ഈ കാറുകള്‍ക്ക് വിളക്കുമാടങ്ങളില്‍ അഭയം

ഈ കാറുകള്‍ക്ക് വിളക്കുമാടങ്ങളില്‍ അഭയം
ഇലക്ട്രിക് വാഹനങ്ങളുടെ റീ ചാര്‍ജിംഗ് പോയിന്റുകളുടെ അപര്യാപ്തത പരിഹരിക്കാന്‍ 
ബ്രിട്ടണ്‍ സ്വീകരിക്കുന്ന മാര്‍ഗം ഏവരെയും അമ്പരപ്പിക്കും

ബ്രിട്ടണിലെ ഇലക്ട്രിക് കാര്‍ രംഗം നേരിടുന്ന പ്രധാനപ്രശ്‌നം മോശം റീ ചാര്‍ജിംഗ് സൗകര്യങ്ങളാണ്. ലണ്ടന്‍, ബെര്‍മിംഗ് ഹാം, ഗ്ലാസ്‌ഗോ തുടങ്ങിയ പ്രധാന നഗരങ്ങളില്‍പ്പോലും വാഹനങ്ങള്‍ക്കു വേണ്ടി മതിയായ പൊതു വൈദ്യുതിനിറയ്ക്കല്‍ കേന്ദ്രങ്ങളില്ല. കേടായ സോക്കറ്റുകളും അഡോപ്റ്ററുകളും അതേപടി ഉപേക്ഷിച്ച സ്ഥിതിവിശേഷമാണുള്ളത്. ഇത് ഇ- കാറുകളുടെ വ്യാപനത്തിന്റെ ഉദ്ദേശ്യശുദ്ധിയെത്തന്നെ തകര്‍ക്കുന്ന നിലയാണ് സൃഷ്ടിച്ചിരിക്കുന്നത്. എന്നാല്‍ എളുപ്പം പ്രതിവിധി കാണാവുന്ന ഒരു പ്രശ്‌നമാണിത്. പൊതുനിരത്തുകളില്‍ നീണ്ടു നിവര്‍ന്നു നില്‍ക്കുന്ന വഴിവിളക്കുകളാണ് മനസിലേക്ക് ആശയത്തിന്റെ വെള്ളിവെളിച്ചം കടത്തിവിടുന്നത്. ഇലക്ട്രിക് വിളക്കു കാലുകളില്‍ ചാര്‍ജിംഗ് കേബിള്‍ ഉറപ്പിച്ചാല്‍ കാറുകള്‍ക്ക് ഇന്ധനം ലഭിക്കും. ഏറ്റവും എളുപ്പത്തിലുള്ളതും സുഗമമായി ലഭിക്കുന്നതുമായ സൗകര്യമാണിത്. ജര്‍മ്മന്‍ കമ്പനി യുബിട്രിസിറ്റി ഇതിനുള്ള സാങ്കേതിക സംവിധാനം വികസിപ്പിച്ചിരിക്കുന്നു. റിച്ച്മണ്ട് അടക്കമുള്ള ലണ്ടനിലെ പട്ടണങ്ങളില്‍ ഇവ വ്യാപകമാക്കാനാണ് പദ്ധതിയിടുന്നത്. ട്വിക്കെന്‍ഹാം, ബാര്‍നെസ് എന്നിവിടങ്ങളില്‍ കഴിഞ്ഞയാഴ്ച പരീക്ഷണാടിസ്ഥാനത്തില്‍ ഇവ നടപ്പാക്കുകയും ചെയ്തു.

വിളക്കുകാലുകളില്‍ പിടിപ്പിച്ചിരിക്കുന്ന സോക്കറ്റുകളില്‍ നിന്ന് കേബിള്‍വയറിലൂടെ റീചാര്‍ജ് ചെയ്യാവുന്നതാണ് സംവിധാനം. 1,000 പൗണ്ട് മാത്രമാണ് ചെലവ്. പൊതു റീചാര്‍ജിംഗ് കേന്ദ്രങ്ങളില്‍ ഇത്തരം സംവിധാനത്തിന് ഇതിന്റെ ആറ് മടങ്ങ് ചെലവു വരുന്നുണ്ട്. പദ്ധതി വിജയകരമാണെന്നു തെളിഞ്ഞതോടെ ഇത് വ്യാപകമാക്കാനുള്ള ചര്‍ച്ചകളും സജീവമായി. വിളക്കുകാലുകള്‍ റീചാര്‍ജിംഗ് പോയിന്റുകളാക്കി മാറ്റാനുള്ള ‘ ഓണ്‍-സ്ട്രീറ്റ് റെസിഡെന്‍ഷ്യല്‍ ചാര്‍ജ് പോയിന്റ് സ്‌കീ’ മിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ രൂപം നല്‍കിയിട്ടുണ്ട്. 2.5 മില്യണ്‍ പൗണ്ടാണ് പദ്ധതിക്കു വേണ്ടി നിക്ഷേപിച്ചിരിക്കുന്നത്. ബ്രിട്ടണില്‍ 7.5 ദശലക്ഷം തെരുവു വിളക്കുകളാണുള്ളത്. ഇവ ചാര്‍ജിംഗ് പോയിന്റുകളായി മാറ്റുന്നതോടെ അന്തരീക്ഷ മലിനീകരണത്തിനെതിരേ ഏറ്റവും ചെലവു കുറഞ്ഞതും പ്രായോഗികവുമായ ബദലായ ഇ- കാറുകളുടെ വ്യാപനത്തിന് ഏറ്റവും അനുകൂലമായ അന്തരീക്ഷമാണ് ഉടലെടുക്കുന്നത്.

ഇ- വാഹന ഉടമകള്‍ ചെയ്യേണ്ടത് ഇത്രമാത്രം, പ്രത്യേക സ്മാര്‍ട്ട് ചാര്‍ജിംഗ് കേബിള്‍ വാങ്ങിച്ച് മൊബീല്‍ പവര്‍കോണ്‍ട്രാക്റ്റിനു കൈമാറണം. ഇലക്ട്രിക് കാറിന്റെ പ്ലഗ് ഘടിപ്പിച്ച 50 പൗണ്ട് വില വരുന്ന കേബിളില്‍ മീറ്ററിംഗും ബില്ലിംഗും സംബന്ധിച്ച എല്ലാ വിവരങ്ങളും രേഖപ്പെടുത്തിയിട്ടുണ്ടാകും. ഇതിന്റെ സുരക്ഷയെപ്പറ്റി ഉപയോക്താവിന് ആശങ്കയുണ്ടാകുമെന്നത് വേറെ കാര്യം. വിലയേറിയ കേബിള്‍ മോഷ്ടിക്കപ്പെടാനോ അതുവഴി മറ്റൊരാള്‍ ഉപയോഗിക്കാനോ ഉള്ള സാധ്യതയാണു കാരണം. പ്രാദേശിക കൗണ്‍സിലുകള്‍ പുതിയ സംവിധാനം അംഗീകരിക്കുന്നതോടെ നിലവിലുള്ള തെരുവിളക്കുകളില്‍ സ്ഥാപിച്ചിരിക്കുന്ന പാനലുകള്‍ മാറ്റുകയും പുതിയ സോക്കറ്റോടു കൂടിയവ സ്ഥാപിക്കുകയും ചെയ്യും. ഇവ സ്ഥാപിക്കാന്‍ 30 മിനുറ്റും എടുത്തുമാറ്റാന്‍ മൂന്നു മിനുറ്റും മതി. വിളക്ക് കാലിന്റെ ഘടനയ്ക്ക് വ്യത്യാസം വരുത്തേണ്ടതില്ലെന്നതിനാല്‍ തെരുവുവിളക്കുകള്‍ അതേപടി നിലനില്‍ക്കും. വിളക്ക് കാലിന്റെ കാലപ്പഴക്കവും വലിയ വിഷയമാകില്ല. കെന്‍സിംഗ്ടണ്‍, ചെല്‍സിയ എന്നിവിടങ്ങളിലെ പൈതൃകപ്പട്ടികയില്‍പ്പെടുന്ന വിളക്കുകാലുകളില്‍ കൗണ്‍സിലിന്റെ അനുമതിയോടെയാണ് സോക്കറ്റുകള്‍ ഘടിപ്പിച്ചതെന്ന് യുബിട്രിസിറ്റി വക്താവ് അറിയിച്ചു.

പദ്ധതി നഗരങ്ങളുടെ ചലനാത്മകത നിലനിര്‍ത്താന്‍ സഹായകമാണ്. റോഡുകളില്‍ തടസം സൃഷ്ടിക്കുന്ന അധിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതില്ല, വൈദ്യുതി നിറയ്ക്കാനുള്ള പൊതുകേന്ദ്രങ്ങളിലെത്തുന്ന കാറുകള്‍ ക്യൂ നില്‍ക്കുന്ന പാര്‍ക്കിംഗ് ബേകളില്‍ തിരക്ക് കുറയ്ക്കുന്നു തുടങ്ങിയ സൗകര്യങ്ങളാണ് ഇത്‌കൊണ്ട് സാധ്യമാകുന്നത്. ലണ്ടനിലെ ഒരുപാട് മേഖലകളില്‍ പദ്ധതിക്കു തുടക്കമായി. റിച്ച്‌മോണ്ട് കൗണ്‍സിലിലെ ജനവാസ കേന്ദ്രങ്ങളില്‍ റോഡുകളുടെ വിളക്കുകാലുകളില്‍ റീചാര്‍ജ് ചെയ്യാനുള്ള സംവിധാനം ഉടന്‍ ലഭ്യമാകുമെന്ന് അധികൃതര്‍ അറിയിച്ചു. അന്തരീക്ഷമലിനീകരണം കൊണ്ടു വീര്‍പ്പുമുട്ടുന്ന ലണ്ടന്‍ നഗരത്തിന്റെ ദുരവസ്ഥ കുറയ്ക്കാന്‍ കാര്‍ബണ്‍ പുറന്തള്ളല്‍ ഗണ്യമായി കുറയ്‌ക്കേണ്ടത് അത്യാവശ്യമാണെന്ന് റിച്ച്‌മോണ്ട് കൗണ്‍സില്‍ ക്യാബിനറ്റംഗം പീറ്റര്‍ബക്ക് പറയുന്നു. ലക്ഷ്യം കൈവരിക്കാന്‍ ഇ- വാഹനങ്ങളെ പിന്തുണയ്ക്കുന്നതിനാണു മുന്‍ഗണന നല്‍കുന്നതെന്നും അതിനെ അനുകൂലിക്കുന്ന പദ്ധതികള്‍ പ്രോല്‍സാഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കാര്‍ബണ്‍ പുറന്തള്ളല്‍ പ്രാദേശികമായി കുറയ്ക്കുന്നതില്‍ ഇ- വാഹനങ്ങള്‍ക്ക് വലിയ പങ്കാണുള്ളത്. എന്നാല്‍, റീചാര്‍ജിംഗ് സൗകര്യങ്ങള്‍ കുറവായത് ഇതിന് തടസമാണ്. എന്നാല്‍ പുതിയ പദ്ധതി ഇതിനു പരിഹാരമാകുകയും കൂടുതല്‍ ഇ- കാറുകള്‍ വാങ്ങാന്‍ പ്രദേശവാസികളെ പ്രേരിപ്പിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

ഇ- വാഹനങ്ങള്‍ക്കു വേണ്ട റീചാര്‍ജിംഗ് സൗകര്യങ്ങള്‍ ഒരുക്കാന്‍ ഒട്ടേറെ വെല്ലുവിളികള്‍ നേരിടേണ്ടി വന്നതായി ഹോണ്‍സ്‌ലോയിലെ ട്രാന്‍സ്‌പോര്‍ട്ട് പ്ലാനര്‍ ഗ്രെഗ് എഡ്വേര്‍ഡ്‌സ് ഓര്‍മിക്കുന്നു. ജനാധിവാസ കേന്ദ്രങ്ങളില്‍ഇവ സ്ഥാപിക്കുമ്പോള്‍ റോഡുകള്‍ താറുമാറാകുന്നതിനെയും താങ്ങേണ്ടി വരുന്ന അധിക ചെലവിനെയും കുറിച്ചുള്ള ജനങ്ങളുടെ ആശങ്കകളായിരുന്നു മുഖ്യം. ഇ- വാഹനങ്ങള്‍ക്കുള്ള പാര്‍ക്കിംഗിനായി സ്ഥലം ഏറ്റെടുക്കുന്ന ഘട്ടത്തില്‍ പലപ്പോഴും പ്രദേശവാസികളുമായി സംഘര്‍ഷമുണ്ടായിരുന്നു. എണ്ണത്തില്‍ കുറവുള്ള ഇ- വാഹനങ്ങള്‍ക്കു വേണ്ടി ഇത്തരം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ചായിരുന്നു പലരുടെയും ആശങ്ക. ഈ പശ്ചാത്തലത്തിലാണ് യുബിട്രിസിറ്റിയെ ആശ്രയിക്കാന്‍ കൗണ്‍സില്‍ തീരുമാനിച്ചത്. കാരണം, ഇതും സംബന്ധിച്ച് ഉയര്‍ന്ന പല ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം അവരുടെ പക്കലുണ്ടായിരുന്നു.വഴിവിളക്കുകളില്‍ സ്ഥാപിച്ചിരിക്കുന്ന സംവിധാനത്തില്‍ പരിഷ്‌കരണം വരുത്തിക്കൊണ്ട് റീചാര്‍ജിംഗ് പോയിന്റ് ഒരുക്കാമെന്നു വന്നതോടെ റോഡുകളില്‍ കൂടുതല്‍ അനാവശ്യ സജ്ജീകരണങ്ങള്‍ ഒഴിവാക്കാനാകുന്നത് ജനങ്ങള്‍ക്ക് ആശ്വാസമായി. നിലവിലുള്ള വൈദ്യുതി വിതരണ സംവിധാനത്തില്‍ത്തന്നെ ഇത് കണക്റ്റ് ചെയ്യാനാകുമെന്നതിനാല്‍ മരാമത്തു പണികളുടെയും ആവശ്യമില്ല. ഇതിലൂടെ ചെലവും സമയവും ലാഭിക്കാനാകുന്നു. പ്രദേശത്തെ 12 വീട്ടുകാരുടെ സഹായത്താല്‍ 36 റീചാര്‍ജിംഗ് പോയിന്റുകളാണ് യുബിട്രിസിറ്റി സ്ഥാപിച്ചത്. രണ്ടു വര്‍ഷം കൊണ്ട് 75 എണ്ണമാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇ- വാഹന ചാര്‍ജിംഗ് വെബ് സൈറ്റായ സാപ്- മാപ് ഡോട്ട് കോം നല്‍കുന്ന വിവിരങ്ങളനുസരിച്ച്, ബ്രിട്ടണില്‍ 4,476 പൊതു ചാര്‍ജിംഗ് പോയിന്റുകളും 6,910 ഉപകരണങ്ങളും 13,212 കണക്റ്ററുകളുമാണുള്ളത്.

Comments

comments

Categories: Auto, FK Special