ചൈനയില്‍ പ്ലാന്റ് തുടങ്ങാന്‍ ടെസ്‌ല

ചൈനയില്‍ പ്ലാന്റ് തുടങ്ങാന്‍ ടെസ്‌ല

ഇന്ത്യയില്‍ പ്ലാന്റ് തുടങ്ങുന്ന കാര്യം അനിശ്ചിതാവസ്ഥയിലായെങ്കിലും ചൈനയില്‍ ഉടന്‍ പ്രവര്‍ത്തനം തുടങ്ങാനാണ് ഇലോണ്‍ മസ്‌കിന്റെ ടെസ്ല ശ്രമിക്കുന്നത്

കാലിഫോര്‍ണിയ: ചൈനയില്‍ വാഹനങ്ങള്‍ നിര്‍മിക്കുന്നതിന് കൂടുതല്‍ നീക്കങ്ങളുമായി ടെസ്‌ല മുന്നോട്ട്. ഇതുവഴി ലോകത്തിലെ ഏറ്റവും വലിയ വാഹന വിപണിയിലേക്കാണ് ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളായ ടെസ്‌ല പ്രവേശിക്കുന്നത്.കരാര്‍പ്രകാരം ലിന്‍ഗാഗ് വികസന മേഖലയിലാണ് ടെസ്‌ല നിര്‍മാണ സൗകര്യങ്ങള്‍ സ്ഥാപിക്കുന്നത്. ഇത് ഈ ആഴ്ച തന്നെ ആരംഭിക്കും. ഇതിന്റെ വിശദാംശങ്ങള്‍ അന്തിമരൂപത്തിലാണ്. പ്രഖ്യാപനത്തിന്റെ സമയത്തില്‍ മാറ്റമുണ്ടായേക്കാം .നിലവിലെ ചട്ടങ്ങള്‍ പ്രകാരം കുറഞ്ഞത് ഒരു പ്രാദേശിക പങ്കാളിയോടൊപ്പമാണ് ടെസ്‌ല സംയുക്ത സംരംഭം സ്ഥാപിക്കേണ്ടത്. എന്നാലത് ആരെന്ന കാര്യം വ്യക്തമല്ല.

ടെസ്‌ലയുടെ വളര്‍ച്ചയില്‍ നിര്‍ണായക ഘടകമായി മാറും ചൈനയിലെ പ്ലാന്റ് എന്നാണ് കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും ലോകപ്രശസ്ത ഇന്നൊവേഷന്‍ പ്രചാരകനുമായ ഇലോണ്‍ മസ്‌ക് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം ടെസ്‌ലയുടെ വരുമാനത്തില്‍ മൂന്നിരട്ടി വര്‍ധനവാണ് രേഖപ്പെടുത്തിയത്. പ്രാദേശികമായി നിര്‍മിക്കുന്ന വാഹനങ്ങള്‍ വഴി കമ്പനിക്ക് 25 ശതമാനം ഇറക്കുമതി നികുതി ഒഴിവാക്കാന്‍ സാധിക്കും.

ഊര്‍ജക്ഷമതയുള്ള വാഹനങ്ങള്‍ തന്ത്രപരമായി വളരുന്ന വ്യവസായമാണെന്ന്് ചൈന തിരിച്ചറിഞ്ഞിട്ടുണ്ട്. ഹൈബ്രിഡ് വാഹനങ്ങളുടെയും പൂര്‍ണ ഇലക്ട്രിക് കാറുകളുടെയും വാര്‍ഷിക വില്‍പന അടുത്ത ദശാബ്ദത്തില്‍ പത്ത് മടങ്ങായി വര്‍ധിപ്പിക്കാനും ചൈന ലക്ഷ്യമിടുന്നുണ്ട്.

വില കൂടിയ എന്നാല്‍ ഊര്‍ജ്ജക്ഷമതയും പ്രകൃതി സൗഹൃദവുമായ ടെസ്‌ലയുടെ കാറുകള്‍ സാധാരണക്കാരിലേക്ക് ഇതുവരെ എത്തിയിട്ടില്ല. ബഹുജന വിപണിയെന്ന സ്വപ്‌നമാണ് ഇപ്പോള്‍ മസ്‌ക് കാണുന്നത്. എന്നാല്‍ ഇതിന് കാറുകളുടെ വില കുറയ്ക്കുകയെന്നത് നിര്‍ണായകമാണ്. താങ്ങാവുന്ന വിലയുള്ളതും ലളിതവുമായ ഇലക്ട്രിക് സെഡാനായ മോഡല്‍ 3 അടുത്ത മാസം ടെസ്‌ല പുറത്തിറക്കും. മോഡല്‍ 3 ചൈനയില്‍ ടെസ്‌ല ഇതുവരെ അവതരിപ്പിച്ചിട്ടില്ല. ഈ വാഹനത്തിനായി യുഎസ് ഉപഭോക്താക്കളുടെ നീണ്ടനിര തന്നെയുണ്ട്.

മാര്‍ച്ചില്‍ ചൈനയിലെ ഏറ്റവും വലിയ ഇന്റര്‍നെറ്റ് കമ്പനിയായ ടെന്‍സെന്റ് ഹോള്‍ഡിംഗ്‌സ് ടെസ്‌ലയിലെ 5 ശതമാനം ഓഹരികള്‍ 1.8 ബില്യണ്‍ ഡോളറിന് വാങ്ങിയിരുന്നു. 2016ല്‍ ഏകദേശം 80,000 കാറുകളാണ് ടെസ്‌ല നിര്‍മിച്ചത്. 2018 ആകുമ്പേഴേക്കും ഇത് 7 മടങ്ങായി വര്‍ധിപ്പിച്ച് 500,000 ആക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

Comments

comments

Categories: Business & Economy