സൗദിയില്‍ പുതിയ കിരീടാവകാശി ; സല്‍മാന്‍ രാജകുമാരനെ കാത്തിരിക്കുന്ന വെല്ലുവിളികള്‍

സൗദിയില്‍ പുതിയ കിരീടാവകാശി ; സല്‍മാന്‍ രാജകുമാരനെ കാത്തിരിക്കുന്ന വെല്ലുവിളികള്‍

സൗദി അറേബ്യയില്‍ 70-80 വയസുകള്‍ക്കിടയില്‍ പ്രായമുള്ളവരായിരിക്കും പൊതുവേ ഭരണാധികാരികള്‍. ഈ പതിവ് തെറ്റിച്ചു കൊണ്ടാണു ബുധനാഴ്ച 32-കാരനായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനെ പുതിയ കിരീടാവകാശിയാക്കിയത്. സൗദിയില്‍ ഭരണതലത്തില്‍ ആദ്യമായി യുവസാന്നിധ്യം വ്യക്തമാക്കുന്നത്, രാജ്യത്ത് മാറ്റം സംഭവിച്ചിരിക്കുന്നു എന്നു തന്നെയാണ്. സൗദിയുടെ സാമ്പത്തിക പരിഷ്‌കരണ രംഗത്തും നയരൂപീകരണങ്ങളിലും കാതലായ മാറ്റം ഇനി പ്രതീക്ഷിക്കാം.

ബുധനാഴ്ച സൗദിഅറേബ്യയുടെ സല്‍മാന്‍ രാജാവ്, മകനും 32-കാരനുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനെ രാജ്യത്തിന്റെ പുതിയ കിരീടാവകാശിയാക്കുകയുണ്ടായി. മേഖലയിലെ എതിരാളിയായ ഇറാനുമായി സംഘര്‍ഷം വര്‍ധിച്ചിരിക്കുന്ന സാഹചര്യത്തിലാണു സല്‍മാന്‍ രാജാവ് 31 വര്‍ഷം കൈയ്യാളിയിരുന്ന അധികാരം മകനു കൈമാറിയത്. ഈ കൈമാറ്റം എല്ലാവരും പ്രതീക്ഷിച്ചിരുന്നതാണെങ്കിലും ഇതിനായി തെരഞ്ഞെടുത്ത സമയം എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്.

മുഹമ്മദ് ബിന്‍ നയേഫിനെ നീക്കം ചെയ്തു കൊണ്ടാണു സല്‍മാന്‍ രാജകുമാരനെ കിരീടാവകാശിയാക്കിയത്. സൗദിയുടെ ഉപപ്രധാനമന്ത്രിയായും, പ്രതിരോധമന്ത്രിയായും സേവനമനുഷ്്ഠിക്കുകയായിരുന്നു സല്‍മാന്‍ രാജകുമാരന്‍. സല്‍മാനെ പുതിയ കിരീടാവകാശിയാക്കിയതിലൂടെ ഇറാനോടും മേഖലയിലെ മറ്റ് എതിരാളികളോടുമുള്ള സൗദിയുടെ നയങ്ങള്‍ കൂടുതല്‍ കാര്‍ക്കശ്യം നിറഞ്ഞതാകുമെന്ന കാര്യം ഉറപ്പ്.മേഖലയില്‍ ആധിപത്യം സ്ഥാപിക്കാനായി മത്സരിക്കുന്ന പ്രധാനപ്പെട്ട രണ്ട് രാജ്യങ്ങളാണ് ഷിയാ ഭൂരിപക്ഷമുള്ള ഇറാനും സുന്നി ഭൂരിപക്ഷമുള്ള സൗദി അറേബ്യയും. സിറിയയിലും യെമനിലും നടക്കുന്ന ആഭ്യന്തരയുദ്ധത്തില്‍ ഇറാനും സൗദിയും പങ്കെടുക്കുന്നുണ്ട്. പശ്ചിമേഷ്യയില്‍ രാഷ്ട്രീയ സമവാക്യങ്ങള്‍ പൊളിച്ചെഴുതാന്‍ ശ്രമിക്കുകയാണ് ട്രംപ് ഭരണകൂടം. ഇറാനില്‍നിന്നും അകലം പാലിക്കാനും ട്രംപ് ശ്രമിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ മേഖലയിലെ അമേരിക്കയുടെ സഖ്യകക്ഷിയായ സൗദിയുടെ തലവനായി സല്‍മാന്‍ രാജകുമാരന്‍ അധികാരത്തില്‍ വരുന്നതാണു നല്ലതെന്ന അഭിപ്രായം യുഎസ്സിനുമുണ്ട്.

പശ്ചിമേഷ്യയില്‍ പ്രബലശക്തിയാകാനുള്ള ഇറാന്റെ ശ്രമങ്ങള്‍ തകര്‍ക്കുകയെന്നതിനായിരിക്കും സല്‍മാന്‍ രാജകുമാരന്‍ പ്രാധാന്യം കൊടുക്കുക. സുന്നി അറബ് രാജ്യങ്ങള്‍ക്കിടയില്‍ സ്വാധീനം ചെലുത്താനുള്ള ഇറാന്റെ ശ്രമങ്ങള്‍ക്ക് തടയിടാനും സല്‍മാന്‍ ശ്രമിക്കും. 2015 മാര്‍ച്ചില്‍ അന്നു സൗദിയുടെ പ്രതിരോധമന്ത്രിയായിരുന്ന സല്‍മാന്‍ യെമനില്‍ സൈനിക ഇടപെടല്‍ നടത്തിയതും ഇറാന്റെ സ്വാധീന ശക്തി ഇല്ലായ്മ ചെയ്യുക എന്ന ലക്ഷ്യത്തോടെയായിരുന്നു. ഇതു പിന്നീട് ആഭ്യന്തര യുദ്ധത്തിലേക്കും നയിച്ചു. ഈ മാസം അഞ്ചിന് ഖത്തറിനെതിരേ തിരിഞ്ഞതിനു പിന്നിലും കാരണം മറ്റൊന്നല്ല. ഖത്തര്‍ ഇറാനുമായി പുലര്‍ത്തുന്ന സൗഹൃദം സൗദിയെ ആശങ്കപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ഖത്തറിനെതിരേ യുഎഇയുമായി സഹകരിച്ച് നയതന്ത്രബന്ധം വിലക്കിയത്. സൗദിയുടെ തീരുമാനങ്ങള്‍ക്ക് അറബ് മേഖലയിലെ നിരവധി രാജ്യങ്ങള്‍ പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു.

മേഖലയില്‍ തന്ത്രപരമായ സമീപനം സ്വീകരിക്കുന്നതിന്റെ ഭാഗമായി സല്‍മാന്‍ രാജകുമാരന്‍ ജിസിസിയുടെ (ഗള്‍ഫ് കോഓപ്പറേഷന്‍ കൗണ്‍സില്‍) നിയന്ത്രണം പൂര്‍ണമായും സൗദിയുടെ കീഴില്‍ കൊണ്ടുവരാന്‍ ശ്രമിക്കുമെന്നു കരുതപ്പെടുന്നുണ്ട്. സൗദി അറേബ്യയില്‍ 70-80 വയസുകള്‍ക്കിടയില്‍ പ്രായമുള്ളവരായിരിക്കും പൊതുവേ ഭരണാധികാരികള്‍. ഈ പതിവ് തെറ്റിച്ചു കൊണ്ടാണു ബുധനാഴ്ച 32-കാരനായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനെ പുതിയ കിരീടാവകാശിയാക്കിയത്. സൗദിയില്‍ ഭരണതലത്തില്‍ ആദ്യമായി യുവസാന്നിധ്യം വ്യക്തമാക്കുന്നത്, രാജ്യത്ത് മാറ്റം സംഭവിച്ചിരിക്കുന്നു എന്നു തന്നെയാണ്. സൗദിയുടെ സാമ്പത്തിക പരിഷ്‌കരണ രംഗത്തും നയരൂപീകരണങ്ങളിലും കാതലായ മാറ്റം ഇനി പ്രതീക്ഷിക്കാം.

Comments

comments

Categories: World

Related Articles