പാപ്പരത്ത ഹര്‍ജി നല്‍കാന്‍ തകാത്ത തയ്യാറെടുക്കുന്നു

പാപ്പരത്ത ഹര്‍ജി നല്‍കാന്‍ തകാത്ത തയ്യാറെടുക്കുന്നു
84 വര്‍ഷത്തെ പഴക്കമുള്ള ജാപ്പനീസ് എയര്‍ബാഗ് നിര്‍മ്മാണ കമ്പനിയുടെ വില്‍പ്പനയ്ക്ക് 
കളമൊരുങ്ങുന്നു

ന്യൂ ഡെല്‍ഹി : പാപ്പരത്ത ഹര്‍ജി ഫയല്‍ ചെയ്യുന്ന കാര്യം തകാത്ത കോര്‍പ്പറേഷന്‍ പരിഗണിക്കുന്നു. അടുത്തയാഴ്ച്ച ഹര്‍ജി നല്‍കാനാണ് ആലോചിക്കുന്നത്. 84 വര്‍ഷത്തെ പഴക്കമുള്ള ജാപ്പനീസ് എയര്‍ബാഗ് നിര്‍മ്മാണ കമ്പനിയുടെ വില്‍പ്പനയ്ക്കാണ് ഇതുവഴി കളമൊരുങ്ങുന്നത്. വാഹന വ്യവസായ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചുവിളിക്ക് പിന്നില്‍ തകാത്ത ആയിരുന്നു.ആദ്യം സ്വന്തം രാജ്യത്താണ് പാപ്പരത്ത ഹര്‍ജി പരിഗണിക്കുന്നത്. തുടര്‍ന്ന് യുഎസ് അനുബന്ധ കമ്പനി ഇതേ വഴി സ്വീകരിക്കും. കഴിഞ്ഞ ദിവസം തകാത്തയുടെ ഓഹരി വ്യാപാരം ടോക്കിയോ ഓഹരി വിപണി സസ്‌പെന്‍ഡ് ചെയ്തിരുന്നു.ചൈനയിലെ നിങ്‌ബോ ജോയ്‌സണ്‍ ഇലക്ട്രോണിക്‌സ് കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള യുഎസ് എയര്‍ബാഗ് നിര്‍മ്മാതാക്കളായ കീ സേഫ്റ്റി സിസ്റ്റംസ് തകാത്തയെ ഏറ്റെടുത്തേക്കും. തകാത്ത സ്റ്റിയറിംഗ് കമ്മിറ്റി ഇതിന് അനുകൂലമാണ്. തകാത്തയുടെ എയര്‍ബാഗുകള്‍ ലോകത്താകമാനം 17 മരണങ്ങള്‍ക്കാണ് കാരണമായത്. 100 മില്യണ്‍ എയര്‍ബാഗുകളാണ് തകാത്ത മാറ്റിനല്‍കേണ്ടത്.എന്നാല്‍ പാപ്പരത്ത ഹര്‍ജി ഫയല്‍ ചെയ്യുന്നതിനെക്കുറിച്ച് അറിയില്ലെന്നും കമ്പനി ഇക്കാര്യത്തില്‍ പ്രസ്താവന പുറത്തിറക്കുമെന്നും തകാത്ത വക്താവ് പറഞ്ഞു.വസ്ത്ര നിര്‍മ്മാണ കമ്പനിയായി തുടങ്ങിയ തകാത്തയുടെ അന്ത്യം കുറിക്കുന്നതായിരിക്കും പാപ്പരത്ത ഹര്‍ജി. രണ്ടാം ലോക മഹായുദ്ധകാലത്ത് ഇംപീരിയല്‍ ജാപ്പനീസ് ആര്‍മിക്കുവേണ്ടി പാരഷൂട്ടുകള്‍ കമ്പനി നിര്‍മ്മിച്ചിരുന്നു. തകാത്തയില്‍ ഓഹരി പങ്കാളിത്തമുള്ള ഹോണ്ട മോട്ടോര്‍ കമ്പനിയാണ് ആദ്യമായി 2008 ല്‍ അക്കോഡ്, സിവിക് മോഡലുകള്‍ തിരിച്ചുവിളിച്ചത്.

Comments

comments

Categories: Auto