍ 60ഉം ബത്തേരിയില്‍ 100-ഉം കുറിച്യത്ത് 40-ഉം ജലാശയങ്ങളാണ് വറ്റിയത്.

ഈ മേഖലയില്‍ ഇവയെ ആശ്രയിക്കുന്ന 400 ആനകളും 60 കടുവകളും നിരവധി കാട്ടുപോത്തുകള്‍, കരടികള്‍, മാനുകള്‍, കുരങ്ങ് എന്നിവയുമുണ്ട്. വയനാട്ടിലെ മഴയില്‍ 45 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് കാട്ടുചോലകള്‍ വരളുന്നതിനിടയാക്കി. ഇത് പരിഹരിക്കാന്‍ ഡാമുകളില്‍ നിന്ന് വെള്ളം ടാങ്കര്‍ലോറികളില്‍ കൊണ്ടുപോയി ജലാശയങ്ങളില്‍ നിറയ്ക്കുകയാണ്. കബനീനദിയില്‍ നിന്നും പോഷക നദികളായ പനമരം, മാനന്തവാടി കനാലുകളിലൂടെ എത്തിക്കാനുള്ള നടപടികളും എടുത്തിട്ടുണ്ട്. മഴക്കുഴികളും കൃത്രിമക്കുളങ്ങളും കുഴിക്കാനും പദ്ധതിയുണ്ട്.

കൈയേറ്റങ്ങള്‍

കാനനപ്രദേശങ്ങളിലെ വരള്‍ച്ചയ്ക്ക് പ്രധാന കാരണമായി പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നത് കരിങ്കല്‍ക്വാറി പ്രവര്‍ത്തനങ്ങള്‍, വനനശീകരണം, അനധികൃത നിര്‍മ്മാണം എന്നിവയെയാണ്. വയനാടന്‍ മലനിരകളില്‍ കൈയേറ്റം നടത്തിയ ക്വാറി മാഫിയ കാടു വെട്ടിത്തെളിച്ച് പാറപൊട്ടിച്ചു മുന്നേറുന്നത് അതിദ്രുതമാണ്. താഴ്‌വരകളുടെ ഹരിതമേലാപ്പ് നശിക്കുന്നതോടെ മണ്ണൊലിപ്പ് കൂടുകയും വെള്ളം മണ്ണിലേക്കിറങ്ങാതെ ഒഴുകിപ്പോകുകയും ചെയ്യുന്നു. ഇത് അരുവികളിലെ ജലപ്രവാഹം കുറയ്ക്കുകയും മണ്ണിന്റെ ഫലപുഷ്ടി ഇല്ലാതാക്കുകയും ചെയ്യുന്നു.

ക്വാറി, നിര്‍മ്മാണ മാഫിയകള്‍ക്കെതിരേ നാട്ടുകാരും പരിസ്ഥിതിപ്രവര്‍ത്തകരും സംഘടിച്ചതോടെ കൈയേറ്റങ്ങള്‍ ഒരു പരിധി വരെ വേഗം കുറഞ്ഞിട്ടുണ്ട്. കാലാവസ്ഥാവിയതിയാനത്തിന്റെ മാത്രം ഫലമല്ല കേരളത്തിലെ വരള്‍ച്ചയെന്നാണ് ഈ വസ്തുതകള്‍ തെളിയിക്കുന്നത്. മനുഷ്യന്റെ അത്യാര്‍ത്തിയും ഇതിന് വളം വെക്കുന്നു. എന്നാല്‍ പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടി സൈലന്റ് വാലി സമരം പോലുള്ള ഐതിഹാസിക പ്രക്ഷോഭങ്ങള്‍ നടത്തി വിജയിപ്പിച്ച മണ്ണാണിത് എന്ന വസ്തുത മറക്കാനാകില്ലെന്നാണ് പരിസ്ഥിതി നാശത്തിനെതിരേയുള്ള കൂട്ടായ്മകള്‍ വ്യക്തമാക്കുന്നത്.

Comments

comments

Categories: FK Special