വെങ്കടേശ് പത്മനാഭന്‍ ഈഥര്‍ എനര്‍ജി സിഒഒ

വെങ്കടേശ് പത്മനാഭന്‍ ഈഥര്‍ എനര്‍ജി സിഒഒ

റോയല്‍ എന്‍ഫീല്‍ഡിന്റെ മുന്‍ മേധാവിയാണ് വെങ്കടേശ് പത്മനാഭന്‍

ബെംഗളൂരു :ഹീറോ മോട്ടോകോര്‍പ്പ് പിന്തുണയ്ക്കുന്ന ഇലക്ട്രിക് ഇരുചക്ര വാഹന സ്റ്റാര്‍ട്ടപ്പായ ഈഥര്‍ എനര്‍ജിയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി ഡോ. വെങ്കടേശ് പത്മനാഭനെ നിയമിച്ചു. റോയല്‍ എന്‍ഫീല്‍ഡിന്റെ മുന്‍ മേധാവിയാണ് വെങ്കി എന്നറിയപ്പെടുന്ന വെങ്കടേശ് പത്മനാഭന്‍. വിതരണ ശൃംഖല, ഗുണമേന്‍മ, ഉല്‍പ്പാദനം, സര്‍വീസ് ഡെലിവറി എന്നിവയുടെ ചുമതലയാണ് വെങ്കടേശ് പത്മനാഭന് ഈഥര്‍ നല്‍കിയിരിക്കുന്നത്.

ഈഥര്‍ എനര്‍ജി സ്ഥാപിച്ചതിലൂടെ തരുണ്‍ മേഹ്ത്ത, സ്വപ്‌നില്‍ ജെയ്ന്‍ എന്നിവര്‍ മഹത്തായ കാര്യമാണ് ചെയ്തിരിക്കുന്നതെന്ന് വെങ്കടേശ് പത്മനാഭന്‍ പറഞ്ഞു. മികച്ച ബ്രാന്‍ഡ്, ഡിസൈന്‍, എന്‍ജിനീയറിംഗ് കഴിവ് എന്നിവ ഈഥറില്‍ പ്രകടമാണ്. ഈഥറിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്താന്‍ കഴിയുമെന്നതുകൊണ്ടാണ് കമ്പനിയുമായി ചേര്‍ന്നുപ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.

ജനറല്‍ മോട്ടോഴ്‌സില്‍ 15 വര്‍ഷം പ്രവര്‍ത്തിച്ചശേഷം 2004 ല്‍ വെങ്കടേശ് പത്മനാഭന്‍ ഡയ്മ്‌ലര്‍-ക്രിസ്‌ലറിന്റെ ക്രിസ്‌ലര്‍ ഡിവിഷനില്‍ ചേര്‍ന്നിരുന്നു. തുടര്‍ന്ന് മെഴ്‌സിഡസിന്റെ കാര്‍ ഡിവിഷനില്‍ പ്രവര്‍ത്തിച്ചു. 2007 ലാണ് ഇന്ത്യയിലെത്തുന്നത്. ചെന്നൈയില്‍ സ്ഥാപിച്ച ക്രിസ്‌ലറിന്റെ ആദ്യ സൗത്ത് ഈസ്റ്റ് ഏഷ്യ ഗ്ലോബല്‍ സോഴ്‌സിംഗ് സെന്ററിന്റെ മാനേജിംഗ് ഡയറക്റ്ററായാണ് ഇന്ത്യയിലെത്തിയത്.

2008 ലാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ സിഒഒ ആകുന്നത്. 2011 ല്‍ സിഇഒ ആയി ഉദ്യോഗക്കയറ്റം ലഭിച്ചു. ഈ സമയത്താണ് റോയല്‍ എന്‍ഫീല്‍ഡ് ക്ലാസ്സിക്, തണ്ടര്‍ബേഡ് സിംഗിള്‍-സിലിണ്ടര്‍ യുസിഇ മോട്ടോര്‍സൈക്കിളുകള്‍ കമ്പനി പുറത്തിറക്കുന്നത്. വില്‍പ്പനയില്‍ മൂന്ന് മടങ്ങ് വര്‍ധനവും ലാഭത്തില്‍ ഇരുപത് മടങ്ങ് വര്‍ധനവും കരസ്ഥമാക്കുന്നതിന് ഈ മോഡലുകള്‍ റോയല്‍ എന്‍ഫീല്‍ഡിനെ സഹായിച്ചിരുന്നു.

 

Comments

comments

Categories: Auto