വര്‍ഷാവസാനം മഹീന്ദ്ര ഇ-റിക്ഷകള്‍ പുറത്തിറക്കും, തുടര്‍ന്ന് ഇ-ബസ്സുകള്‍

വര്‍ഷാവസാനം മഹീന്ദ്ര ഇ-റിക്ഷകള്‍ പുറത്തിറക്കും, തുടര്‍ന്ന് ഇ-ബസ്സുകള്‍
വൈദ്യുത വാഹന വിഭാഗത്തില്‍ പുതുതായി 600 കോടി രൂപ നിക്ഷേപിക്കും

ചെന്നൈ : മഹീന്ദ്ര ഗ്രൂപ്പ് ഇലക്ട്രിക് മൊബിലിറ്റി രംഗത്ത് വേഗം വര്‍ധിപ്പിക്കുന്നു. വൈദ്യുത വാഹന വിഭാഗത്തില്‍ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ പുതുതായി 600 കോടി രൂപയുടെ നിക്ഷേപമാണ് ഗ്രൂപ്പ് നടത്തുന്നത്. ഇതോടെ ഈ മേഖലയിലെ ആകെ നിക്ഷേപം 1,200 കോടി രൂപയായി വര്‍ധിക്കും. ഈ വര്‍ഷാവസാനത്തോടെ ഇലക്ട്രിക് റിക്ഷകളും തുടര്‍ന്ന് ഇലക്ട്രിക് ബസ്സുകളും വിപണിയിലെത്തിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.2015 ല്‍ മഹീന്ദ്ര ഏറ്റെടുത്ത ഇറ്റാലിയന്‍ ഡിസൈന്‍ കമ്പനി പിനിന്‍ഫാറിന രൂപകല്‍പ്പന ചെയ്യുന്ന വിലയേറിയ ആഡംബര ഇലക്ട്രിക് വാഹനത്തിനും സാങ്‌യോങ് വാഹനങ്ങള്‍ക്കും ഉയര്‍ന്ന വോള്‍ട്ടേജ് പവര്‍ട്രെയ്‌നുകള്‍ നിര്‍മ്മിക്കുന്ന തിരക്കിലാണ് കമ്പനി. ഈ ലക്ഷ്യം മുന്‍നിര്‍ത്തി കമ്പനി തങ്ങളുടെ മുഴുവന്‍ ഇലക്ട്രിക് വാഹന ബിസിനസ് ഉടച്ചുവാര്‍ത്തിരുന്നു. ബെംഗളൂരുവിലെ മഹീന്ദ്ര രേവാ പ്ലാന്റില്‍ ഇനി ഇലക്ട്രിക് പവര്‍ട്രെയ്‌നുകള്‍ മാത്രമായിരിക്കും നിര്‍മ്മിക്കുന്നതെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര മാനേജിംഗ് ഡയറക്റ്റര്‍ പവന്‍ ഗോയങ്ക പറഞ്ഞു. മഹീന്ദ്ര രേവയെന്ന മഹീന്ദ്ര ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയ്ക്കും മറ്റ് ഒറിജിനല്‍ എക്യുപ്‌മെന്റ് മാനുഫാക്ച്ചറര്‍മാര്‍ക്കും ഇലക്ട്രിക് പവര്‍ട്രെയ്‌നുകള്‍ വിതരണം ചെയ്യും.

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ വൈദ്യുത വാഹനങ്ങള്‍ക്കായി 48 വോള്‍ട്ട്, 72 വോള്‍ട്ട് എന്‍ജിനുകളാണ് നിലവില്‍ മഹീന്ദ്ര ഇലക്ട്രിക് നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നത്. പ്ലാന്റിന്റെ ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും പിനിന്‍ഫാറിനയുടെ ആഡംബര വൈദ്യുത കാറിനും ചെറിയ ബസ്സുകള്‍ക്കും മറ്റ് വിലയേറിയ വാഹനങ്ങള്‍ക്കുമായി 360-600 വോള്‍ട്ട് പവര്‍ട്രെയ്ന്‍ നിര്‍മ്മിക്കുമെന്നും പവന്‍ ഗോയങ്ക വ്യക്തമാക്കി. സാങ്‌യോങ് തങ്ങളുടെ വൈദ്യുത വാഹനങ്ങള്‍ക്കും ഇതേ പവര്‍ട്രെയ്ന്‍ ഉപയോഗിക്കും. രണ്ട് വര്‍ഷത്തിനുള്ളില്‍ എന്‍ജിന്‍ റെഡിയാകും.ഒരു വര്‍ഷത്തിനുള്ളില്‍ 9-മീറ്റര്‍ ബസ്സും ഈ വര്‍ഷാവസാനത്തോടെ ‘ഫുള്‍ റേഞ്ച്’ ഇ-റിക്ഷകളും പുറത്തിറക്കുമെന്ന് പവന്‍ ഗോയങ്ക അറിയിച്ചു. നിലവില്‍ ലെഡ് ആസിഡ് ബാറ്ററി ഉപയോഗിച്ചാണ് ഇ-റിക്ഷകള്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ലിഥിയം-അയണ്‍, സ്വാപ്പബിള്‍ ബാറ്ററി എന്നിവ നിര്‍മ്മിക്കും. തുടക്കത്തില്‍ ഇന്ത്യന്‍ വിപണിയെ ലക്ഷ്യം വെച്ചാണ് ഇ-റിക്ഷകള്‍ പുറത്തിറക്കുന്നത്.മഹീന്ദ്രയുടെ ഭാവി ഇലക്ട്രിക് വാഹനങ്ങളും പിനിന്‍ഫാറിന രൂപകല്‍പ്പന ചെയ്യും. പുണെയ്ക്ക് സമീപം ചാകണില്‍ 60,000 യൂണിറ്റ് ഇലക്ട്രിക് വാഹന പ്ലാന്റ് സ്ഥാപിക്കുമെന്ന് പവന്‍ ഗോയങ്ക പറഞ്ഞു.

 

Comments

comments

Categories: Auto