ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ ഐപിഒ ഇല്ലെന്ന് ടാറ്റ ഗ്രൂപ്പ്

ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ ഐപിഒ ഇല്ലെന്ന് ടാറ്റ ഗ്രൂപ്പ്

ടാറ്റ മോട്ടോഴ്‌സിന്റെ ഓഹരി വില വര്‍ധിച്ചു

ന്യൂ ഡെല്‍ഹി : ആഡംബര കാര്‍ നിര്‍മ്മാണ കമ്പനിയായ ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ പ്രാഥമിക ഓഹരി വില്‍പ്പന ടാറ്റ ഗ്രൂപ്പ് പരിഗണിക്കുന്നതായി ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ടാറ്റ ഗ്രൂപ്പ് പ്രതികരിച്ചു. ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നതിനെതുടര്‍ന്ന് ഇന്ത്യന്‍ വാഹന നിര്‍മ്മാണ കമ്പനിയും ജെഎല്‍ആറിന്റെ മാതൃ കമ്പനിയുമായ ടാറ്റ മോട്ടോഴ്‌സ് ലിമിറ്റഡിന്റെ ഓഹരി വില വര്‍ധിച്ചു. ബോംബെ സ്‌റ്റോക് എക്‌സ്‌ചേഞ്ചില്‍ ഓഹരി വില 2.5 ശതമാനം വര്‍ധിച്ച് 463.5 രൂപയിലെത്തി.ഒരു അന്തര്‍ദേശീയ ഓഹരി വിപണിയില്‍ ജാഗ്വാര്‍ ലാന്‍ഡ് റോവറിനെ ലിസ്റ്റ് ചെയ്യുന്നത് സംബന്ധിച്ച് ടാറ്റ ഗ്രൂപ്പിലെ സീനിയര്‍ ഉദ്യോഗസ്ഥര്‍ പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയതായാണ് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തത്. ന്യൂ യോര്‍ക് ഓഹരി വിപണിയിലോ ലണ്ടന്‍ ഓഹരി വിപണിയിലോ ആയിരിക്കും ബ്രിട്ടീഷ് ലക്ഷ്വറി ഓട്ടോമൊബീല്‍ കമ്പനിയെ ലിസ്റ്റ് ചെയ്യുകയെന്നും വാര്‍ത്തയില്‍ സൂചിപ്പിക്കുന്നു. 2008 ല്‍ ഫോര്‍ഡ് മോട്ടോര്‍ കമ്പനിയില്‍നിന്ന് 2.4 ബില്യണ്‍ ഡോളര്‍ നല്‍കിയാണ് ടാറ്റ മോട്ടോഴ്‌സ് പീഡിത ബിസിനസുമായി മുടന്തിയിരുന്ന ജാഗ്വാര്‍ ലാന്‍ഡ് റോവറിനെ സ്വന്തമാക്കിയത്.എന്നാല്‍ ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ടാറ്റ ഗ്രൂപ്പ് പൂര്‍ണ്ണമായും തള്ളിക്കളഞ്ഞു. ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുന്ന കാര്യം ആലോചിച്ചിട്ടില്ലെന്ന് ഗ്രൂപ്പ് പ്രസ്താവിച്ചു. ജെഎല്‍ആറിനെ ലിസ്റ്റ് ചെയ്യുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ പ്രാരംഭ ഘട്ടത്തിലാണെന്നും ഇക്കാര്യത്തില്‍ ടാറ്റ ഗ്രൂപ്പ് അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നുമാണ് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ടാറ്റ മോട്ടോഴ്‌സ് ഏറ്റെടുത്തശേഷം ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ വരുമാനം ഏഴ് മടങ്ങായി വര്‍ധിച്ചിരുന്നു. എന്നാല്‍ അടുത്ത കാലത്തായി ജെഎല്‍ആറിന്റെ മോശം പ്രകടനത്തില്‍ ടാറ്റ ഗ്രൂപ്പിന് ആശങ്കകളുണ്ട്.

Comments

comments

Categories: Auto