ഉപരോധം നീക്കാതെ ചര്‍ച്ചയില്ല: ഖത്തര്‍

ഉപരോധം നീക്കാതെ ചര്‍ച്ചയില്ല: ഖത്തര്‍

അറബ് ശക്തികള്‍ മുന്നോട്ടുവെക്കുന്ന ആവശ്യങ്ങള്‍ ഖത്തര്‍ അംഗീകരിച്ചില്ലെങ്കില്‍ ഒറ്റപ്പെടുത്തല്‍ വര്‍ഷങ്ങളോളം നീളുമെന്ന് മുന്നറിയിപ്പ്. വഴങ്ങില്ലെന്ന് ഖത്തര്‍

ദോഹ: രാജ്യത്തിന് മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധം നീക്കാതെ ഗള്‍ഫിലെ നയതന്ത്ര പ്രതിസന്ധി പരിഹരിക്കാന്‍ അയല്‍ രാജ്യങ്ങളുമായി ചര്‍ച്ച നടത്തില്ലെന്ന് ഖത്തര്‍ വിദേശ കാര്യ മന്ത്രി ഷേയ്ഖ് മൊഹമ്മദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ അല്‍ താനി. ഖത്തറിനെ ഒറ്റപ്പെടുത്തുന്നതിനായി യുഎഇ, സൗദി അറേബ്യ, ബഹ്‌റൈന്‍, ഈജിപ്റ്റ് എന്നീ രാജ്യങ്ങള്‍ കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ നീക്കണമെങ്കില്‍ വരും ദിവസങ്ങളില്‍ അറബ് ശക്തികള്‍ മുന്നോട്ടുവെക്കുന്ന ആവശ്യങ്ങള്‍ ഖത്തര്‍ അംഗീകരിക്കേണ്ടിവരും. അല്ലെങ്കില്‍ നിലവിലെ ഉപരോധം വര്‍ഷങ്ങളോളം തുടരുമെന്നാണ് അയല്‍ രാജ്യങ്ങളുടെ മുന്നറിയിപ്പ്.

തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് ധനസഹായം നല്‍കുന്നെന്നും ആഭ്യന്തര അസ്ഥിരതയ്ക്ക് ശക്തി പകരുന്നെന്നും അറബ് ശക്തികളുടെ ശത്രുവായ ഇറാനുമായി സൗഹൃദം സൂക്ഷിക്കുന്നെന്നും ആരോപിച്ച് രണ്ട് ആഴ്ച മുന്‍പാണ് ഖത്തറുമായുള്ള നയതന്ത്ര ബന്ധം അവര്‍ വിച്ഛേദിച്ചത്. എന്നാല്‍ അയല്‍ രാജ്യങ്ങളുടെ ആരോപണങ്ങളെല്ലാം ഖത്തര്‍ തള്ളി.

ഖത്തറിന്റെ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റും ഡിഫന്‍സ് ഡിപ്പാര്‍ട്ട്‌മെന്റും നിഷ്പക്ഷ നിലപാട് സ്വീകരിച്ചിട്ടും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണയോടെ രാജ്യത്തിനെതിരേ ശക്തമായ ഉപരോധങ്ങള്‍ കൊണ്ടുവന്നത് യുഎസിന്റെ മിഡില്‍ ഈസ്റ്റിലെ പ്രധാന സഖ്യകക്ഷികള്‍ക്കിടയില്‍ വിള്ളലുണ്ടാവാന്‍ കാരണമായിട്ടുണ്ട്. ഖത്തറിനെ ഒറ്റപ്പെടുത്താനുള്ള തീരുമാനം വന്ന് രണ്ട് ആഴ്ച പിന്നിട്ടിട്ടും ശക്തമായ സഖ്യകക്ഷിയായി തുടരുന്നവരില്‍ പ്രധാനിയായ തുര്‍ക്കിയുടെ സൈന്യവുമായി സൈനികപ്രവര്‍ത്തനത്തിലേര്‍പ്പെടാന്‍ ഖത്തര്‍ ധാരണയായിരിക്കുകയാണ്.

ഉപരോധം നിലനില്‍ക്കുന്നതുവരെ അയല്‍ രാജ്യങ്ങളുമായി ഒരു തരത്തിലുള്ള ചര്‍ച്ചയ്ക്കും തയ്യാറല്ലെന്നാണ് ഖത്തറിന്റെ അഭിപ്രായം. നിരോധനം നീക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ ആരംഭിച്ചതായി ഇതുവരെ അറിവില്ലെന്നും പ്രശ്‌നം പരിഹരിക്കുന്നതിന്റെ മുന്നോടിയായി നടപ്പാക്കേണ്ടത് അതാണെന്നും അല്‍ താനി കൂട്ടിച്ചേര്‍ത്തു.

തങ്ങളുടെ ആവശ്യങ്ങള്‍ ഖത്തര്‍ അംഗീകരിക്കുന്നതുവരെ ഉപരോധം തുടരുമെന്ന് യുഎഇ വിദേശകാര്യ മന്ത്രി അന്‍വര്‍ ഗാര്‍ഗാഷ് പറഞ്ഞതിന് പിന്നാലെയാണ് ഖത്തര്‍ നിലപാട് വ്യക്തമാക്കിയത്. നെറികെട്ട ആശയങ്ങള്‍ രാഷ്ട്രീയ നിലപാടായി എടുത്തുകൊണ്ടുള്ള ഖത്തറിന്റെ നടപടി തുടരുകയാണെങ്കില്‍ അവര്‍ ഒറ്റപ്പെട്ടു നില്‍ക്കുമെന്നായിരുന്നു ഗര്‍വാഷ് അഭിപ്രായപ്പെട്ടത്.

Comments

comments

Categories: World