മുംബൈയുടെ ഓമന അന്ത്യയാത്രയ്‌ക്കൊരുങ്ങുന്നു

മുംബൈയുടെ ഓമന അന്ത്യയാത്രയ്‌ക്കൊരുങ്ങുന്നു
അര നൂറ്റാണ്ടിന്റെ ടാക്‌സി സര്‍വീസിനു ശേഷം പ്രീമിയര്‍ പദ്മിനി കാറുകള്‍ 
നഗരനിരത്തുകളില്‍ നിന്ന് മറയാനൊരുങ്ങുമ്പോള്‍ നഗരം നല്‍കുന്നു ശ്രദ്ധാഞ്ജലി

ആ മഹാറാണി അന്ത്യയാത്രയ്‌ക്കൊരുങ്ങുകയാണ്. അര നൂറ്റാണ്ട് കാലം മുംബൈ നിരത്തുകളെ അക്ഷരാര്‍ത്ഥത്തില്‍ ഭരിച്ച പ്രീമിയര്‍ പദ്മിനി. ബോംബെ ടാക്‌സിവാലകളുടെ ഭാഗ്യമുദ്രയായിരുന്ന മഞ്ഞയും കറുപ്പും കലര്‍ന്ന ശകടം. മുംബൈയിലെത്തുന്ന ഏതൊരു അപരിചിതന്റെയും ആദ്യആശ്രയമായ കാര്‍ കണ്ടം ചെയ്യാനായി ചവറുകൂനയിലേക്ക്. എന്നാല്‍ ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലല്ല ഒരിക്കലും പ്രീമിയര്‍ പദ്മിനിയുടെ സ്ഥാനം. 13-14 നൂറ്റാണ്ടുകളില്‍ നാടു ഭരിച്ച സുന്ദരിയായ രാജ്ഞിയുടെ പേരു നല്‍കിക്കൊണ്ട് 1960-കളില്‍ ഭാരതത്തിന്റെ സ്വന്തം പ്രീമിയര്‍ ഓട്ടൊമൊബീല്‍സ് ലിമിറ്റഡ് കമ്പനി നിര്‍മ്മിച്ച ക്ലാസിക് സ്പര്‍ശമുള്ള ചെറുകാര്‍ അന്നുമുതല്‍ 1990-കള്‍ വരെ മുംബൈയില്‍ നടത്തിയ പടയോട്ടത്തിന്റെ ചരിത്രം ഇനിയൊരു വാഹനത്തിനും രചിക്കാനാകില്ല.ഇറ്റാലിയന്‍ ഫിയറ്റിന്റെ പുറംമോടിയും മനോഹരവും വിപുലവുമായ ഉള്‍ഭാഗവും ഒതുക്കവും പ്രീമിയര്‍ പദ്മിനിയെ ഇടുങ്ങിയ മുംബൈ ഗലികളില്‍ സര്‍വവ്യാപിയാക്കി. ബോളിവുഡ് സിനിമകളില്‍ മാത്രമല്ല മുംബൈ അധോലോകത്തിന്റെ കഥ പറഞ്ഞ പ്രാദേശിക സിനിമകളിലും ഇവ നിറസാന്നിധ്യമായി. 1990-കളുടെ പകുതി വരെ 65,000 പ്രീമിയര്‍ പദ്മിനി കാറുകളാണ് മുംബൈയില്‍ ടാക്‌സി സര്‍വീസ് നടത്തിയിരുന്നത്. എന്നാല്‍ ഇന്ന് 300 എണ്ണം മാത്രമായി ചുരുങ്ങി. അടുത്ത വര്‍ഷം ഇവ പൂര്‍ണമായും നഗരനിരത്തുകളില്‍ നിന്ന് അപ്രത്യക്ഷമാകുമെന്നു കരുതുന്നു. സൗകര്യങ്ങള്‍ കൂടിയ, പരിസ്ഥിതി സൗഹൃദകരമായ പുതിയ വാഹനങ്ങള്‍ക്കു വഴിമാറിയതോടെയാണ് പദ്മിനി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടത്.

മുംബൈയുടെ ഗൃഹാതുരത്വം

1990-കളില്‍ മന്‍മോഹണോമിക്‌സ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വാതായനം തുറന്നുകൊടുത്തതിന്റെ ഫലമായി നിരവധി കാറുകളാണു കടല്‍ കടന്നെത്തിയത്. ഈ കുത്തൊഴുക്കില്‍ മുംബൈക്കാര്‍ക്കു നഷ്ടപ്പെട്ട ഗൃഹാതുരതയാണ് പ്രീമിയര്‍ പദ്മിനി ടാക്‌സികള്‍. ഇന്ന് തുരുമ്പെടുത്ത ഓര്‍മയാണെങ്കിലും ഒട്ടേറെ വിദേശ വിനോദ സഞ്ചാരികളുടെ ആകര്‍ഷണമായിരുന്നു ഈ ടാക്‌സികള്‍. അതിഥി ദേവോഭവഃ എന്നുരുവിട്ടിരുന്ന വലിയൊരു സംസ്‌കാരത്തിന്റെ കണ്ണിയാണ് ഇവയുടെ പിന്മാറ്റത്തിലൂടെ നഷ്ടമാകുന്നത്. ഗേറ്റ് വേ ഓഫ് ഇന്ത്യയിലൂടെ വിദേശികള്‍ക്ക് അരനൂറ്റാണ്ടോളം സ്വാഗതമോതിയ ഓരോ ടാക്‌സിഡ്രൈവറും വളര്‍ത്തിയ ആതിഥ്യമര്യാദയുടെ പാരമ്പര്യത്തിന്റെ അടയാളം മായുകയാണ്. പ്രീമിയര്‍ പദ്മിനിയെപ്പറ്റി പറയുമ്പോള്‍ മുതിര്‍ന്ന ടാക്‌സിഡ്രൈവര്‍മാര്‍ വികാരാധീനരാകും, അവരുടെ കണ്ഠമിടറും ” അതൊരു ഐതിഹാസിക വാഹനമായിരുന്നു. സുദീര്‍ഘമായ കാലയളവില്‍ നഗരത്തില്‍ ഓടിക്കൊണ്ടിരുന്ന ഏക ടാക്‌സി വാഹനമാണത്. ലോകം കണ്ട ഏറ്റവും വലിയ മോട്ടോര്‍ കാര്‍ സമൂഹമെന്നു തന്നെ പറയാം” ടാക്‌സി ഡ്രൈവേഴ്‌സ് യൂണിയന്‍ നേതാവ് എ എല്‍ ക്വാദ്രോസ് പറയുന്നു.

ഇറ്റാലിയന്‍ കാറായ ഫിയറ്റ് 1100 ഡിലൈറ്റിന്റെ മാതൃകയില്‍ 1964- ലാണ് മുംബൈയിലെ പ്രീമിയര്‍ ഓട്ടൊമൊബീല്‍ ഫാക്റ്ററിയില്‍ നിന്ന് ആദ്യ ബാച്ച് പദ്മിനി കാറുകള്‍ പുറത്തിറങ്ങിയത്. ഫിയറ്റ് കമ്പനിയുമായി ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലായിരുന്നു നിര്‍മ്മാണം. ആദ്യം ഫിയറ്റ് ടാക്‌സിയെന്ന് പേരില്‍ ഇറങ്ങിയിരുന്ന ഈ കാറുകള്‍ 1973-ലാണ് പ്രീമിയര്‍ പദ്മിനിയെന്ന പേരു സ്വീകരിച്ചത്. 13, 14 നൂറ്റാണ്ടുകളില്‍ ജീവിച്ചിരുന്ന ഇതിഹാസ സമാനയായ ജീവിതത്തിനുടമ റാണി പദ്മിനിയുടെ പേരാണ് ഇന്ത്യന്‍ നിരത്തുകളിലെ മനോഹരിക്കും നല്‍കിയത്.

പദ്മിനി വെഴ്‌സസ് അംബാസഡര്‍

1960- കളില്‍ മൂന്നു മഹാനഗരങ്ങളിലെ അധികൃതര്‍ ടാക്‌സിസര്‍വീസിന് ഏതു കാര്‍ തെരഞ്ഞെടുക്കണമെന്ന ചോദ്യം നേരിട്ടു. ഡെല്‍ഹി, കോല്‍ക്കൊത്ത നഗരങ്ങള്‍ അന്നു വ്യാപകമായിരുന്ന അംബാസഡര്‍ കാറുകള്‍ തെരഞ്ഞെടുത്തപ്പോള്‍ മുംബൈ നഗരാധികൃതര്‍ തെരഞ്ഞെടുത്തത് പ്രീമിയര്‍ പദ്മിനിയെയാണ്. വലിപ്പക്കുറവും ആകര്‍ഷണീയതയുമാണ് ഇത്തമൊരു തെരഞ്ഞെടുപ്പിലേക്കു നയിച്ചത്. നഗരത്തിരക്കില്‍ എവിടെയും പാര്‍ക്ക് ചെയ്യാം. ഓടിക്കാനുമെളുപ്പം. തുടര്‍ന്നുള്ള രണ്ടു ദശകങ്ങളില്‍ ഈ തീരുമാനത്തെ ശരിവെക്കും വിധം നഗരത്തില്‍ പ്രീമിയര്‍ പദ്മിനി ടാക്‌സികളുടെ എണ്ണം പെരുകി.

പ്രീമിയര്‍ പദ്മിനിയുടെ സവിശേഷതകള്‍

സോപ്പുപെട്ടി പോലെ സുന്ദരമായ ബോഡി. പോളിഷ് ചെയ്‌തെടുത്താല്‍ ഒരു ഫാന്‍സി കളിപ്പാട്ടം പോലെ തിളങ്ങും. മനോഹരവും വിശാലമെന്നു തോന്നിക്കുന്നതുമായ ഉള്‍ഭാഗം. ഇടവഴികളില്‍പ്പോലും ഓടിക്കാനാകുന്ന കാറിന്റെ ഒതുക്കം. സീലിംഗ് താഴ്ന്നതാണെങ്കിലും ലെഗ് സ്‌പേസ് കൂടുതലുണ്ട്. സ്റ്റീയറിംഗ് വീലിന് ഇടത്തായുള്ള വലിയ ഗിയര്‍. തുറച്ചടക്കലുകള്‍ എളുപ്പമാക്കുന്ന ഡോര്‍ പിടികള്‍ എന്നിവ പ്രീമിയര്‍ പദ്മിനിയുടെ ലാളിത്യവും ജനപ്രിയതയും വെളിവാക്കുന്നു.

മലയാളിയുടെ പ്രീമിയര്‍ പദ്മിനി

മലയാളിയുടെ പ്രിയങ്കരിയാണ് പ്രീമിയര്‍ പദ്മിനി. മാരുതിക്കു മുമ്പ് മലയാളിയെ ആകര്‍ഷിച്ച ചെറുകാര്‍. പണ്ടൊക്കെ ഒരു വീടിന്റെ പോര്‍ച്ചു കണ്ടാല്‍ത്തന്നെ ചിലര്‍ പറയും, അതൊരു ബാങ്ക് മാനെജരുടെ വീടാണെന്ന്. പോര്‍ച്ചില്‍ കിടക്കുന്ന റാണി പദ്മിനിയാണ് ഇത്തരം ഊഹാപോഹത്തിനു കാരണം. കാര്‍വായ്പയും പെട്രോള്‍ അലവന്‍സും ഒട്ടും ബുദ്ധിമുട്ടാതെ കിട്ടുമെന്നതിനാല്‍ ഓടിക്കാനറിയാത്ത ബാങ്ക് മാനേജര്‍മാര്‍ പോലും കാര്‍ വാങ്ങിയിടുന്നൊരു പതിവ് അക്കാലത്തുണ്ടായിരുന്നു. സര്‍ക്കാര്‍ ഡോക്റ്റര്‍മാരാണ് മറ്റൊരു വിഭാഗം പ്രീമിയര്‍ പദ്മിനി ആരാധകര്‍. ലൈസന്‍സ് രാജ് ഭരിച്ചിരുന്ന അക്കാലത്ത്, അംബാസഡര്‍ കാറും പ്രീമിയര്‍ പദ്മിനിയും മാത്രമാണ് ഇന്ത്യയില്‍ ആകെ കിട്ടാനുണ്ടായിരുന്നത്. മാരുതിയുടെ കടന്നുവരവോടെ 1980- കളിലാണ് ഇതിനു മാറ്റം വന്നത്. മുംബൈയില്‍ കുടിയേറിയ മലയളികളുടെ ആദ്യ ലാവണവും ടാക്‌സി സര്‍വീസായിരുന്നു. കുടുസു വണ്ടികള്‍ ഓടിക്കുകയും കുടുസു മുറികളില്‍ താമസിക്കുകയും ചെയ്തതിന്റെ ഓര്‍മ്മകളുമായി ജീവിക്കുന്ന പ്രവാസി മലയാളികള്‍ ഇന്നും നഗരഹൃദയത്തില്‍ വസിക്കുന്നുണ്ട്.

സിനിമയിലെ പ്രീമിയര്‍ പദ്മിനി

മലയാള സിനിമകളിലെയും സിനിമാപ്രവര്‍ത്തകരുടെയും ആദ്യ കാറും ഫിയറ്റ് എന്നറിയപ്പെട്ടിരുന്ന പ്രീമിയര്‍ പദ്മിനി തന്നെ. ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമകളില്‍ അംബാസഡര്‍ കാറുകളാണ് ഫ്രെയിമില്‍ വന്നിരുന്നത്. 1970-കളില്‍ പ്രീമിയര്‍ പദ്മിനി കാറുകള്‍ ചുരുക്കമായി വെള്ളിത്തിരയില്‍ രംഗപ്രവേശം ചെയ്തു. ഇംബാല, ബെന്‍സ്, കോണ്ടസ തുടങ്ങിയ വിദേശികള്‍ക്കൊപ്പം ആഡംബരകാര്‍ എന്ന നിലയിലാണ് പ്രീമിയര്‍ പദ്മിനി കാറുകള്‍ സ്‌ക്രീന്‍ പങ്കിട്ടത്. കാര്‍പ്രേമി കൂടിയായ സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടി സ്വന്തമാക്കിയ ആദ്യ കാര്‍ പദ്മിനിയായിരുന്നു. മമ്മൂട്ടി, പെട്ടി, കുട്ടി, കാര്‍ എന്ന രസതന്ത്രത്തിലുള്ള കൊമേഷ്യല്‍ സിനികള്‍ ട്രെന്‍ഡ് സെറ്ററായിരുന്ന കാലത്ത് മേല്‍പ്പറഞ്ഞതിലെ നാലാമത്തെ ‘കഥാപാത്രം’ മിക്കവറും പ്രീമിയര്‍ പദ്മിനിയായിരിക്കും. മുംബൈ അധോലോകത്തിന്റെ കഥകള്‍ പറഞ്ഞ പ്രിയദര്‍ശന്‍- മോഹന്‍ലാല്‍ ചിത്രങ്ങളായ ആര്യന്‍, അഭിമന്യു എന്നിവയില്‍ നിര്‍ണായക രംഗങ്ങള്‍ പ്രീമിയര്‍ പദ്മിനിയുടെ പശ്ചാത്തലത്തിലാണ് എടുത്തിരിക്കുന്നത്. കൊച്ചിന്‍ ഹനീഫ മുബൈയിലെ ടാക്‌സിഡ്രൈവറായി അഭിനയിച്ച രണ്ടു സിനിമകളില്‍ (പ്രജ, പുലിവാല്‍ക്കല്യാണം) പ്രീമിയര്‍ പദ്മിനി കാര്‍ കഥാപാത്രത്തിന്റെ പരിപൂര്‍ണതയ്ക്ക് ചമല്‍ക്കാരം രചിച്ചിരിക്കുന്നു.

Comments

comments

Categories: FK Special