യോഗ്യരാവാം യോഗയിലൂടെ

യോഗ്യരാവാം യോഗയിലൂടെ
ആയുസും ആരോഗ്യവും പ്രദാനം ചെയ്യുക എന്ന യോഗയുടെ മുഖ്യ ലക്ഷ്യം പകര്‍ന്നു നല്‍കി 
മറ്റൊരു യോഗാദിനം കൂടി കടന്നുവരികയാണ് ജൂണ്‍ 21ന്. കോഴിക്കോട് 15000 പേര്‍ അന്നേ 
ദിവസം മൂന്നു സെന്ററുകളിലായി യോഗാഭ്യാസം നടത്തും

ആര്യ ചന്ദ്രന്‍

യോഗ എന്തെന്നും അതിന്റെ പ്രാധാന്യവും നാം ഓരോരുത്തരേയും ഓര്‍മ്മപ്പെടുത്തി മറ്റൊരു യോഗാദിനം കൂടി കടന്നുവരികയാണ്. ജൂണ്‍ 21 ന് മൂന്നാമത് അന്താരാഷ്ട്ര യോഗാദിനമാണ് ലോകമെമ്പാടും ആചരിക്കുന്നത്. 2014 ഡിസംബര്‍ 11 ന് യുണൈറ്റഡ് നേഷന്‍ ജനറല്‍ അസംബ്ലി ഐകകണ്‌ഠേന യോഗ ദിനം അംഗീകരിച്ചതോടെ യാഥാര്‍ഥ്യമായത് ഇന്ത്യയുടെ വാനോളം ഉയര്‍ന്ന പ്രതീക്ഷകളും സ്വപ്‌നങ്ങളുമായിരുന്നു.ഭാരതീയ പൗരാണിക ആരോഗ്യ പരിപാലനങ്ങളില്‍ ഒന്നായാണ് യോഗ അറിയപ്പെടുന്നത്. ആയുര്‍േവദം കഴിഞ്ഞാല്‍ ഭാരതം ലോകത്തിനു നല്‍കിയ ഒരേട്. യോഗ എന്ന വാക്കിന്റെ അര്‍ഥം ചേര്‍ച്ച എന്നാണ്. തിരക്കിട്ട ജീവിതത്തിനിടെ നമ്മളെ ബാധിക്കുന്ന മാനസിക പിരിമുറുക്കത്തിനെ ഇല്ലാതാക്കാന്‍ യോഗയ്ക്ക് സാധിക്കും. യോഗയ്ക്ക് മാത്രമാണ് ഇന്ന് അത് സാധ്യം എന്നു പറയുന്നതിലും തെറ്റില്ല. ലോകത്തിലെ സര്‍വവിധ പ്രശ്‌നങ്ങള്‍ക്കുമുള്ള ഒറ്റമൂലിയാണ് യോഗ എന്നാണ് പല യോഗാചാര്യന്മാരും പറയുന്നത്.

ആധുനിക വൈദ്യശാസ്ത്രത്തെ അപേക്ഷിച്ച് വളരെ പുരാതനമായ ഒരു ചരിത്രം തന്നെ പറയാനുണ്ട് യോഗയ്ക്ക്. 5000 വര്‍ഷം പഴക്കമുള്ള ഒരു ഭാരതീയ ജ്ഞാനമാണിത്. നമ്മുടെ പൂര്‍വികരായ ഋഷിമാര്‍ ദീര്‍ഘകാലത്തെ ധ്യാനത്തിലൂടെ നേടിയെടുത്ത വിജ്ഞാനം. വാമൊഴിയിലൂടെ നമുക്ക് പകര്‍ന്നു കിട്ടിയ ഈ അറിവ് പിന്നീട് താളിയോലഗ്രന്ഥങ്ങളിലൂടെ രചിക്കപ്പെട്ടു. തലമുറകളായി ഫലം കണ്ടു വരുന്ന ഒരു ചികിത്സാ മാര്‍ഗമാണ് യോഗ. യോഗയില്‍ പ്രഭഗത്ഭമാരായ നിരവധി ആചാര്യന്‍മാരും മഹര്‍ഷിമാരും ഉണ്ടെങ്കിലും യോഗ പിതാവ് എന്നറിയപ്പെടുന്നത് പതഞ്ജലി മഹര്‍ഷിയാണ്. മനുഷ്യനെ ശാരീരികവും മാനസികവും ആത്മീയവുമായ ഉന്നതിയിലേക്ക് നയിക്കുക എന്ന ഉദ്ദേശ്യത്തോടു കൂടി അദ്ദേഹം രചിക്കപ്പെട്ട കൃതിയാണ് അഷ്ടാംഗയോഗ. പതഞ്ജലി യോഗശാസ്ത്രം എന്നും ഇത് അറിയപ്പെടുന്നുണ്ട്. ആയുസും ആരോഗ്യവും പ്രദാനം ചെയ്യുക എന്നതാണ് യോഗയുടെ മുഖ്യ ലക്ഷ്യം. ഇതിനുള്ള മാര്‍ഗങ്ങളാണ് യോഗശാസ്ത്രങ്ങളില്‍ പ്രതിപാദിച്ചിരിക്കുന്നത്. ആസന പ്രാണായാമാദികളാണ് യോഗാസനത്തില്‍ പ്രധാനികള്‍. യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നീ എട്ട് ഘടകങ്ങള്‍ ആണ് യോഗയില്‍ പ്രധാനം. അതില്‍ യമം, നിയമം, ആസനം, പ്രാണായാമം എന്നിവ സാധാരണ ജീവിതം നയിക്കുന്നവര്‍ക്കും പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നിവ സന്യാസിമാര്‍ക്കും ആത്മീയതയില്‍ കഴിയുന്നവര്‍ക്കുമാണ് പ്രയോജനപ്പെടുന്നത്. ഒരാള്‍ യോഗ എന്തെന്ന് അറിയുന്നതിനു മുമ്പ് പഠിച്ചിരിക്കേണ്ട രണ്ട് ഘടകങ്ങളാണ് യമം, നിയമം എന്നിവ. അത് അറിഞ്ഞതിനു ശേഷം മാത്രമാണ് യോഗയിലേക്ക് കടക്കുക.

കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്നും വളരെ വ്യത്യസ്തമായാണ് ഇത്തവണ കോഴിക്കോട് യോഗാ ദിനത്തില്‍ നടക്കുന്ന പരിപാടികള്‍. കോഴിക്കോടുള്ള എല്ലാ യോഗാ വിദ്യാലയങ്ങളും ഒരുമിച്ചാണ് ഇത്തവണത്തെ യോഗാ ആഘോഷങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഇരുപത്തിയഞ്ചോളം യോഗാ സെന്ററുകളാണ് 21ാം തീയതി ഒരുമിച്ചു ചേര്‍ന്ന് യോഗ അവതരിപ്പിക്കുന്നത്. അന്നത്തെ ക്ലാസുകള്‍ എടുക്കാനായി നൂറോളം ആളുകള്‍ക്ക് പരിശീലനവും നല്‍കി കഴിഞ്ഞു. ഇവരില്‍ ഓരോരുത്തര്‍ക്കു കീഴിലും 25 പേരടങ്ങുന്ന മൂന്നു യൂണിറ്റുകള്‍ ചേര്‍ന്ന് 15000 പേര്‍ക്ക് യോഗ പരിശീലനം നല്‍കാനാണ് ലക്ഷ്യമിടുന്നത്. ഇതാദ്യമായാണ് കോഴിക്കോട് ഇത്രയും ആളുകള്‍ ഒരുമിച്ച് ചേര്‍ന്ന് യോഗദിന പരിപാടികള്‍ നടക്കുന്നത്. 1999 സെപ്റ്റബറില്‍ കോഴിക്കോട് പ്രവര്‍ത്തനം തുടങ്ങിയ വിവേകാനന്ദ യോഗാവിദ്യാപീഠം ആണ് ഇതിനായി മുന്‍കൈ എടുത്തത്. രാവിലെ 7 മണി മുതല്‍ 8.30 വരെ സ്‌നേഹാഞ്ജലി ഓഡിറ്റോറിയം, ജൂബിലി ഹാള്‍, ഇന്‍ഡോര്‍ സ്‌റ്റേഡിയം എന്നിവിടങ്ങളിലായി യോഗക്ലാസുകള്‍ നടക്കും.കോഴിക്കോട് ആദ്യമായാണ് ഇത്തരത്തില്‍ വലിയ ഒരു യോഗ ക്ലാസ് നടക്കുന്നതെന്നും കൂടുതല്‍ ആളുകള്‍ക്ക് യോഗ എന്തെന്നും അത് അറിയാനും ഇതുവഴി സാധിക്കുമെന്നും കോഴിക്കോട് ജില്ലാ കലക്ടര്‍ യു വി ജോസ് പറഞ്ഞു. ‘എല്ലാവരിലും പോസിറ്റീവ് എന്‍ര്‍ജി ഉണ്ടാക്കിയെടുക്കാന്‍ യോഗയ്ക്ക് മാത്രമാണ് ഇന്ന് സാധ്യം. അതിനായി 21-ാം തീയതി കോഴിക്കോടുള്ള പരമാവധി ആളുകളെയും ഈ യോഗ ക്ലാസുകളില്‍ ഉള്‍പ്പെടുത്താന്‍ ഞങ്ങള്‍ ശ്രമിക്കുന്നുണ്ട്. കോഴിക്കോട്ടുള്ള ഇരുപത്തിയഞ്ചോളം യോഗ സെന്ററുകള്‍ ആണ് ജൂണ്‍ 21 ഒരുമിക്കുന്നത്. 15000 ല്‍ പരം ആളുകള്‍ക്ക് യോഗ പരിശീലനം നല്‍കാനാണ് ഉദ്ദേശിക്കുന്നത്. യോഗ എന്നത് വ്യായമത്തിലുപരി ഒരു ജീവിത രീതിയായി ആളുകള്‍ മാറ്റണം. യോഗ നല്ല ആരോഗ്യവും മനസും ഒപ്പം നല്ലൊരു മനുഷ്യനെയും സൃഷ്ടിക്കുന്നു എന്നു പറയാം’ കളക്റ്റര്‍ പറഞ്ഞു.

എല്ലാവരിലും പോസിറ്റീവ് എന്‍ര്‍ജി ഉണ്ടാക്കിയെടുക്കാന്‍ യോഗയ്ക്ക് മാത്രമാണ് ഇന്ന് സാധ്യം. യോഗ എന്നത് വ്യായമത്തിലുപരി ഒരു ജീവിത രീതിയായി ആളുകള്‍ മാറ്റണം. യോഗ നല്ല ആരോഗ്യവും മനസും ഒപ്പം നല്ലൊരു മനുഷ്യനെയും സൃഷ്ടിക്കുന്നു എന്നു പറയാം. യോഗാദിനത്തില്‍ 15000 ല്‍ പരം ആളുകള്‍ക്ക് യോഗ പരിശീലനം നല്‍കാനാണ് ഉദ്ദേശിക്കുന്നത്

– യു വി ജോസ്, ജില്ലാ കളക്റ്റര്‍, കോഴിക്കോട്

Comments

comments

Categories: FK Special, Motivation
Tags: Yoga