ലണ്ടനെ നടുക്കി വീണ്ടും ആക്രമണം

ലണ്ടനെ നടുക്കി വീണ്ടും ആക്രമണം

ആക്രമണങ്ങളും അപകടങ്ങളുമായി പ്രക്ഷുബ്ദമായ സമയങ്ങളിലൂടെ കടന്നു പോവുകയാണ്
ലണ്ടന്‍. തിങ്കളാഴ്ച പുലര്‍ച്ചെ ഫിന്‍സ്‌ബെറി പാര്‍ക്ക് മോസ്‌ക്കില്‍നിന്നും പ്രാര്‍ഥന കഴിഞ്ഞു
വിശ്വാസികള്‍ പുറത്തേയ്ക്ക് ഇറങ്ങുമ്പോള്‍ വാഹനം ആള്‍ക്കുട്ടത്തിനിടയിലേക്ക് ഇടിച്ചു
കയറ്റി. ഒരാള്‍ തല്‍ക്ഷണം മരിച്ചു. പത്തോളം പേര്‍ക്കു മാരകമായി പരിക്കേല്‍ക്കുകയും
ചെയ്തു.

ആശങ്കയുടെ മുള്‍മുനയില്‍ കഴിയേണ്ടി വന്നിരിക്കുന്ന ഒരു മഹാനഗരമായിരിക്കുന്നു ഇന്ന് ലണ്ടന്‍. തിങ്കളാഴ്ച പുലര്‍ച്ചെ ഫിന്‍സ്‌ബെറി പാര്‍ക്ക് മോസ്‌ക്കില്‍ നിന്നും പ്രാര്‍ഥന കഴിഞ്ഞു വിശ്വാസികള്‍ പുറത്തേയ്ക്ക് ഇറങ്ങുമ്പോള്‍ വാഹനം ആള്‍ക്കൂട്ടത്തിനിടയിലേക്ക് ഇടിച്ചു കയറ്റിയതിനെ തുടര്‍ന്ന് ഒരാള്‍ കൊല്ലപ്പെട്ടു. പത്തോളം പേര്‍ക്ക് മാരകമായി പരിക്കേല്‍ക്കുകയും ചെയ്തു. ഇവരില്‍ മൂന്നു പേരുടെ നില ഗുരുതരമായിരിക്കുന്നു. സെവന്‍ സിസ്റ്റേഴ്‌സ് റോഡിലൂടെ നടന്നു നീങ്ങുകയായിരുന്ന യാത്രക്കാരുടെ ഇടയിലേക്കാണു വാന്‍ ഇടിച്ചു കയറ്റിയത്. വെയ്ല്‍സില്‍നിന്നും വാടകയ്‌ക്കെടുത്ത വാനാണ് അക്രമി ഉപയോഗിച്ചതെന്നു സൂചനയുണ്ട്.റംസാന്‍ മാസമായതിനാല്‍ നിരവധി പേര്‍ പള്ളിയില്‍ പ്രാര്‍ഥനയ്‌ക്കെത്തിയിരുന്നു. അപകടമുണ്ടാക്കിയ വാഹനത്തിന്റെ 48-കാരനായ ഡ്രൈവറെ യാത്രക്കാര്‍ ചേര്‍ന്നു പിടികൂടുകയും ചെയ്തു. ഇയാളെ പിന്നീടു പൊലീസ് അറസ്റ്റ് ചെയ്തു.ആക്രമണങ്ങളും അപകടങ്ങളുമായി പ്രക്ഷുബ്ദമായ സമയങ്ങളിലൂടെ കടന്നു പോവുകയായിരുന്നു ലണ്ടന്‍. കഴിഞ്ഞ ബുധനാഴ്ച ലണ്ടനിലെ ഗ്രെന്‍ഫെല്‍ ടവറിലുണ്ടായ അഗ്നിബാധ, അതിനു മുന്‍പു വെസ്റ്റ്മിനിസ്റ്റര്‍ പാലത്തിലൂടെ വാഹനമോടിച്ചും സമീപമുള്ള ബറോ മാര്‍ക്കറ്റില്‍ കത്തിയാക്രമണം നടത്തി ഏഴ് പേരെ കൊലപ്പെടുത്തിയതും ലണ്ടനെ ഞെട്ടിച്ച സംഭവങ്ങളായിരുന്നു. ഇതിനു മുന്‍പ് മാഞ്ചസ്റ്ററിലുള്ള സ്റ്റേഡിയത്തില്‍ നടന്ന സംഗീതനിശയ്ക്കിടെ 22 പേരുടെ മരണത്തിനിടയാക്കി കൊണ്ടും ആക്രമണം അരങ്ങേറിയിരുന്നു. ഇത്തരത്തില്‍ മൂന്നാഴ്ചയ്ക്കിടെ ലണ്ടന്‍ മൂന്നു ദുരന്തങ്ങള്‍ക്കാണു സാക്ഷ്യംവഹിച്ചത്. ഈ ദുരന്തമേല്‍പ്പിച്ച മുറിവ് ഉണങ്ങുന്നതിനു മുന്‍പാണു ഞായറാഴ്ച വീണ്ടും ആക്രമണം അരങ്ങേറിയത്.
ലണ്ടനിലെ ഫിന്‍സ്‌ബെറി പാര്‍ക്ക് മോസ്‌ക് തുറന്നത് 1994-ലാണ്.1800 പേര്‍ക്ക് ആരാധിക്കാന്‍ സൗകര്യത്തോടെ അഞ്ച് നിലകളായിട്ടാണു നിര്‍മിച്ചിരിക്കുന്നത്. വടക്കന്‍ ലണ്ടനിലെ പ്രധാന ആരാധനാകേന്ദ്രമാണ് ഈ മോസ്‌ക്ക്. ഇവിടം ഇസ്ലാമിക തീവ്രവാദികളുടെ വിളനിലമെന്നും അറിയപ്പെടുന്നു. ഈ മോസ്‌ക്കിന്റെ മുന്‍ ഇമാം മുസ്തഫ കമാല്‍ മുസ്തഫയെ 2015-ല്‍ മന്‍ഹട്ടനിലുള്ള ഫെഡറല്‍ ഡിസ്ട്രിക്റ്റ് കോടതി 11 തീവ്രവാദ ബന്ധമുള്ള കേസുകളില്‍ കുറ്റം ചുമത്തി ജീവപര്യന്തം ശിക്ഷയ്ക്കു വിധിച്ചിരുന്നു.

2003 ജനുവരിയിലും 2005 ഫെബ്രുവരിയിലും ഈ മോസ്‌ക്കില്‍ റെയ്ഡ് നടന്നിട്ടുണ്ട്. തീവ്രവാദ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഈ മോസ്‌ക്കിനു പേരുദോഷം വന്നതിനെ തുടര്‍ന്നു കുറച്ചു നാള്‍ അടച്ചിട്ടു. പിന്നീട് 2005-ല്‍ വീണ്ടും തുറക്കുകയായിരുന്നു.ഈ മോസ്‌ക്ക് ഇരിക്കുന്ന സ്ഥലം ഏറ്റവുമധികം കുടിയേറ്റക്കാരുടെ കേന്ദ്രമെന്നു കൂടി അറിയപ്പെടുന്നുണ്ട്. വ്യത്യസ്ത സംസ്‌കാരമുള്ളവരും ഭാഷ സംസാരിക്കുന്നവരുമൊക്കെ കുടിയേറി പാര്‍ക്കുന്നയിടമാണിവിടം. ലണ്ടനില്‍ ഏറ്റവുമധികം അല്‍ജീരിയന്‍ ജനസംഖ്യയുള്ളതും ഇവിടെയാണ്. ഇവിടുത്തെ എംപി ബ്രിട്ടനിലെ ഇടതുപാര്‍ട്ടിയായ ലേബര്‍ പാര്‍ട്ടിയുടെ നേതാവായ ജെറമി കോര്‍ബിനാണ്. ഈ മാസം എട്ടാം തീയതി ബ്രിട്ടനില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോര്‍ബിന്‍ ജയിച്ചത് 33,000 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു. ഉന്നത രാഷ്ട്രീയ നേതാവ് പ്രതിനിധീകരിക്കുന്ന മണ്ഡലമെന്നതിനു പുറമേ ഈ പ്രദേശത്തിനു മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ആഴ്‌സനല്‍ ഫുട്‌ബോള്‍ ക്ലബ്ബിന്റെ കേന്ദ്രമാണ് ഇവിടം. മത്സരം അരങ്ങേറുന്ന ദിവസം ഇവിടെയുള്ള സ്ട്രീറ്റുകളും പബ്ബുകളും ആയിരക്കണക്കിന് ആളുകളെ കൊണ്ടു നിറയുന്നതു പതിവ് കാഴ്ചയാണ്.തിങ്കളാഴ്ച നടന്ന ആക്രമണത്തോടെ ലണ്ടന്‍ നിവാസികളുടെ സുരക്ഷയെ കുറിച്ചുള്ള ആശങ്ക ഒന്നു കൂടി വര്‍ധിച്ചിരിക്കുകയാണ്. സംഭവം തീവ്രവാദി ആക്രമണമാണെന്നു പൊലീസ് പ്രസ്താവിക്കുകയും ചെയ്തു.

Comments

comments

Categories: World