രാംനാഥ് കോവിന്ദ് എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി

രാംനാഥ് കോവിന്ദ് എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി

ന്യൂഡല്‍ഹി: ബിഹാര്‍ ഗവര്‍ണര്‍ രാംനാഥ് കോവിന്ദിനെ എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി പാര്‍ലമെന്ററി ബോഡി യോഗം ഇന്നലെ തീരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിച്ച യോഗത്തിനു ശേഷം ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നടത്തിയ മാധ്യമസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഉള്‍പ്പെടെ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളുമായി ചര്‍ച്ച ചെയ്തതിനു ശേഷമാണു കോവിന്ദിനെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചതെന്ന് അമിത് ഷാ പറഞ്ഞു. സോണിയയോടും മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനോടും പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണില്‍ സംസാരിച്ചിരുന്നെന്നും ഷാ പറഞ്ഞു. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ കോവിന്ദിനെ പിന്തുണയ്ക്കുന്ന കാര്യം കൂടിയാലോചനകള്‍ക്കു ശേഷം അറിയിക്കാമെന്നു കോണ്‍ഗ്രസ് അധ്യക്ഷ അമിത് ഷായെ അറിയിച്ചു.യോഗത്തില്‍ കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിംഗ്, അരുണ്‍ ജെയ്റ്റ്‌ലി, വെങ്കയ്യ നായിഡു, സുഷമ സ്വരാജ്, നിതിന്‍ ഗഡ്കരി തുടങ്ങിയവര്‍ പങ്കെടുത്തു. ഉത്തര്‍പ്രദേശ് സ്വദേശിയും 70-കാരനുമായ കോവിന്ദ് 1994,2000 വര്‍ഷങ്ങളില്‍ രാജ്യസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. അഭിഭാഷകനായി 12 വര്‍ഷം സേവനമനുഷ്ഠിച്ചിട്ടുമുണ്ട്. 2014 മുതല്‍ ബിഹാറിന്റെ ഗവര്‍ണറാണ്. തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ കെ ആര്‍ നാരായണനു ശേഷം രാഷ്ട്രപതിയാകുന്ന രണ്ടാമത്തെ ദളിതനായിരിക്കും കോവിന്ദ്.രാഷ്ട്രപതി സ്ഥാനാര്‍ഥിയെ കുറിച്ചു തീരുമാനമായെങ്കിലും എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയെ ഇന്നലെ പ്രഖ്യാപിച്ചില്ല. രാഷ്ട്രപതി, ഉപരാഷ് ട്രപതി തെരഞ്ഞെടുപ്പ് ജുലൈ 17നാണ് നടക്കുന്നത്. ഫലപ്രഖ്യാപനം 20നായിരിക്കും.

Comments

comments

Categories: Top Stories, World

Related Articles