സ്വയംഭരണവും വിദേശ സര്‍വകലാശാലകളുടെ പങ്കാളിത്തവും വര്‍ധിപ്പിക്കും

സ്വയംഭരണവും വിദേശ സര്‍വകലാശാലകളുടെ പങ്കാളിത്തവും വര്‍ധിപ്പിക്കും
'ഹീര'യ്ക്കു മുമ്പു തന്നെ നിലവാരമുയര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ കര്‍മപരിപാടി നടപ്പാക്കും

ന്യൂഡെല്‍ഹി: ഉന്നത വിദ്യാഭ്യാസ രംഗ നിയന്ത്രണ സംവിധാനം എന്ന നിലയില്‍ പുതിയ ഏജന്‍സി രൂപീകരിച്ച് സമൂലമായ മാറ്റങ്ങള്‍ക്കൊരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ (യുജിസി), അഖിലേന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യുകേഷന്‍ (എഐസിടിഇ) എന്നിവയ്ക്ക് പകരമായി പുതിയ ഏജന്‍സി രൂപീകരിക്കുന്നതിന് സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ട്.

ഹയര്‍ എജുക്കേഷന്‍ എംപവര്‍മെന്റ് റെഗുലേഷന്‍ ഏജന്‍സി അഥവ ഹീര എന്ന പേരിലാണ് പുതിയ ഏജന്‍സി പ്രവര്‍ത്തിക്കുക. ഹീര സ്ഥാപിതമാകുന്നതിനു മുമ്പു തന്നെ ഉന്നത വിദ്യാഭ്യാസ രംഗത്ത് ഹ്രസ്വകാല കര്‍മപരിപാടി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കും. വിദ്യാഭ്യാസ രംഗത്തെ കൂടുതല്‍ സ്വതന്ത്രമാക്കുന്നതിനും ഗുണപരമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനും പത്തോളം കാര്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്.

ഇതിനായുള്ള പദ്ധതികള്‍ മാനവ വിഭവശേഷി വകുപ്പുമായി കൂടിയാലോചിച്ച് നിതി ആയോഗ് തയാറാക്കിയിട്ടുണ്ട്.യുജിസിയുടെയും എഐസിടിഇ നിയന്ത്രണ ചട്ടക്കൂടുകള്‍ മെച്ചപ്പെടുത്തുന്നതിനുള്ള ഹ്രസ്വകാല പദ്ധതികള്‍ നടപ്പാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. വിദേശ സ്ഥാപനങ്ങളുമായി ചേര്‍ന്നുള്ള സംയുക്ത ബിരുദ കോഴ്‌സുകള്‍, ഫുള്‍ ഓണ്‍ലൈന്‍ കോഴ്‌സുകള്‍, ഫാക്കല്‍ട്ടികള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍, പിഎച്ച്ഡി അഡ്മിഷനുകള്‍ തീരുമാനിക്കുന്നതിന് നെറ്റ് (ദേശീയ യോഗ്യത പരീക്ഷ) ഉപയോഗിക്കുക, യുജിസിയും എഐസിടിഇയുമായി ബന്ധപ്പെട്ട ഇന്‍സ്‌പെക്റ്റര്‍ രാജ് അവസാനിപ്പിക്കുക തുടങ്ങിയ കാര്യങ്ങളാണ് പ്രധാന പരിഗണനയിലുള്ളത്.

ഇന്ത്യയിലെ നാഷണല്‍ ബോര്‍ഡ് ഓഫ് അക്രഡിറ്റേഷന്‍ (എന്‍ബിഎ), നാഷനല്‍ അസസ്‌മെന്റ് ആന്‍ഡ് അക്രഡിറ്റേഷന്‍ കൗണ്‍സില്‍ (നാക്) എന്നിവയ്ക്ക് പുറമെ വിവിധ ദേശീയ, അന്താരാഷ്ട്ര ഏജന്‍സികള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം വിലയിരുത്തുന്നതിന് അംഗീകാരം നല്‍കിയിട്ടുണ്ട്. മറ്റു ഏജന്‍സികളുടെ അക്രഡിറ്റേഷന്‍ യുജിസിയുടെ നിബന്ധനകള്‍ക്ക് വിധേയവും സുതാര്യവും വസ്തുനിഷ്ഠവുമാണെന്ന് ഉറപ്പുവരുത്തു. ഓരോ സ്ഥാപനത്തിനും നല്‍കിയ അക്രഡിറ്റേഷന്റെ വിശദാംശങ്ങള്‍ ഓണ്‍ലൈനില്‍ പ്രസിദ്ധികരിക്കും. അഞ്ചുവര്‍ഷത്തിലൊരിക്കല്‍ എല്ലാ സ്ഥാപനത്തിനും അക്രഡിറ്റേഷന്‍ നടത്തണമെന്നും അക്രഡിറ്റേഷന്‍ ഗ്രേഡിന്റെ അടിസ്ഥാനത്തിലാകണം സ്വയംഭരണം നല്‍കേണ്ടത് എന്നുമാണ് നിര്‍ദേശമുയര്‍ന്നിരിക്കുന്നത്.

ഉയര്‍ന്ന അക്രഡിറ്റേഷന്‍ ഗ്രേഡുകള്‍ സ്വന്തമാക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഉയര്‍ന്ന അക്കാദമിക്ക് നിലവാരം, അഡ്മിനിസ്‌ട്രേഷന്‍, സാമ്പത്തികം എന്നിവയില്‍ കൂടുതല്‍ സ്വയംഭരണം അനുവദിക്കും. യുജിസി ഇതു സംബന്ധിച്ച കരട് മാനദണ്ഡങ്ങള്‍ തയാറാക്കിയിട്ടുണ്ട്. ആഗോളതലത്തില്‍ അംഗീകാരമുള്ള ഫാക്കല്‍ട്ടികളെ ആകര്‍ഷിക്കുന്നതിനായി കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കും. ഉയര്‍ന്ന ഗ്രേഡുകളുള്ള ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ക്ക് സ്വന്തം ഫണ്ട് വഴി ഈ നീക്കത്തെ പിന്തുണക്കാന്‍ അനുവദിക്കും. യുജിസി പരിശോധനകള്‍ കൂടുതല്‍ വസ്തുനിഷ്ഠവും സുതാര്യവുമാക്കാനും ഓണ്‍ലൈനില്‍ എല്ലാ പരിശോധന റിപ്പോര്‍ട്ടുകളും പ്രദര്‍ശിപ്പിക്കാനും ലക്ഷ്യമിടുന്നുണ്ട്. യുജിസി പരിശോധനകള്‍ കുറയ്ക്കാനും കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു.

യുജിസി നിലവില്‍ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ക്ക് അംഗീകാരം നല്‍കിയിട്ടില്ല. 100 മുന്‍നിര യൂണിവേഴ്‌സിറ്റികളിലെ നിലവാരവുമായി പൊരുത്തപ്പെടുന്ന തരത്തില്‍ ഓണ്‍ലൈന്‍ പ്രോഗ്രാമുകള്‍ നടത്താന്‍ മുന്‍നിര സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കുന്നതിന് യുജിസി ഇപ്പോള്‍ അനുകൂല നിലപാടെടുത്തിട്ടുണ്ട്. പ്രാക്റ്റിക്കല്‍ ക്ലാസുകള്‍ ആവശ്യമില്ലാത്ത കോഴ്‌സുകളാണ് പൂര്‍ണമായും ഓണ്‍ലൈനില്‍ നടത്താന്‍ അനുവദിക്കുക. ഓണ്‍ലൈന്‍ കോഴ്‌സുകള്‍ക്കും സുതാര്യമായ അക്രഡിറ്റേഷനും ഗ്രേഡിംഗും നടപ്പാക്കും.

ഭൂമിശാസ്ത്രപരമായി സവിശേഷ പ്രാധാന്യം നല്‍കുന്ന മേഖലകളില്‍ ഓഫ് കാംപസുകള്‍ തുറക്കാന്‍ ഉന്നതവിദ്യാഭ്യാസശാലകള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. സ്വയംഭരണ കോളേജുകള്‍ക്കായുള്ള നിലവിലെ യുജിസി ചട്ടങ്ങള്‍ മാറ്റി കൂടുതല്‍ കാര്യക്ഷമമായവ അവതരിപ്പിക്കാനാണ് ശ്രമിക്കുന്നത്. സ്വന്തം നിലയില്‍ ഇന്നൊവേറ്റിവ് ആയ പുതിയ ഡിഗ്രി പ്രോഗ്രാമുകള്‍ അവതരിപ്പിക്കുന്നതിന് സ്വയംഭരണ സ്ഥാപനങ്ങളെ അനുവദിക്കും.

ഉന്നത വിദ്യാഭ്യാസ രംഗത്തെ ആഗോള റാങ്കിംഗില്‍ ആദ്യ 500 സ്ഥാനങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ള വിദേശ സ്ഥാപനങ്ങളുമായി മാത്രമാണ് അക്കാഡമിക് സഹകരണം അനുവദിക്കുക. വിദേശ സര്‍വകലാശാലകളുമായി സഹകരിച്ച് ബിരുദ കോഴ്‌സുകള്‍ ആരംഭിക്കുന്നതിനുള്ള സാധ്യതകളും പരിശോധിക്കുന്നു. ഒരു സ്ഥാപനത്തിന്റെയും അക്കാഡമിക് മേധാവിക്ക് രണ്ടു ടേമിലധികം കാലാവധി നീട്ടിനല്‍കേണ്ടെന്നും നിര്‍ദേശമുണ്ട്. അസാമാന്യമായ രീതിയില്‍ സ്ഥാപനത്തിന്റെ അക്രഡിറ്റേഷന്‍ ഗ്രേഡിംഗ്, റാങ്കിംഗ് എന്നിവയില്‍ വളര്‍ച്ചയുണ്ടായാല്‍ മാത്രമാണ് ഇതില്‍ ഇളവനുവദിക്കുക.

Comments

comments

Categories: Top Stories, World