അമിതവണ്ണക്കാരില്‍ ബൈപ്പാസിനുശേഷം അണുബാധയേറും

അമിതവണ്ണക്കാരില്‍ ബൈപ്പാസിനുശേഷം അണുബാധയേറും

അമിതവണ്ണമുള്ളയാളുകളില്‍ ബൈപ്പാസ് ശസ്ത്രക്രീയയ്ക്ക് ശേഷം അണുബാധയ്ക്ക് സാധ്യതയേറുമെന്ന് പഠനം. ശസ്ത്രക്രീയ കഴിഞ്ഞ് 30 ദിവസത്തിനുള്ളില്‍ ഇത്തരക്കാരില്‍ അണുബാധ കൂടുമെന്നാണ് പഠനം സൂചിപ്പിക്കുന്നത്. ബോഡി മാസ് ഇന്‍ഡക്‌സ് (ബിഎംഐ) സാധാരണ നിലയിലുള്ള രോഗികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ബിഎംഐ 30ല്‍ കൂടുതലുള്ള വ്യക്തികള്‍ക്ക് അണുബാധയ്ക്കുള്ള സാധ്യത ഏകദേശം 1.9 മടങ്ങ് കൂടുമെന്നും കാനഡയിലെ യൂണിവേഴ്‌സിറ്റി ഓഫ് ആല്‍ബര്‍ട്ടയിലെ തസുകു തെരഡ പറയുന്നു.

ഹൃദ്‌രോഗങ്ങള്‍, പൊണ്ണത്തടി എന്നിവയുള്ള രോഗികളില്‍ ആരോഗ്യ സുരക്ഷ മെച്ചപ്പെടുത്താന്‍ മെച്ചപ്പെട്ട അറിവ് ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ബോഡി മാസ് ഇന്‍ഡക്‌സും ബൈപ്പാസ് സര്‍ജറികളും തമ്മിലുള്ള ബന്ധം പരിശോധിക്കാന്‍ 56,722 രോഗികളില്‍ നിന്നുള്ള വിവരങ്ങളാണ് സംഘം വിശകലനം ചെയ്തത്. കനേഡിയന്‍ ഒബീസിറ്റി സമ്മിറ്റില്‍ പഠനഫലങ്ങള്‍ അവതരിപ്പിച്ചു. സര്‍ജറിയെ തുടര്‍ന്നുണ്ടാകുന്ന അണുബാധ രോഗി ആശുപത്രിയില്‍ കഴിയേണ്ട കാലാവധി വര്‍ധിപ്പിക്കുകയും ആശുപത്രി ചെലവുകള്‍ കൂട്ടുകയും ചെയ്യും.

Comments

comments

Categories: FK Special, Life