കേന്ദ്രഭരണ പ്രദേശങ്ങളിലെ കേന്ദ്ര പദ്ധതികള്‍ നിതി ആയോഗ് വിലയിരുത്തും

കേന്ദ്രഭരണ പ്രദേശങ്ങളിലെ കേന്ദ്ര പദ്ധതികള്‍ നിതി ആയോഗ് വിലയിരുത്തും

ന്യൂഡെല്‍ഹി: കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ രാജ്യത്തെ കേന്ദ്രഭരണ പ്രദേശങ്ങളുടെ പ്രകടനം ഓരോ പാദത്തിലും വിലയിരുത്താനൊരുങ്ങി നിതി ആയോഗ്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള പാദത്തിലെ പ്രകടനം വിലയിരുത്തിക്കൊണ്ട് ജൂലൈ മുതലാണ് ഈ പ്രക്രിയ ആരംഭിക്കുന്നത്. എല്ലാ കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും അവരുടെ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട ഡാറ്റ നല്‍കുന്നതിനായി ഒരു ഓണ്‍ലൈന്‍ സജ്ജീകരണമൊരുക്കാനും നിതി ആയോഗ് പദ്ധതിയിടുന്നുണ്ട്.

കേന്ദ്ര ഭരണ പ്രദേശങ്ങളിലെ അധികൃകര്‍ നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും പ്രകടനം വിലയിരുത്തുകയെന്ന് നിതി ആയോഗ് വൃത്തങ്ങള്‍ വ്യക്തമാക്കി. സംസ്ഥാന നിയമസഭകള്‍ ഉള്ളതും ഇല്ലാത്തതുമായ കേന്ദ്രഭരണ പ്രദേശങ്ങള്‍ വിലയിരുത്തപ്പെടും. കേന്ദ്ര ഭരണ പ്രദേശമായ ഡെല്‍ഹിയിയിലും പുതുച്ചേരിയിലും സംസ്ഥാന നിയമസഭകളുണ്ട്. ഭാഗികമായി സംസ്ഥാനത്തിന്റെ പദവിയും ഇവയ്ക്കുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും ലഭിച്ച നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപ്പ് സാമ്പത്തിക വര്‍ഷം മുതല്‍ വിലയിരുത്തല്‍ പ്രക്രിയ ആരംഭിക്കുന്നത്.

കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നടപ്പിലാക്കല്‍, വികസന പരിപാടികളുടെ അളവും പ്രതിഫലനവും തുടങ്ങിയവയെ അടിസ്ഥാനമാക്കിയാണ് വിലയിരുത്തല്‍ നടത്തുക. ചില കേന്ദ്ര പദ്ധതികള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനു വേണ്ട നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിന് 2015 മാര്‍ച്ചില്‍ മുഖ്യമന്ത്രിമാരുടെ ഒരു സമിതിക്ക് നിതി ആയോഗിന്റെ നേതൃത്വത്തില്‍ രൂപം നല്‍കിയിരുന്നു. 2015 ഒക്‌റ്റോബറില്‍ സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. 2016 ഓഗസ്റ്റില്‍ റിപ്പോര്‍ട്ടിലെ പ്രധാന നയ ശുപാര്‍ശകള്‍ കേന്ദ്ര മന്ത്രിസഭ സ്വീകരിച്ചിരുന്നു. എന്നാാല്‍ കേന്ദ്രഭരണ പ്രദേശങ്ങളില്‍ പദ്ധതികള്‍ സംബന്ധിച്ച പല പ്രായോഗിക ആശങ്കകളും തുടരുകയാണെന്നാണ് വിലയിരുത്തല്‍. ഇതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര പദ്ധതികളിന്മേല്‍ മേല്‍നോട്ടം നടത്താനും കേന്ദ്രഭരണ പ്രദേശങ്ങളെ സഹായിക്കാനും നിതി ആയോഗിനോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

കേന്ദ്ര ഭരണ പ്രദേശങ്ങലില്‍ ജന്‍ ധന്‍ യോജന, സ്വച്ഛ് ഭാരത് മിഷന്‍, സര്‍വശിക്ഷാ അഭിയാന്‍ തുടങ്ങിയ പദ്ധതികള്‍ നടപ്പിലാക്കിയത് സംബന്ധിച്ച വിശദാംശങ്ങള്‍ നിതി ആയോഗ് പരിശോധിക്കും. ഏതെങ്കിലും പദ്ധതി നടപ്പിലാക്കുന്നതിലെ വീഴ്ചകള്‍ കണ്ടെത്തിയാല്‍ അവരുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍ നിര്‍ദേശിക്കും.

കേന്ദ്ര പദ്ധതികളുടെ 100 ശതമാനം ഫണ്ടും കേന്ദ്രസര്‍ക്കാര്‍ തന്നെ നല്‍കണമെന്നാണ് കേന്ദ്രഭരണ പ്രദേശങ്ങളുടെ ആവശ്യമെന്ന് മുഖ്യമന്ത്രിമാരുടെ സബ് കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. വളരെ കുറഞ്ഞ ബജറ്റ് വിഹിതത്തില്‍ കേന്ദ്രാവിഷ്‌കൃതമായ നിരവധി പദ്ധതികള്‍ നടപ്പിലാക്കാന്‍ കേന്ദ്രഭരണ പ്രദേശങ്ങള്‍ നിര്‍ബന്ധിതമാകുന്നു. ഇത് അതൃപ്തികരമാണെന്നും സുസ്ഥിരമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഓരോ പ്രദേശത്തെയും സാധ്യതകള്‍ തിരിച്ചറിയുന്നതിനും അതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രയോജനം നേടുന്നതിനും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്ക് അവസരമൊരുക്കണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്തിരുന്നു.

Comments

comments

Categories: Top Stories, World
Tags: NITI Ayog