നോട്ട് അസാധുവാക്കല്‍ ജിഡിപിയെ നന്നായി ബാധിച്ചു: ഫിച്ച്

നോട്ട് അസാധുവാക്കല്‍ ജിഡിപിയെ നന്നായി ബാധിച്ചു: ഫിച്ച്

ആദ്യപാദത്തിലെ ജിഡിപി വളര്‍ച്ചാ നിരക്ക് 2014ന് ശേഷമുള്ള ഏറ്റവും മോശമായ അവസ്ഥയില്‍. ജിഎസ്ടിയിലൂടെ രാജ്യം കുതിപ്പ് വീണ്ടെടുക്കും

മുംബൈ: നടപ്പു വര്‍ഷം ആദ്യ പാദത്തില്‍ ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനം താഴ്ന്ന നിരക്കിലെന്ന് ഫിച്ച് റേറ്റിംഗ്‌സ്. 2014 നാലാം പാദം മുതലുള്ള കണക്കനുസരിച്ച് ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്കാണ് ഈ പാദത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളതെന്ന് ആഗോള ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ ഫിച്ചിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2017ന്റെ ആദ്യ ത്രൈമാസത്തില്‍ 6.1 ശതമാനത്തിന്റെ വാര്‍ഷിക വളര്‍ച്ചയാണ് ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തില്‍ ഉണ്ടായത്.

ആഗോള സാമ്പത്തിക വളര്‍ച്ചയില്‍ ശക്തമായ വീണ്ടെടുപ്പ് അനുഭവപ്പെടുന്നതായും ഫിച്ച് വ്യക്തമാക്കുന്നു. തിങ്കളാഴ്ചയാണ് ഇതു സംബന്ധിച്ച ആഗോള സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് ഫിച്ച് പുറത്തിറക്കിയത്. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ചയില്‍ കാര്യമായ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നത്. 2016ന്റെ നാലാം ത്രൈമാസ പാദത്തില്‍ 7.0 ശതമാനം വളര്‍ച്ചാ നിരക്കാണ് ജിഡിപിയിലുണ്ടായത്. നടപ്പു വര്‍ഷം ആദ്യ പാദത്തില്‍ വളര്‍ച്ചയുടെ വേഗം കുറഞ്ഞതായും വളര്‍ച്ചാ നിരക്ക് 6.1 ശതമാനത്തിലേക്ക് താഴ്ന്നതായും ഫിച്ച് വ്യക്തമാക്കുന്നു. 2014ലെ നാലാം ത്രൈമാസം മുതലുള്ളതില്‍ ഏറ്റവും താഴ്ന്ന സാമ്പത്തിക വളര്‍ച്ചാ നിരക്കാണ് ഈ വര്‍ഷം ആദ്യം രേഖപ്പെടുത്തിയിട്ടുള്ളതെന്നും ഫിച്ച് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

ആഭ്യന്തര ആവശ്യകതയിലുണ്ടായ ഇടിവാണ് ജിഡിപിയില്‍ പ്രതിഫലിച്ചിരിക്കുന്നതെന്നാണ് ഫിച്ചിന്റെ നിഗമനം. കഴിഞ്ഞ വര്‍ഷം നവംബര്‍ എട്ടാം തീയതി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ സാമ്പത്തിക പരിഷ്‌കരണ നയത്തിന്റെ ഫലമായാണ് ആഭ്യന്തര വിപണിയില്‍ ഉപഭോക്തൃ ആവശ്യകത കുറഞ്ഞതെന്നും, വിനിമയത്തിലുള്ള 86 ശതമാനം നോട്ടുകളും പിന്‍വലിച്ചുകൊണ്ട് സര്‍ക്കാര്‍ നടപ്പാക്കിയ പരിഷ്‌കരണം ഉപഭോക്തൃ ചെലവിടലില്‍ വലിയ സ്വാധീനം ചെലുത്തിയതായും റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നു.

2016 നാലാം പാദത്തില്‍ 11.3 ശതമാനമായിരുന്ന ഉപഭോഗ വളര്‍ച്ചാ നിരക്ക് നോട്ട് അസാധുവാക്കല്‍ നയത്തെ തുടര്‍ന്ന് ആദ്യ പാദത്തില്‍ 7.3 ശതമാനത്തിലേക്ക് ഇടിഞ്ഞു. നിര്‍മാണ പ്രവര്‍ത്തനങ്ങളിലും നോട്ട് അസാധുവാക്കല്‍ പ്രതിഫലിച്ചു. മുന്‍ വര്‍ഷങ്ങളില്‍ നിന്നും അസാധാരാണമായി 3.7 ശതമാനത്തിന്റെ വാര്‍ഷിക ഇടിവാണ് ഈ മേഖലയിലുണ്ടായതെന്നും ഫിച്ച് ചൂണ്ടിക്കാട്ടുന്നു. നിര്‍മാണ രംഗത്തെ ക്ഷീണം നോട്ട് പിന്‍വലിക്കലിന്റെ ആഘാതമായേക്കുമെന്നും എന്നാല്‍ നിക്ഷേപത്തില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഞെരുക്കം നേരിടുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ധന നയത്തില്‍ നിന്നുള്ള പിന്തുണയുടെയും ഘടനാപരമായ പരിഷ്‌കരണങ്ങള്‍ നടപ്പിലാക്കുന്നതിന്റെയും പശ്ചാത്തലത്തില്‍ നിലവിലെ അവസ്ഥയില്‍ നിന്നും നിക്ഷേപം ക്രമേണ ഉയരുമെന്ന പ്രതീക്ഷയും ഫിച്ച് റിപ്പോര്‍ട്ട് പങ്കുവെക്കുന്നു.

സ്വാതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ നികുതി പരിഷ്‌കരണം ജൂലൈ ഒന്നിന് തന്നെ പ്രാബല്യത്തില്‍ വരുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടുള്ളത്. ഇന്ത്യയിലെ വ്യാപാര പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനും വ്യാപാര ഇടപാടുകളുടെ ചെലവ് ചുരുക്കുന്നതിനും ജിഎസ്ടി സഹായിക്കും. അടിസ്ഥാനസൗകര്യ മേഖലയിലുള്ള പൊതുചെലവിടലും നിക്ഷേപവും വര്‍ധിക്കുന്നതിനും ജിഎസ്ടി വഴിയൊരുക്കും. ജിഡിപി വളര്‍ച്ചയില്‍ ഒരു വീണ്ടെടുപ്പ് സാധ്യമാക്കുന്നതിനും ഏകീകൃത ചരക്ക് സേവന നികുതി സഹായകമാകുമെന്നാണ് ഫിച്ച് റിപ്പോര്‍ട്ടും ആവര്‍ത്തിക്കുന്നത്. അടുത്ത രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലും ഇന്ത്യ 7.4, 7.6 ശതമാനത്തിന്റെ വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തുമെന്നാണ് ഫിച്ചിന്റെ പ്രവചനം.

ഫിച്ച് റിപ്പോര്‍ട്ട് പ്രകാരം ആഗോള സാമ്പത്തിക വളര്‍ച്ചാ നിരക്ക് ശക്തമാണ്. നടപ്പു വര്‍ഷം ഇത് 2.9 ശതമാനത്തിലും 2018ല്‍ വളര്‍ച്ചാ നിരക്ക് 2010 മുതലുള്ള ഏറ്റവും ഉയര്‍ന്നാ നിരക്കായ 3.1 ശതമാനത്തിലും എത്തുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. വികസിത, വികസ്വര വിപണികളുടെ പ്രകടനം മെച്ചപ്പെട്ടതാണ് ആഗോള വളര്‍ച്ചയുടെ വേഗം കൂട്ടിയതെന്നും, വന്‍ പരിഷ്‌കരണങ്ങളും ശക്തമായ തൊഴില്‍ വിപണിയും വികസിത രാജ്യങ്ങളിലെ ഉപഭോക്തൃ ആവശ്യകതയെ പിന്തുണയ്ക്കുന്നതായും ഫിച്ച് ചീഫ് ഇക്കണോമിസ്റ്റ് ബ്രിയാന്‍ കൗള്‍ടണ്‍ അഭിപ്രായപ്പെട്ടു.

Comments

comments

Categories: Business & Economy