വിദ്യയിലൂടെ മുന്നേറാം വികസിക്കാം…

വിദ്യയിലൂടെ മുന്നേറാം വികസിക്കാം…

ഫ്യൂച്ചര്‍ കേരള സംഘടിപ്പിച്ച എജുക്കേഷന്‍ കോണ്‍ക്ലേവ് വേറിട്ട അനുഭവമായി. നാലാം വ്യാവസായിക വിപ്ലവത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്തുണ്ടായിരിക്കുന്ന മാറ്റങ്ങളും വിദ്യാഭ്യാസ മേഖലയുടെ ഭാവിയുമാണ് കോണ്‍ക്ലേവ് ചര്‍ച്ച ചെയ്തത്. വിദ്യാഭ്യാസ മേഖലയിലും സംസ്‌കാരത്തിലും സമഗ്രമായ മാറ്റങ്ങളാണ് ഈ പശ്ചാത്തലത്തില്‍ മുന്നോട്ട് വെച്ചത്. കേരളത്തിന്റെ വിദ്യാഭ്യാസരംഗത്ത് നിര്‍ണായക സംഭാവനകള്‍ നല്‍കിയ സംരംഭകരെയും വിദ്യാഭ്യാസവിചക്ഷണരേയും ചടങ്ങില്‍ ആദരിച്ചു. കോണ്‍ക്ലേവില്‍ ഉയര്‍ന്ന പ്രസക്ത അഭിപ്രായങ്ങളും വിശകലനങ്ങളും…

വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം വിളിച്ചോതി നടന്ന ഏകദിന കോണ്‍ക്ലേവില്‍ കാലത്തിന് അനുയോജ്യമായ മാറ്റങ്ങള്‍ മേഖലയുടെ ക്യത്യമായ വളര്‍ച്ചയ്ക്കും വികാസത്തിനും ആക്കം കൂട്ടുമെന്ന സന്ദേശമാണ് നല്‍കിയത്. സാമ്പത്തികവളര്‍ച്ചയും പുരോഗതിയും നിലനിര്‍ത്താനുതകുന്ന ഗവേഷണ സ്ഥാപനങ്ങള്‍ വിദ്യാഭ്യാസ മേഖലയില്‍ നടപ്പിലാക്കേണ്ടതിന്റെ ആവശ്യകതയും വിദഗ്ധര്‍ ചര്‍ച്ചയില്‍ പങ്കുവെച്ചു. മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിലൂടെ ഉത്തമ പൗരന്‍മാരെ വാര്‍ത്തെടുക്കാന്‍ ഓരോ വിദ്യാഭ്യാസ സ്ഥാപനവും യത്‌നിക്കേണ്ടിയിരിക്കുന്നു. ഭാവി തലമുറയെ അവരുടെ അഭിരുചിക്കനുസരിച്ച് മല്‍സരക്ഷമതയുള്ളവരാക്കാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒരുങ്ങേണ്ടതിന്റെ പ്രാധാന്യവും പ്രഥമ എജുക്കേഷന്‍ കോണ്‍ക്ലേവില്‍ നടന്ന ചര്‍ച്ചകളില്‍ പല പ്രമുഖരും എടുത്തുപറയുകയുണ്ടായി.

കേരളത്തിലെ ഏറ്റവും പ്രധാന പ്രശ്‌നം നിക്ഷേപങ്ങളുടെ അഭാവമാണെന്ന് ഉന്നയിച്ചുകൊണ്ട് ഉല്‍ഘാടന പ്രസംഗം ആരംഭിച്ച പ്രൊഫസര്‍ ജെ ഫിലിപ് വരുംകാലങ്ങളില്‍ നിക്ഷേപങ്ങള്‍ ചാനലൈസ് ചെയ്യാന്‍ സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ പിഎസ്‌സി പോലുള്ള സ്ഥാപനങ്ങളുടെ മുന്നിലെ നീണ്ട നിര വരും കാലങ്ങളിലും നീണ്ടുപോകുമെന്ന് അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ മികച്ച സ്‌കൂളുകളുടെയും കോളെജുകളുടെയും പട്ടിക വിവിധ സര്‍വേ ഫലങ്ങളിലായി പുറത്തുവന്നപ്പോള്‍ കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സാനിധ്യം പരിമിതമായിരുന്നു എന്നദ്ദേഹം പറഞ്ഞു. ‘ഇന്നൊവേഷന്‍, പ്രൊഡക്ടിവിറ്റി, കോംപറ്റീറ്റിവ്‌നെസ്സ് എന്നിവയില്‍ മികച്ച മുന്നേറ്റം നടത്താന്‍ സംസ്ഥാനത്തിന് കഴിയണം. ഇക്കണോമിക്, ലേബര്‍ മേഖലകളിലെ നയങ്ങളില്‍ ചൈനയുടെ പുരോഗമന മനോഭാവം മാതൃകയാക്കേണ്ടതാണ്. പ്രകൃതി വിഭവങ്ങളില്‍ എടുത്തുപറയത്തക്ക ഒന്നുംതന്നെ കേരളത്തിനില്ല. അതിനാല്‍ കേരളത്തെ മത്സരക്ഷമതയില്‍ മുന്നിലെത്തിക്കുന്നത് വിദ്യാഭ്യാസം ആണെന്നതില്‍ സംശയമില്ല’, ഫിലിപ് അഭിപ്രായപ്പെട്ടു. സര്‍ക്കാരിന്റ പരിഗണനയിലേക്കായി കേരളത്തില്‍ ശ്രദ്ധിക്കേണ്ട നാല് കാര്യങ്ങളും അദ്ദേഹം ഉയര്‍ത്തിക്കാട്ടി.

കേരളം ഒന്നാമതായി മുന്‍ഗണന നല്‍കേണ്ടത് സാമ്പത്തിക വികസനത്തിനായിരിക്കണമെന്നും സ്വകാര്യമേഖലയോട് മുഖം തിരിച്ചുകൊണ്ടുള്ള സമീപനം ഒഴിവാക്കണമെന്നും പറഞ്ഞ അദ്ദേഹം സര്‍ക്കാരിന് തൊഴില്‍ ലഭ്യമാക്കാന്‍ സാധിക്കാത്ത നിരവധി മേഖലകള്‍ നിലനില്‍ക്കുന്നതുകൊണ്ടുതന്നെ സ്വകാര്യ രംഗം ഒഴിവാക്കാനാവാത്ത ഒന്നാണെന്ന് അഭിപ്രായപ്പെട്ടു. കേരളത്തില്‍ എന്തുകൊണ്ട് ഗവേഷണ സ്ഥാപനങ്ങള്‍ കടന്നുവരുന്നില്ല? ഈ ചോദ്യം ഉന്നയിച്ചാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്. നോളഡ്ജ് ഇന്‍ഡസ്ട്രിയാണ് ഭാവി എന്ന് തിരിച്ചറിയണമെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. കേരളം ഇന്ന് നേരിടുന്ന ഏറ്റവും പ്രധാന വെല്ലുവിളി തൊഴില്‍ ലഭ്യതയുമായി ബന്ധപ്പെട്ടതാണെന്നും ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിലാണ് കേരളം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും കോണ്‍ക്ലേവിന്റെ മോഡറേറ്ററായിരുന്ന സജീവ് നായര്‍ അഭിപ്രായപ്പെട്ടു.

വിദ്യാഭ്യാസമേഖല കാലാനുസൃതമായ മാറ്റങ്ങള്‍ കൈവരിച്ചാല്‍ മാത്രമേ അതിജീവനം സാധ്യമാകൂ എന്ന ആശയത്തിലൂന്നിയാണ് അങ്കമാലി ഫെഡറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ(ഫിസാറ്റ്) ചെയര്‍മാന്‍ പോള്‍ മുണ്ടാഡന്‍ തന്റെ വാക്കുകള്‍ ആരംഭിച്ചത്. എന്നാല്‍ അതിജീവനം മാത്രം ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ മതിയാകില്ല, കഴമ്പും വളര്‍ച്ചയും അതുപോലെ നിരന്തരവിജയം കൈവരിക്കാനാവുന്നതുമായ പ്രവര്‍ത്തനങ്ങള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നേതൃത്വം വഹിക്കണം. ഇന്ത്യയുടെ ഭാവി വരാനിരിക്കുന്ന കണ്ടുപിടുത്തങ്ങളെ ആശ്രയിച്ചാണ്, ഇതിനാവശ്യമായ വിദ്യാഭ്യാസം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കണം. മികച്ച മുന്നേറ്റങ്ങള്‍ കൈവരിക്കാന്‍ നിരന്തരം മാറ്റങ്ങളെ ഉള്‍ക്കൊള്ളണം. ഇന്ത്യയുടെ ഭാവി നിര്‍ണ്ണയിക്കുന്നതില്‍ പ്രധാന പങ്ക് നമ്മള്‍ വഹിക്കും എന്ന പ്രതിഞ്ജ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അധികാരികള്‍ എടുക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് കോത്താരി കമ്മീഷനും രാധാകൃഷ്ണന്‍ കമ്മീഷനും മുന്നോട്ടുവെച്ച അഞ്ച് പ്രധാന നിര്‍ദേശങ്ങള്‍ വിശദമാക്കിക്കൊണ്ടാണ് എസ്എസ്‌യുഎസ് വൈസ് ചാന്‍സലര്‍ ഡോ. എംസി ദിലീപ് കുമാര്‍ സംസാരിച്ചത്. എല്ലാവര്‍ക്കും പ്രാപ്യമാക്കുക, തുല്യമായി പ്രാപ്യമാക്കുക, നിലവാരം ഉറപ്പുവരുത്തുക, സാംഗത്യം ഉറപ്പുവരുത്തുക, മൂല്യാധിഷ്ടിത വിദ്യാഭ്യാസം എന്നിവയാണവ. ആഗോളവല്‍കൃത ലോകത്തില്‍ രാഷ്ട്രത്തിന്റെ ഭാവി നിര്‍ണയിക്കുന്നത് അവര്‍ സൃഷ്ടിക്കുന്ന ബൗദ്ധിക മൂലധനത്തിന്റെ അടിസ്ഥാനത്തിലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 25 വയസിന് താഴെയുള്ള 550 മില്ല്യണ്‍ ജനങ്ങള്‍ വസിക്കുന്ന രാജ്യത്ത് നമ്മുടെ മാനവ വിഭവശേഷി തന്നെയാണ് ഏറ്റവും വലിയ സ്വത്ത്. ബൗദ്ധിക മൂലധനം സൃഷ്ടിക്കാനും സാമ്പത്തികവളര്‍ച്ചയും പുരോഗതിയും നിലനിര്‍ത്താനും നിലവാരമുള്ള ഗവേഷണങ്ങള്‍ അത്യാവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

പരീക്ഷകളെ കേന്ദ്രീകരിച്ചും ചിട്ടപ്പെടുത്തിയ പാഠ്യപദ്ധതികളെ ആശ്രയിച്ചും മുന്നോട്ടു പോകുന്ന ഒരു വിദ്യാഭ്യാസ രീതിയാണ് നമുക്കിവിടെ കാണാന്‍ സാധിക്കുന്നത് എന്ന അഭിപ്രായമായിരുന്നു ഗിരിദീപം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് ലേണിംഗിന്റെ ഡയറക്റ്ററും പ്രിന്‍സിപ്പലുമായ റവ.ഡോ വര്‍ഗീസ് കയ്പനാടുകയുടേത്. നമ്മുടെ വിദ്യാര്‍ത്ഥി സമൂഹത്തിന് ഇന്ന് ഏതു തരത്തിലുള്ള വിദ്യാഭ്യാസം തെരഞ്ഞെടുക്കണമെന്നുപോലും വലിയ ധാരണയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മാത്രമല്ല ഭൂരിഭാഗം വിദ്യാര്‍ത്ഥികളും തങ്ങളുടെ പുസ്തകത്തിന് പുറത്തുള്ള അറിവ് നേടുന്നതിനായി മറ്റ് സ്രോതസുകളെ ഉപയോഗപ്പെടുത്തുന്നുമില്ല. ഈ പ്രവണത അവരെ ശൂന്യതയിലേക്ക് നയിക്കുമെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തി. ഇനിയുള്ള കാലം പൗരസംബന്ധിയായ വിദ്യാഭ്യാസ രീതികള്‍ നമ്മള്‍ പിന്തുടരണമെന്നും പക്ഷഭേദമില്ലാതെ എല്ലാവരിലേക്കും ഉന്നത വിദ്യാഭ്യാസത്തിന്റെ വാതിലുകള്‍ തുറന്നു കൊടുക്കണമെന്നും, മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഉന്നത നിലവാരം പുലര്‍ത്തുന്ന അധ്യാപകര്‍, ഉത്തരവാദിത്വമുള്ള പൗരന്‍മാര്‍ എന്നിവരെ വാര്‍ത്തെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാഭ്യാസ കോണ്‍ക്ലേവുകള്‍ നടത്തപ്പെടുമ്പോള്‍ എന്തുമാറ്റമാണ് ഈ ഉദ്യമത്തിലൂടെ സമൂഹത്തിലുണ്ടായിരിക്കുന്നതെന്ന വിലയിരുത്തല്‍ അത്യാവശ്യമാണെന്നു സൂചിപ്പിച്ചുകൊണ്ടായിരുന്നു കേരള വെറ്റിനറി ആന്‍ഡ് അനിമല്‍ സയന്‍സ് സര്‍വകലാശാല ഡയറക്റ്റര്‍ ഡോ. ടിപി സേതുമാധവന്‍ ചര്‍ച്ചയില്‍ പങ്കുചേര്‍ന്നത്. കാര്‍ഷിക മേഖലയില്‍ നിന്നും വ്യതിചലിച്ച സേവനമേഖലയുടെ വ്യാപ്തി വര്‍ധിച്ചുകഴിഞ്ഞു. തൊഴിലവസരങ്ങള്‍ കൂടുതല്‍ സൃഷ്ടിക്കപ്പെടുന്നത് സേവനമേഖലയിലാണ്. വിദ്യാഭ്യാസത്തിലുണ്ടായ മുന്നേറ്റമാണ് ഈ മാറ്റത്തിലേക്ക് നയിച്ചതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മറ്റേത് മേഖലയേക്കാളും വളര്‍ച്ച പ്രാപിച്ചിട്ടുണ്ട് ഇന്ന് വിദ്യാഭ്യാസ മേഖല. രാജ്യത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുണ്ടാകുന്ന വര്‍ധനവ് ഇതിന് ഉദാഹരണമാണ്. എന്നാല്‍ അഭ്യസ്തവിദ്യരെല്ലാം തൊഴില്‍ വൈദഗ്ധ്യമുള്ളവരാണോ എന്ന ചോദ്യമാണ് അദ്ദേഹം ഉന്നയിച്ചത്. ആശയവിനിമയത്തിലുള്ള അപര്യാപ്ത, തൊഴില്‍ വൈദഗ്ധ്യത്തിലുള്ള പോരായ്മ, പൊതുവിജ്ഞാനമില്ലായ്മ തുടങ്ങി നിരവധി ഇല്ലായ്മകളാണ് പുതുതലമുറ നേരിടുന്ന വെല്ലുവിളികള്‍. തൊഴില്‍ സംരംഭകത്വത്തിന് വിദ്യാഭ്യാസമേഖല ഊന്നല്‍ നല്‍കണമെന്നും ഓരോ വിദ്യാര്‍ത്ഥികളും തൊഴില്‍ ശേഷി ഉള്ളവരായിരിക്കണമെന്നുമുള്ള ആശയമാണ് സേതുമാധവന്‍ പങ്കുവച്ചത്.

ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് എങ്ങനെ ഭാവിയെ മാറ്റിമറിക്കുമെന്നെും ഈ മാറ്റത്തോട് എങ്ങനെ പൊരുത്തപ്പെടാമെന്നുമാണ് വുഡി ഡാറ്റാടെക് പ്രൈവറ്റ് ലിമിറ്റഡ് സഹസ്ഥാപകനും സിഇഒയുമായ അര്‍ജുന്‍ ഹരി കോണ്‍ക്ലേവില്‍ സംസാരിച്ചത്. ഇന്ന് ഭൂരിഭാഗം ആളുകളും എല്ലാ ദിവസവും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗപ്പെടുത്തുന്നുണ്ടെങ്കിലും പലരും ഇത് തിരിച്ചറിയുന്നില്ല. കാലം ചെല്ലുന്തോറും മനുഷ്യ ബുദ്ധിയുടെ പ്രാധാന്യം കുറയുകയും കൃത്രിമ ബുദ്ധിയുടെ പ്രാധാന്യം കൂടുകയും ചെയ്യുന്ന തലത്തിലേക്ക് നാം എത്തും. വിദ്യാഭ്യാസത്തിന്റെ എല്ലാ തലങ്ങളിലേക്കും കൃത്രിമ ബുദ്ധിയുടെ സാധ്യതകള്‍ എത്തിക്കുന്നതിനേകുറിച്ച് അദ്ദേഹം സംസാരിച്ചു.

കുട്ടികളുടെയും അധ്യാപകരുടെയും പ്രകടനത്തെ വിലയിരുത്തുന്നതിലൊക്കെ കൃത്രിമബുദ്ധി എത്തരത്തില്‍ പ്രയോജനപ്പെടുത്താം എന്ന് വിശദീകരിച്ച അദ്ദേഹം ഭാവിയില്‍ എല്ലാ വിഷയങ്ങളും പഠിപ്പിക്കുന്ന ഒരു ഫീച്ചര്‍ എന്ന തലത്തിലേക്ക് കൃത്രിമബുദ്ധി നീങ്ങുന്നതിനേകുറിച്ചും പ്രതിപാദിച്ചു. ഇത്തരത്തില്‍ സംഭവിക്കുമ്പോള്‍ ഒരു കുട്ടി ഏത് വിഷയത്തിലാണ് മികച്ചത് ഏത് വിഷയമാണ് അവന് പ്രയാസകരം തുടങ്ങിയ കാര്യങ്ങള്‍ ശരിയായ രീതിയില്‍ മനസിലാക്കാനും അതനുസരിച്ച് അവനെ നയിക്കാനും സാധിക്കും. രാജ്യത്ത് ആത്മഹത്യചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിക്കുന്നതില്‍ നല്ലൊരു ശതമാനം പങ്കും 10, 12 ക്ലാസുകളിലെ പരീക്ഷാ ഫലത്തെ കുറിച്ചുള്ള ആശങ്കയാണെന്ന് ഉയര്‍ത്തിക്കാട്ടി ഇതിനൊരു പരിഹാരവും കൃത്രിമബുദ്ധിയുടെ സഹായത്തോടെ ചൂണ്ടിക്കാണിക്കുന്നു. ഒരു കുട്ടിയുടെ ജീവിതത്തില്‍ പ്രധാന ഘടകമായി നില്‍ക്കുന്ന മാതാപിതാക്കള്‍, അധ്യാപകര്‍, സുഹൃത്തുക്കള്‍ എന്നിവരുടെ വിലയിരുത്തലുകള്‍ ശേഖരിച്ച് അവരുടെ അഭിരുചിക്കനുസരിച്ച് കൃത്രിമബുദ്ധിയുടെ പിന്‍ബലത്തില്‍ അവരെ നയിക്കാന്‍ കഴിയുമെന്നും അദ്ദേഹം വിശദീകരിച്ചു.

കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം വളരെ പരിതാകരമാണെന്നാണ് കുഫോസ് വൈസ്ചാന്‍സലര്‍ പ്രൊഫ. ഡോ. എ രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടത്. കേരളത്തില്‍ നിന്ന് ഓരോ വര്‍ഷവും ഉന്നത വിദ്യാഭ്യാസത്തിനായി അമേരിക്കയിലേക്ക് പറക്കുന്നത് ആയിരത്തില്‍പരം വിദ്യാര്‍ത്ഥികളാണ്. പണമുള്ളതുകൊണ്ടല്ല ഉന്നത വിദ്യാഭ്യാസത്തിനായി ഈ കുട്ടികള്‍ വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത്. ഇവരില്‍ 30 മുതല്‍ 33 ശതമാനം കുട്ടികളും ലോണെടുത്തും മറ്റ് മാര്‍ഗങ്ങളിലൂടെ പണം കണ്ടെത്തിയുമാണ് വിദേശത്തേക്ക് പോകുന്നത്. മറ്റുള്ള രാജ്യങ്ങളില്‍ നിന്നും ഉന്നത നിലവാരത്തിലുള്ള സ്‌കോളര്‍മാരെ സൃഷ്ടിക്കാന്‍ സാധിക്കുമെന്നതിനാലാണ് ഇവരെല്ലാം ഇത്തരം അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നത്. കുട്ടികളുടെയും അധ്യാപകരുടെയും അനുപാതം ശ്രദ്ധിച്ചാലും ഉന്നത വിദ്യാഭ്യാസരംഗത്തെ പരിമിതികളെ കുറിച്ച് മനസിലാക്കാന്‍ സാധിക്കും. ഐഐടി പോലുള്ള സ്ഥാപനങ്ങളടക്കം മുന്നോട്ട് വയ്ക്കുന്നത് 1: 10 എന്ന അനുപാതമാണ്. എന്നാല്‍ പ്രായോഗിക തലത്തില്‍ വരുമ്പോള്‍ ഇത് 1: 50 ആയി മാറുന്നു. നിലവാരമുള്ള അധ്യാപകരെ ലഭിക്കാത്തതും പ്രധാനപ്രശ്‌നമാണ്. സര്‍വകലാശാലകള്‍ക്ക് കീഴില്‍ വരുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം കൂടുതലായതിനാല്‍ ഒരു പരിധിവരെ സ്വയംഭരണ കോളെജുകളെ പിന്തുണയ്ക്കാമെന്നും എന്നാല്‍ കേരളത്തെ സംബന്ധിച്ച് ഇത്തരം കോളെജുകളുടെ എണ്ണവും കുറവാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കേരളത്തിലെ സ്‌കൂള്‍ വിദ്യാഭ്യാസം മെച്ചപ്പെട്ടതാണെന്നും എന്നാല്‍ സര്‍വകലാശാലകള്‍ അത്ര മുന്നിട്ടു നില്‍ക്കുന്നില്ലെന്നും കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറും കേരള സ്‌പോര്‍ട്‌സ് ആന്‍ഡ് യൂത്ത് അഫയേര്‍സ് വിഭാഗത്തിന്റെ സെക്രട്ടറിയുമായ ഡോ. ബി അശോക് ഐഎഎസ് പറഞ്ഞു. സൗകര്യങ്ങളുടെയും മറ്റും കാര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ കേരളത്തിലെ സ്‌കൂളുകള്‍ നല്ലതാണെന്നാണ് അദ്ദേഹം മുന്നോട്ടുവെച്ച ഏറ്റവും വലിയ വാദം. സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ നിലവാരം വിലയിരുത്തുന്നതിനായി സര്‍ക്കാര്‍ സ്‌കൂളുകളെയും സ്വകാര്യവിദ്യാഭ്യാസ സ്ഥാപനങ്ങളെയും താരതമ്യം ചെയ്ത അദ്ദേഹം ചെറിയ ക്ലാസുകളില്‍ പഠിപ്പിക്കുന്നതിലും പഠിക്കുന്നതിലും വരുന്ന ന്യൂനത മുന്നോട്ടു പോകുംതോറും വിദ്യാര്‍ത്ഥികളെ സാരമായി ബാധിക്കുന്നുവെന്നും സൂചിപ്പിക്കുകയുണ്ടായി.

ആരോഗ്യവിദ്യാഭ്യാസമേഖലകളില്‍ കേരളത്തിന്റെ നിലവിലെ സാഹചര്യങ്ങളെ കുറിച്ചുള്ള വ്യക്തമായ കാഴ്ച്ചപ്പാട് നല്‍കുന്നതായിരുന്നു കേരള ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം കെ സി നായരുടെ പ്രസംഗം. ആരോഗ്യ മേഖലയില്‍ കേരളം നേട്ടങ്ങളുമായി മുന്നോട്ട് കുതിക്കുകയാണ്. താരതമ്യേന ചെലവ് കുറഞ്ഞ ചികില്‍സകളും മികച്ച സൗകര്യങ്ങളും പ്രാവീണ്യം നേടിയ ഡോക്റ്റര്‍മാരും നഴ്‌സുമാരുടങ്ങുന്ന ആരോഗ്യമേഖല കേരളത്തിന് അഭിമാനിക്കാവുന്നതാണ്. ആരോഗ്യരംഗത്തെ വിദ്യാഭ്യാസത്തില്‍ കേരളത്തിന് എത്രമാത്രം നേട്ടമുണ്ടെന്ന ചോദ്യത്തിനുള്ള വ്യക്തമായ മറുപടിയാണ് പാനല്‍ ചര്‍ച്ചയില്‍ എംകെസി നായര്‍ മുന്നോട്ടുവെച്ചത്. മെഡിക്കല്‍ കോഴ്‌സുകളുടെ പല ഡിവിഷനുകളും കേരളത്തിലുണ്ടെങ്കിലും അവയെല്ലാം ചില നഗരങ്ങളിലും ജില്ലകളിലും മാത്രമായി ഒതുങ്ങി നില്‍ക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.

ഇന്ന് 70 ശതമാനം തൊഴിലുകളും യന്ത്രവല്‍കൃതമാണ്. എന്നിട്ടും 19ാം നൂറ്റാണ്ടില്‍ ബ്രിട്ടീഷുകാര്‍ ആവിഷ്‌കരിച്ച വിദ്യാഭ്യാസ സമ്പ്രദായമാണ് നാം പിന്തുടരുന്നരുന്നതെന്ന് എപിജെ അബ്ദുള്‍ കലാം ടെക്‌നോളജിക്കല്‍ സര്‍വകലാശാല കേരളയുടെ വൈസ് ചാന്‍സലര്‍ ഡോ.കുഞ്ചെറിയ പി ഐസക് ചൂണ്ടിക്കാട്ടി. ഇന്ത്യയിലുള്ള 600 ഓളം സര്‍വകലാശാലകളും പിന്തുടരുന്നത് അഫിലിയേറ്റഡ് സിസ്റ്റമാണ്. പഠനനിലവാരവും വിതരണവും കാര്യക്ഷമമാക്കാന്‍ അഫിലിയേറ്റഡ് സംവിധാനത്തില്‍ നിന്ന് മാറി ചിന്തിക്കാന്‍ തയാറാകണമെന്ന് അദ്ദേഹം പറഞ്ഞു.

സാക്ഷരതയുടെ കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന കേരളത്തിന് അനേകം വര്‍ഷങ്ങളുടെ വിദ്യാഭ്യാസ പാരമ്പര്യമാണ് ഉള്ളതെന്ന് കേരള സ്‌റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ് ടെക്‌നോളജി ആന്‍ഡ് എന്‍വയയോണ്‍മെന്റിന്റെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ സുരേഷ് ദാസ് പറയുകയുണ്ടായി. എന്നിരുന്നാലും ഇന്നും തൊഴിലില്ലായ്മ വലിയതോതില്‍ നമ്മുടെ സംസ്ഥാനത്തുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിവിധ മേഖലകളില്‍ സ്വയം തൊഴിലുകള്‍ സൃഷ്ട്ടിച്ചെടുക്കാന്‍ പരിശീലിപ്പിച്ചെടുക്കുന്ന വിദ്യാഭ്യാസങ്ങള്‍ക്കായിരിക്കണം ഇനിയുള്ള നാളുകളില്‍ മുന്‍ഗണന നല്‍കേണ്ടത്. വരുംനാളുകളില്‍ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ആയിരിക്കും മനുഷ്യന്റെ പ്രധാന എതിരാളി. ഈ സാഹചര്യത്തില്‍ നമ്മുടെ കുട്ടികളെ ഒരു റോബോട്ട് ആക്കിമാറ്റുന്നതിന് പകരം മനുഷ്യരുടെ മാത്രം കഴിവുകളായ സര്‍ഗാത്മകതയും, മൂല്യങ്ങള്‍ മനസിലാക്കി പ്രവര്‍ത്തിക്കാനും സാധിക്കുന്ന ഉത്തമ മനുഷ്യനാക്കി മാറ്റാനുള്ള വിദ്യാഭ്യാസമായിരിക്കണം നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാഭ്യാസത്തെ ഭാവിയിലേക്ക് നോക്കിക്കാണാനുള്ള ഘടകമാണെന്ന വസതുതയെ അടിസ്ഥാനപ്പെടുത്തിയായിരുന്നു നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസിലെ വൈസ് ചാന്‍സര്‍ ഡോ. റോസ് വര്‍ഗീസ് സംസാരിച്ചത്. മൂല്യാധിഷ്ഠിത വിദ്യാഭ്യാസമാണ് സമൂഹത്തിന് ആവശ്യമെന്ന് അവര്‍ ചൂണ്ടിക്കാട്ടി. കേരളം സാക്ഷരതയില്‍ മുന്നിട്ട് നില്‍ക്കുമ്പോള്‍ രാജ്യത്തിനും ലോകത്തിനും എന്ത് സംഭാവനയാണ് നമുക്ക് ചെയ്യാന്‍ സാധിച്ചതെന്ന ചോദ്യം പ്രാധാന്യമര്‍ഹിക്കുന്നുതാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. സ്ത്രീകള്‍ക്ക് സുരക്ഷിതത്വവും സംരംക്ഷണവുമില്ലാത്ത ഭയരഹിതമായ ജീവിതം പ്രദാനം ചെയ്യാത്ത ഒരു രാജ്യവും വികസിതമല്ലെന്ന ജസ്റ്റിസ് ജാനകിയമ്മയുടെ വാക്കുകളെ ഉദ്ധരിച്ച് സംസാരിച്ച ഡോ. റോസ് വര്‍ഗീസ് മൂല്യാധിഷ്ഠിതവും തൊഴില്‍ വൈദഗ്ധ്യമുള്ള വിദ്യാഭ്യാസവും പ്രാധാന്യമര്‍ഹിക്കുന്നുവെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിലൂടെ വരും തലമുറയെ വാര്‍ത്തെടുക്കാനുള്ള അഭിപ്രായങ്ങളാണ് കോണ്‍ക്ലേവിലുടനീളം വിവിധ മേഖലകളിലെ വിദഗ്ധര്‍ പങ്കുവെച്ചത്. നാലാം വ്യവസായ വിപ്ലവം പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുമ്പോള്‍ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ഉള്‍പ്പെടെയുള്ള സാങ്കേതിക വിദ്യകള്‍ വിദ്യാര്‍ത്ഥികളെ എങ്ങനെ സഹായിക്കുമെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ വ്യക്തമാക്കുകയുണ്ടായി. നിരന്തരം മാറ്റങ്ങളെ ഉള്‍ക്കൊള്ളുന്നതിനൊപ്പം വിദ്യാര്‍ത്ഥികള്‍ മൂല്യങ്ങള്‍ മനസിലാക്കി ഉത്തമ പൗരന്‍മാരായി വളരണമെന്ന സന്ദേശവും ചര്‍ച്ചകളില്‍ കാണാന്‍ കഴിയും.

Comments

comments

Categories: Education, FK Special