ജൂലൈ ഒന്നിന് തന്നെ നടപ്പാക്കും; കമ്പനികള്‍ക്ക് ‘നോ എക്‌സ്‌ക്യൂസ്’

ജൂലൈ ഒന്നിന് തന്നെ നടപ്പാക്കും; കമ്പനികള്‍ക്ക് ‘നോ എക്‌സ്‌ക്യൂസ്’

ജിഎസ്ടിക്ക് വേണ്ടി മുന്നൊരുക്കങ്ങള്‍ നടത്താന്‍ എല്ലാ സ്ഥാപനങ്ങള്‍ക്കും ആവശ്യത്തിന് സമയം ലഭിച്ചു. ആര്‍ക്കും ഒരു ന്യായീകരണവും പറയാനൊക്കില്ല: ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി

ന്യൂഡെല്‍ഹി: ജൂലൈ ഒന്നിന് രാജ്യം ഏകീകൃത ചരക്ക് സേവന നികുതി (ജിഎസ്ടി) യിലേക്ക് മാറുമ്പോള്‍ അതിനനസൃതമായി ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് ഇന്ത്യയിലെ ചെറുകിട ബിസിനസ് സ്ഥാപനങ്ങള്‍ക്ക് മതിയായ സമയം ലഭിച്ചിട്ടുണ്ടെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. ജിഎസ്ടിക്കു വേണ്ടി തയാറാകാന്‍ സമയം ലഭിച്ചില്ലെന്ന് സ്ഥാപനങ്ങള്‍ക്ക് പറയാന്‍ സാധിക്കില്ലെന്നും ധനമന്ത്രി വ്യക്തമാക്കി. ജൂലൈ ഒന്നിനു തന്നെ ജിഎസ്ടി പ്രാബല്യത്തില്‍ വരുമെന്നും അദ്ദേഹം സ്ഥിരീകരിച്ചിട്ടുണ്ട്.

പുതിയ നികുതി സംവിധാനം നടപ്പാക്കുന്നതോടെ പ്രാരംഭ ഘട്ടത്തിലുള്ള വെല്ലുവിളികള്‍ അഭിമുഖീകരിക്കേണ്ടിവരുമെന്നും ചെറുകിട ബിസിനസുകള്‍ പ്രതിമാസം മൂന്ന് ആദായ നികുതി റിട്ടേണുകള്‍ ഓണ്‍ലൈന്‍ വഴി സമര്‍പ്പിക്കണമെന്നും ജയ്റ്റ്‌ലി പറഞ്ഞു. രാജ്യത്തെ 6.5 മില്യണ്‍ സംരംഭങ്ങളാണ് ഇതിനോടകം ജിഎസ്ടി രജിസ്‌ട്രേഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുള്ളത്. ഈ മാസം 25ന് രണ്ടാം ഘട്ടം രജിസ്‌ട്രേഷന്‍ ആരംഭിക്കുന്നതോടെ കൂടുതല്‍ സംരംഭങ്ങള്‍ എന്റോള്‍മെന്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയുടെ 70 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ നികുതി പരിഷ്‌കരണമാണ് ജൂലൈ ഒന്നിന് പ്രാബല്യത്തില്‍ വരുന്നത്. ചരിത്രപരമായ നീക്കത്തെ സ്വീകരിക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കാത്ത കമ്പനികള്‍ക്ക് യാതൊരുവിധ ന്യായീകരണവും പറയാന്‍ സാധിക്കില്ലെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ആറ് മാസമായി ജൂലൈ ഒന്നിന് ജിഎസ്ടി നടപ്പാക്കുമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നുണ്ടെന്നും ഇതിനനുസൃതമായി ഒരുക്കങ്ങള്‍ പൂര്‍ത്തിയാകാത്ത തരത്തിലുള്ള ബിസിനസ് ആര്‍ക്കുമില്ലെന്നും ജയ്റ്റ്‌ലി അറിയിച്ചു. ഇടപാടുകള്‍ എളുപ്പമാക്കുന്നതിന് മൊത്തമായും ജിഎസ്ടിയിലേക്ക് മാറുന്നതിന് മുന്‍പ് ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ റിട്ടേണുകള്‍ സമര്‍പ്പിക്കാന്‍ കമ്പനികള്‍ക്ക് ജിഎസ്ടി കോര്‍ഡിനേഷന്‍ പാനല്‍ അനുവാദം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. നയം പ്രാബല്യത്തില്‍ വരുന്നതോടെ 30 സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ഇടയിലുള്ള പ്രതിബന്ധങ്ങള്‍ ഇല്ലാതാകുകയും രണ്ട് ട്രില്യണ്‍ ഡോളര്‍ മൂല്യമുള്ള ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയും 1.3 ബില്യണ്‍ ജനങ്ങളും ഏക വിപണിയിലേക്ക് മാറുകയും ചെയ്യും.ഇത് വ്യാപാരവും സംസ്ഥാനങ്ങളുടെ വരുമാനവും വര്‍ധിപ്പിക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ജിഎസ്ടി നടപ്പാക്കുന്നത് മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തില്‍ ഗൂണം ചെയ്യുമെന്നും സമ്പദ്‌വ്യവസ്ഥ വന്‍വളര്‍ച്ച കൈവരിക്കുമെന്നും ജയ്റ്റ്‌ലി കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Top Stories, World