വാംബിയറുടെ മരണം: ചൈനയ്ക്കു മേല്‍ യുഎസ് സമ്മര്‍ദ്ദമേറും

വാംബിയറുടെ മരണം: ചൈനയ്ക്കു മേല്‍ യുഎസ് സമ്മര്‍ദ്ദമേറും
യുഎസും ചൈനയും ചേര്‍ന്നു സര്‍വ ശക്തിയുമുപയോഗിച്ച് ഉത്തര കൊറിയയെ നയതന്ത്ര, 
സാമ്പത്തിക തലത്തില്‍ അമര്‍ച്ച ചെയ്യേണ്ട സാഹചര്യമാണിതെന്നു പൊതുവേ 
അഭിപ്രായമുയര്‍ന്നിട്ടുണ്ട്. വാംബിയറുടെ മരണത്തോടെ ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന 
വെല്ലുവിളിയെ നേരിടേണ്ടതു ചര്‍ച്ചകള്‍ നടത്തിയും പ്രസ്താവനകള്‍ പുറത്തിറക്കിയുമല്ലെന്നു 
വാഷിംഗ്ടണിനു ബോദ്ധ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വാഷിംഗ്ടണിനെ സഹായിക്കാന്‍ 
ബെയ്ജിംഗിനു മാത്രമാണു സാധിക്കുന്നത്. 

വാഷിംഗ്ടണില്‍ വച്ചു ചൈനയുടെയും യുഎസിന്റെയും പ്രതിരോധ-നയതന്ത്ര മേധാവികള്‍ ഇന്നു കൂടിക്കാഴ്ച നടത്താനിരിക്കവേ, ഓട്ടോ വാംബിയര്‍ എന്ന 22-കാരനായ യുഎസ് വംശജന്റെ മരണം ചര്‍ച്ചാവിഷയമാകും. പ്രകോപനം സൃഷ്ടിച്ചു പുരോഗമിക്കുന്ന ഉത്തര കൊറിയയുടെ ആണവ മിസൈല്‍ പദ്ധതികളെ തടയിടാനും മേഖലയില്‍ സമാധാനം കൈവരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനുമാണു ചര്‍ച്ച സംഘടിപ്പിച്ചിരിക്കുന്നത്. യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് റെക്‌സ് ടില്ലേഴ്‌സന്‍, പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ്, ചൈനീസ് സ്റ്റേറ്റ് കൗണ്‍സിലര്‍ യാങ് ജിയേച്ചി, ചൈനീസ് സൈനിക മേധാവി ജനറല്‍ ഫാങ് ഫെങ്ഗുയി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്.
ഉത്തര കൊറിയയില്‍ സഹപാഠികളുമൊത്തു സന്ദര്‍ശനം നടത്തി മടങ്ങവേ, 2016 ജനുവരിയിലാണു യൂണിവേഴ്‌സിറ്റി ഓഫ് വിര്‍ജിനിയയിലെ വിദ്യാര്‍ഥിയായ വാംബിയര്‍ ഉത്തര കൊറിയന്‍ തലസ്ഥാനമായ പ്യോംഗാങിലുള്ള വിമാനത്താവളത്തില്‍ വച്ചു പിടിയിലായത്. പ്യോംഗാങിലുള്ള ഹോട്ടലില്‍ താമസിക്കവേ, വാംബിയര്‍ ഒരു പ്രചാരണ പോസ്റ്റര്‍ (propaganda poster) മോഷ്ടിച്ചെന്ന കാരണം ചൂണ്ടിക്കാണിച്ചാണു പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്നു വാംബിയറെ ഉത്തര കൊറിയയിലുള്ള കോടതിയില്‍ ഹാജരാക്കി വിചാരണ ചെയ്തു. 2016 മാര്‍ച്ചില്‍ വിചാരണ പൂര്‍ത്തിയാക്കുകയും വാംബിയറെ പത്ത് മാസത്തേയ്ക്കു കഠിന ജോലിക്കു(hard labour) ശിക്ഷിക്കുകയും ചെയ്തു. 17 മാസക്കാലം ഉത്തര കൊറിയയില്‍ ശിക്ഷയനുഭവിച്ച വാംബിയറെ മോചിപ്പിച്ചത് സമീപകാലത്താണ്. തുടര്‍ന്ന് ഈ മാസം 13നു തിരികെ അമേരിക്കയിലെത്തിയ വാംബിയറുടെ ആരോഗ്യനില തീര്‍ത്തും മോശമായിരുന്നു. ബോധക്ഷയം ബാധിച്ച നിലയിലായിരുന്നു വാംബിയര്‍. കേടുപാടുകള്‍ സംഭവിച്ച നിലയിലായിരുന്നു തലച്ചോറിന്റെ വിവിധ ഭാഗങ്ങള്‍. തുടര്‍ന്നു സിന്‍സിനാറ്റിയിലുള്ള ഒരു ആശുപത്രിയില്‍ വാംബിയറെ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു. കേവലം ഒരാഴ്ച പിന്നിട്ടപ്പോള്‍, തിങ്കളാഴ്ച ഉച്ചയോടെ 2.20നു വാംബിയര്‍ മരിച്ചു. ഉത്തര കൊറിയയുടെ പീഢനമേറ്റാണു തന്റെ മകന്‍ മരിച്ചതെന്നു വാംബിയറുടെ മാതാപിതാക്കളായ ഫ്രെഡും സിന്‍ഡി വാംബിയറും പറഞ്ഞു.
വാംബിയറുടെ മരണത്തില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അനുശോചിച്ചു. വൈറ്റ് ഹൗസില്‍ ടെക്‌നോളജി കമ്പനികളുടെ സിഇഒമാരുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെയാണു തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷം വാംബിയറുടെ മരണവാര്‍ത്ത ട്രംപ് അറിഞ്ഞത്. തുടര്‍ന്ന് അദ്ദേഹം നടത്തിയ പ്രസ്താവനയില്‍ ഉത്തരകൊറിയയെ ക്രൂരമായ ഭരണകൂടമെന്നാണു വിശേഷിപ്പിച്ചത്. മകന്‍ ജീവിതം ആരംഭിക്കുന്ന ഘട്ടത്തില്‍ പെട്ടെന്നു മരണപ്പെട്ടു എന്ന വാര്‍ത്ത കേള്‍ക്കേണ്ടി വരുന്നത് എത്രമാത്രം ദുരന്തമായിരിക്കും മാതാപിതാക്കള്‍ക്കു സമ്മാനിച്ചിരിക്കുന്നതെന്ന് അദ്ദേഹം പുറത്തിറക്കിയ അനുശോചന സന്ദേശത്തില്‍ കുറിച്ചു. നിയമസംവിധാനത്തെ ബഹുമാനിക്കാതെ സാമാന്യ മര്യാദ പുലര്‍ത്താതെ നിലകൊള്ളുന്ന ഏകാധിപതികളില്‍നിന്നും നിരപരാധികള്‍ക്ക് ഏറ്റുവാങ്ങേണ്ടി വരുന്ന ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനായി പോരാടാന്‍ തന്റെ ഭരണകൂടത്തെ പ്രേരിപ്പിച്ചിരിക്കുകയാണു വാംബിയറുടെ മരണമെന്നും ട്രംപ് പറഞ്ഞു.
ശത്രുപക്ഷത്തുള്ള രാജ്യം അമേരിക്കന്‍ പൗരന്മാരെ വധിക്കുന്ന നടപടിയെ ഒരിക്കലും സഹിഷ്ണുതയോടെ കാണാനാവില്ലെന്ന് റിപ്പബ്ലിക്കന്‍ സെനറ്റര്‍ ജോണ്‍ മക്കെയ്ന്‍ പറഞ്ഞു. ഉത്തര കൊറിയ അയല്‍രാജ്യങ്ങളെ ഭീഷണിപ്പെടുത്തുന്നു, ഏഷ്യ-പസഫിക് മേഖലയെ അസ്ഥിരപ്പെടുത്തുന്നു, ഇതിനുപുറമേ ആണവായുധങ്ങള്‍ കൊണ്ട് അമേരിക്കയെ ആക്രമിക്കാനുള്ള ടെക്‌നോളജിയും അവര്‍ വികസിപ്പിച്ചു. ഇപ്പോഴിതാ അമേരിക്കന്‍ വംശജനെ മൃഗീയമായി കൊലപ്പെടുത്തുകയും ചെയ്തിരിക്കുന്നു-മക്കെയ്ന്‍ പറഞ്ഞു.വാംബിയറുടെ മരണത്തിലൂടെ ഉത്തരകൊറിയക്കു മേല്‍ കടുത്ത നിലപാട് സ്വീകരിക്കാന്‍ ട്രംപിനെ പ്രേരിപ്പിക്കും. ഇതാവട്ടെ, ബെയ്ജിങുമായുള്ള വാഷിംഗ്ടണിന്റെ ബന്ധത്തില്‍ സംഘര്‍ഷം വര്‍ധിപ്പിക്കുകയും ചെയ്യുമെന്നു നയതന്ത്ര സമൂഹം കരുതുന്നുണ്ട്. വാംബിയറുടെ മരണത്തിന്റെ പശ്ചാത്തലത്തില്‍ ഉത്തര കൊറിയയുടെ മനുഷ്യത്വരഹിതമായ നടപടിയെ കുറിച്ചു ചൈനയില്‍നിന്നും വിശദീകരണം ട്രംപ് ചോദിക്കാനുള്ള സാധ്യതയും കാണുന്നുണ്ട്. ഇതിനു പുറമേ ഉത്തര കൊറിയയില്‍ ഇനിയും തടവില്‍ കഴിയുന്ന അമേരിക്കന്‍ പൗരന്മാരെ മോചിപ്പിക്കണമെന്ന ആവശ്യം ട്രംപ് ഉയര്‍ത്തിയേക്കും. മൂന്ന് യുഎസ് വംശജര്‍ ഉത്തര കൊറിയയില്‍ തടവില്‍ കഴിയുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.യുഎസും ചൈനയും ചേര്‍ന്നു സര്‍വ ശക്തിയുമുപയോഗിച്ച് ഉത്തര കൊറിയയെ നയതന്ത്ര, സാമ്പത്തിക തലത്തില്‍ അമര്‍ച്ച ചെയ്യേണ്ട സാഹചര്യമാണിതെന്നു പൊതുവേ അഭിപ്രായമുയര്‍ന്നിട്ടുണ്ട്. ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന വെല്ലുവിളിയെ നേരിടേണ്ടതു ചര്‍ച്ചകള്‍ നടത്തിയും പ്രസ്താവനകള്‍ പുറത്തിറക്കിയുമല്ലെന്നു വാഷിംഗ്ടണിനു ബോദ്ധ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വാഷിംഗ്ടണിനെ സഹായിക്കാന്‍ ബെയ്ജിംഗിനു മാത്രമാണു സാധിക്കുന്നത്.

Comments

comments

Categories: World