പുതുവൈപ്പ്: ലാത്തിച്ചാര്‍ജ് പ്രാകൃതവും നീതീകരിക്കാന്‍ കഴിയാത്തതും: രമേശ് ചെന്നിത്തല

പുതുവൈപ്പ്: ലാത്തിച്ചാര്‍ജ് പ്രാകൃതവും നീതീകരിക്കാന്‍ കഴിയാത്തതും: രമേശ് ചെന്നിത്തല

തിരുവനന്തപുരം: പുതുവൈപ്പില്‍ സമരത്തിനിറങ്ങിയ നാട്ടുകാര്‍ക്കെതിരേ പൊലീസ് നടത്തിയ ക്രൂരമായ ലാത്തിച്ചാര്‍ജ് പ്രാകൃതവും നീതീകരിക്കാന്‍ കഴിയാത്തതുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള നാട്ടുകാര്‍ക്കെതിരേ നിഷ്ഠൂരമായ ബലപ്രയോഗമാണു നടന്നത്.ജനകീയ സമരങ്ങളെ തോക്കും ലാത്തിയുമുപയോഗിച്ച് അടിച്ചമര്‍ത്താനാവില്ലെന്നു സര്‍ക്കാര്‍ ഓര്‍ക്കണമെന്നു ചെന്നിത്തല പറഞ്ഞു. ഇന്നലെ മുഖ്യമന്ത്രിയെ താന്‍ കണ്ടപ്പോള്‍ പുതുവൈപ്പ് പ്രശ്‌നവും ചര്‍ച്ച ചെയ്തിരുന്നെന്നും പ്രദേശവാസികളുടെ ആശങ്ക അകറ്റാന്‍ അവരുമായി ചര്‍ച്ച നടത്തണമെന്നും സര്‍വ്വ കക്ഷി യോഗം വിളിക്കണമെന്നും ബലപ്രയോഗം നടത്തരുതെന്നും താന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നെന്നും ചെന്നിത്തല പറഞ്ഞു. എന്നാല്‍ അത് കഴിഞ്ഞ് ഒരു മണിക്കൂറിനുള്ളില്‍ വീണ്ടും ലാത്തിച്ചാര്‍ജുണ്ടായി. ഇത് ഒരു തരത്തിലും നീതീകരിക്കാന്‍ കഴിയുന്നതല്ലെന്ന് അദ്ദേഹം പറഞ്ഞു. ഇതിന് ഉത്തരവാദികളായവര്‍ക്കെതിരേ കര്‍ശന നടപടി വേണം. സമാധാനപരമായ ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കുകയാണു വേണ്ടതെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Comments

comments

Categories: Top Stories, World