എയര്‍ ഇന്ത്യ സ്വകാര്യവത്കരണം ; നടപടിക്രമങ്ങളില്‍ ഈ ആഴ്ച തന്നെ വ്യക്തത വരുത്തിയേക്കും

എയര്‍ ഇന്ത്യ സ്വകാര്യവത്കരണം ; നടപടിക്രമങ്ങളില്‍ ഈ ആഴ്ച തന്നെ വ്യക്തത വരുത്തിയേക്കും

ന്യൂഡെല്‍ഹി: നഷ്ടം കാരണം പ്രതിസന്ധിയിലായ എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കുന്നതിനുള്ള നടപടിക്രമങ്ങളില്‍ ഈ ആഴ്ച തന്നെ സര്‍ക്കാര്‍ വ്യക്തത വരുത്തിയേക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു. എയര്‍ ഇന്ത്യയുടെ സമ്പൂര്‍ണ സ്വകാര്യത്കരണത്തിനുള്ള നിതി ആയോഗിന്റെ ശുപാര്‍ശയും, സ്വകാര്യകത്കരണത്തിനു മുന്‍പ് വിമാനക്കമ്പനിയുടെ വസ്തുവകകളും അനുബന്ധ ആസ്തികളും വില്‍പ്പന നടത്തി കടബാധ്യത കുറയ്ക്കണമെന്ന വ്യോമയാന മന്ത്രാലയത്തിന്റെ നിര്‍ദേശവും സെക്രട്ടറിമാരുടെ സമിതി തയാറാക്കിയ മന്ത്രിസഭാ കുറിപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് വ്യോമയാന മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നു. വ്യോമയാന മന്ത്രാലയം, ധനമന്ത്രാലയം, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജ്‌മെന്റ്, ഡിഐപിപി (ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്‍ഡ് പ്രൊമോഷന്‍) എന്നിവയിലെ സെക്രട്ടറിമാര്‍ ഉള്‍പ്പെട്ടതാണ് കാബിനറ്റ് സെക്രട്ടറി നേതൃത്വം നല്‍കുന്ന സമിതി.ഭീമമായ കടബാധ്യതയും നഷ്ടവും നേരിടുന്ന എയര്‍ ഇന്ത്യ വിറ്റൊഴിയുന്നതിനുള്ള നിര്‍ദേശം മുന്നോട്ടുവച്ചിട്ടുണ്ടെന്നും അത് കേന്ദ്ര മന്ത്രിസഭയുടെ തീരുമാനത്തിനു വിടുകയാണെന്നും വ്യോമയാന മന്ത്രാലയം അറിയിച്ചു. കഴിഞ്ഞയാഴ്ച ഇതു സംബന്ധിച്ച തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു. എയര്‍ ഇന്ത്യ വിറ്റൊഴിയുന്നതിനുള്ള നീക്കങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഗ്രീന്‍ സിഗ്നല്‍ നല്‍കിയതിനെ തുടര്‍ന്നാണ് ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും നടപടിക്രമങ്ങളും ആരംഭിച്ചത്. 50,000 കോടി രൂപയുടെ നഷ്ടവും, ഏകദേശം 55,000 കോടി രൂപയുടെ കടബാധ്യതയുമാണ് എയര്‍ ഇന്ത്യക്കുള്ളത്.മന്ത്രിസഭാ കുറിപ്പ് തയാറാക്കുന്നതിനു മുമ്പ് പ്രധാനമന്ത്രിയുടെ ഓഫീസിനെയും സമിതി സമീപിച്ചിട്ടുണ്ടെന്നാണ് വിവരം. ബ്രിട്ടീഷ് എയര്‍വെയ്‌സ്, ജപ്പാന്‍ എയര്‍വെയ്‌സ്, ഓസ്ട്രിയന്‍ എയര്‍വെയ്‌സ് തുടങ്ങിയ സര്‍ക്കാര്‍ പൂര്‍ണമായും വിട്ടൊഴിഞ്ഞ വിവിധ അന്താരാഷ്ട്ര എയര്‍ലൈനുകളുടെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ അടിസ്ഥാനത്തിലാണ് എയര്‍ ഇന്ത്യയുടെ സമ്പൂര്‍ണ സ്വകാര്യവത്കരണത്തിനുള്ള നിര്‍ദേശം നിതി ആയോഗ് മുന്നോട്ടുവെച്ചത്. 22,000 കോടി രൂപയുടെ കടബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ആവശ്യവും മുന്നോട്ടുവെച്ചിട്ടുണ്ട്.മൂന്ന് വര്‍ഷമായി എയര്‍ ഇന്ത്യയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് കമ്പനിയുടെ ആസ്തികള്‍ വിറ്റഴിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്.

Comments

comments

Categories: Top Stories, World