ലോകത്തെ ആദ്യ പറക്കും കാര്‍ പിഎഎല്‍-വി അടുത്ത വര്‍ഷം പുറത്തിറക്കും

ലോകത്തെ ആദ്യ പറക്കും കാര്‍ പിഎഎല്‍-വി അടുത്ത വര്‍ഷം പുറത്തിറക്കും
രണ്ട് പേര്‍ക്ക് യാത്ര ചെയ്യാവുന്ന വാഹനം റോഡിലും ആകാശത്തും ഉപയോഗിക്കുന്നതിന് 
ലൈസന്‍സ് വേണം

ആംസ്റ്റര്‍ഡാം : ലോകത്തെ ആദ്യ പറക്കും കാര്‍ അടുത്ത വര്‍ഷം പുറത്തിറക്കാന്‍ ഡച്ച് കമ്പനിയായ പിഎഎല്‍-വി നീക്കം തുടങ്ങി. ഇതുസംബന്ധിച്ച നിരവധി പ്രോജക്റ്റുകള്‍ വിവിധ രാജ്യങ്ങളില്‍ മുന്നേറിക്കൊണ്ടിരിക്കുമ്പോഴാണ് ആദ്യ പറക്കും കാര്‍ വിറ്റ് ഉയരങ്ങളിലേക്ക് കുത്തനെ പറക്കാന്‍ പിഎഎല്‍-വി എന്ന കമ്പനി തയ്യാറെടുക്കുന്നത്. വര്‍ഷങ്ങളുടെ പരീക്ഷണങ്ങള്‍ക്കുശേഷമാണ് പിഎഎല്‍-വി കമ്പനി ഈ മേഖലയിലെ എതിരാളികളെ പിന്നിലാക്കി ഒന്നാമനാകുന്നത്. ലോകത്തെ ആദ്യ മൂന്ന് ചക്രങ്ങളുള്ള ഗൈറോകോപ്റ്ററിന്റെ ഉല്‍പ്പാദനം ആരംഭിക്കാന്‍ കമ്പനി തയ്യാറെടുത്തുകഴിഞ്ഞു. രണ്ട് പേര്‍ക്ക് യാത്ര ചെയ്യാവുന്ന വാഹനം പാതയിലും ആകാശത്തും ഉപയോഗിക്കുന്നതിന് ലൈസന്‍സ് വേണം.പറക്കും കാര്‍ എന്ന സ്വപ്‌നത്തിന് നൂറ് വര്‍ഷത്തോളം പഴക്കമുണ്ട്. ലോകത്ത് ആദ്യ വിമാനം കണ്ടുപിടിച്ചപ്പോള്‍തന്നെ അത് റോഡില്‍ ഡ്രൈവ് ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന് ജനം ചിന്തിച്ചിരുന്നതായി പിഎഎല്‍-വി ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ മാര്‍കസ് ഹെസ്സ് പറഞ്ഞു.2018 അവസാനത്തോടെ ആദ്യ പറക്കും കാര്‍ തങ്ങളുടെ ആദ്യ ഉപയോക്താവിന് കൈമാറാനാണ് പിഎഎല്‍-വി (പേഴ്‌സണല്‍ എയര്‍ ആന്‍ഡ് ലാന്‍ഡ്-വെഹിക്ക്ള്‍) കമ്പനി ശ്രമിക്കുന്നത്. നാല്‍പ്പതിനും അമ്പതിനുമിടയില്‍ ജീവനക്കാരാണ് കമ്പനിയില്‍ പ്രവര്‍ത്തിക്കുന്നത്. കരയിലും ആകാശത്തും വാഹനമോടിക്കുന്നതിന് ഭാഗ്യവാനായ ആദ്യ ഉടമ ഡ്രൈവിംഗ് ലൈസന്‍സും പൈലറ്റ് ലൈസന്‍സും കരസ്ഥമാക്കണം. ചെറിയൊരു ടേക്-ഓഫ് നടത്തി വാഹനത്തിന് എയര്‍ഫീല്‍ഡില്‍നിന്ന് പറന്നുയരാം. ലാന്‍ഡിംഗ് നടത്തിയശേഷം ലക്ഷ്യസ്ഥാനത്തേക്ക് വാഹനമോടിച്ചുപോവുകയും ചെയ്യാം. ഡോര്‍-ടു-ഡോര്‍ അനുഭവമാണ് ഈ വാഹനം നല്‍കുന്നത്.പറക്കും കാറിന്റെ വ്യത്യസ്ത വേര്‍ഷനുകളാണ് ചെക്ക് റിപ്പബ്ലിക്, സ്ലോവാക്യ, ജപ്പാന്‍, ചൈന, യുണൈറ്റഡ് സ്റ്റേറ്റ്‌സ് എന്നിവിടങ്ങളില്‍ വികസിപ്പിച്ചുവരുന്നത്. എന്നാല്‍ ഒക്‌റ്റോബറില്‍ പിഎഎല്‍-വിയുടെ അന്തിമ അസ്സംബ്ലിംഗ് തുടങ്ങും. പറക്കും കാറിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉല്‍പ്പാദനം നടത്തുന്ന ആദ്യ കമ്പനിയായിരിക്കും പിഎഎല്‍-വി.നൂറ് കുതിരശക്തി ശേഷിയുള്ള രണ്ട് എന്‍ജിനുകള്‍ക്കായി അണ്‍ലെഡഡ് പെട്രോളാണ് പിഎഎല്‍-വി ഉപയോഗിക്കുന്നത്. 3,500 മീറ്റര്‍ (11,500 അടി) വരെ ഉയരത്തില്‍ 400-500 കിലോമീറ്റര്‍ പറക്കാന്‍ കഴിയും. റോഡില്‍ മണിക്കൂറില്‍ 170 കിലോമീറ്ററായിരിക്കും പരമാവധി വേഗം.

2019 ല്‍ 50 മുതല്‍ 100 വരെ വാഹനങ്ങളും 2020 ല്‍ നൂറുകണക്കിന് വാഹനങ്ങളും നിര്‍മ്മിക്കാമെന്നാണ് പിഎഎല്‍-വി കമ്പനി പ്രതീക്ഷിക്കുന്നത്. വാഹനത്തിന്റെ വില തീരെ ചെറുതായിരിക്കില്ല. പിഎഎല്‍-വി ലിബര്‍ട്ടി എന്നുപേരിട്ട ആദ്യ എഡിഷന് 4.99 ലക്ഷം യൂറോ (5.99 ലക്ഷം ഡോളര്‍) വില വരും. അടുത്തതായി നിര്‍മ്മിക്കുന്ന പിഎഎല്‍-വി ലിബര്‍ട്ടി സ്‌പോര്‍ട്ടിന് 2.99 ലക്ഷം യൂറോ നല്‍കിയാല്‍ മതി.റോബര്‍ട്ട് ഡിന്‍ജിമാന്‍സും പൈലറ്റായ ജോണ്‍ ബക്കറും ചേര്‍ന്ന് 2007 ലാണ് പിഎഎല്‍-വി സ്ഥാപിക്കുന്നത്. ഒരു ഗൈറോകോപ്റ്ററിനെ റോഡിലൂടെ ഡ്രൈവ് ചെയ്യുന്നതിന് രൂപപ്പെടുത്തുന്ന പദ്ധതിയാണ് ആദ്യം തയ്യാറാക്കിയതെന്ന് ഹെസ്സ് പറഞ്ഞു. എന്നാല്‍ ഗൈറോകോപ്റ്ററിന്റെ ബ്ലേഡുകളുടെ ഭാരവും നീളവും ഡ്രൈവ് ചെയ്യുമ്പോള്‍, പ്രത്യേകിച്ച് വളവുകള്‍ തിരിയുമ്പോള്‍ വാഹനം ഉയര്‍ന്ന ഗുരുത്വ കേന്ദ്രത്തിന് കാരണമാകുന്നതായി തിരിച്ചറിയുകയായിരുന്നു. തുടര്‍ന്നാണ് ബട്ടണ്‍ അമര്‍ത്തുമ്പോള്‍ ബ്ലേഡുകള്‍ മടങ്ങുകയും കാറിന് മുകളില്‍ ഒതുങ്ങിയിരിക്കുകയും ചെയ്യുന്നവിധം കാര്‍ ഡിസൈന്‍ ചെയ്തത്.എന്‍ജിന്‍ ശക്തിയില്‍ ബ്ലേഡുകള്‍ പ്രവര്‍ത്തിക്കുന്ന ഹെലികോപ്റ്ററല്ല പിഎഎല്‍-വി. മറിച്ച് എയര്‍ഫ്‌ളോയില്‍ കറങ്ങുന്ന ബ്ലേഡുകളാണ് ഈ ഗൈറോപ്ലെയ്‌നിനുള്ളത്. സാങ്കേതിക കാരണങ്ങളാല്‍ രണ്ട് എന്‍ജിന്റെയും പ്രവര്‍ത്തനം പെട്ടെന്ന് നിന്നാലും വാഹനത്തിന്റെ ബ്ലേഡുകള്‍ കറങ്ങിക്കൊണ്ടിരിക്കും. പറക്കും കാര്‍ താഴെ വീഴുകയുമില്ല. ആകാശത്ത് വാഹനത്തിന്റെ വേഗം പൂജ്യത്തിലാണെങ്കില്‍പ്പോലും ബ്ലേഡുകള്‍ കറങ്ങിക്കൊണ്ടിരിക്കുമെന്ന് ഹെസ്സ് വ്യക്തമാക്കി. ഇതുവരെ എത്ര ഓര്‍ഡര്‍ ലഭിച്ചു എന്ന് മാര്‍കസ് ഹെസ്സ് വെളിപ്പെടുത്തിയില്ല. ഇക്കാര്യത്തില്‍ കമ്പനിക്ക് വളരെയധികം സംതൃപ്തിയാണുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി.മോഡലുകള്‍ക്കനുസരിച്ച് 10,000 മുതല്‍ 25,000 വരെ യൂറോ നോണ്‍-റീഫണ്ടബ്ള്‍ ഡെപ്പോസിറ്റ് നല്‍കിയാണ് ആളുകള്‍ എഎല്‍-വി ബുക്ക് ചെയ്തിരിക്കുന്നത്. 2,500 യൂറോ നല്‍കി ഉപഭോക്തൃ പട്ടികയില്‍ ഇടംപിടിക്കാനുള്ള മൂന്നാമതൊരു ഓപ്ഷന്‍ കൂടി കമ്പനി ഒരുക്കിയിട്ടുണ്ട്.ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍, കമ്പനി ഒരു സ്വപ്‌നമാണ് വില്‍ക്കുന്നതെന്ന് ഹെസ്സ് അഭിപ്രായപ്പെട്ടു. വാഹനം നിര്‍മ്മിച്ചശേഷം കുറഞ്ഞത് 150 മണിക്കൂര്‍ നേരം പരീക്ഷണപ്പറക്കല്‍ നടത്തേണ്ടതായി വരും. ഇതിനുശേഷമേ യൂറോപ്യന്‍ ഏവിയേഷന്‍ സേഫ്റ്റി ഏജന്‍സിയില്‍നിന്ന് അനുമതി ലഭിക്കൂ.വാഹനത്തിന് വലിയ വിലയുള്ളതായി പറയാന്‍ കഴിയില്ലെന്നും കുറച്ച് എക്‌സ്ട്രാകള്‍ ഫിറ്റ് ചെയ്ത ഒരു സൂപ്പര്‍-ഡ്യൂപ്പര്‍ സ്‌പോര്‍ട്‌സ് കാറിന്റെ വില മാത്രമാണ് പിഎഎല്‍-വാഹനത്തിന് ഉള്ളതെന്നും ഹെസ്സ് പറഞ്ഞു. മറ്റ് രാജ്യങ്ങളില്‍ പറക്കും കാറുകള്‍ നിര്‍മ്മിക്കുന്ന എതിരാളികളെ ഇവര്‍ ആശങ്കപ്പെടുന്നില്ല. വ്യോമപാതയില്‍ ഗതാഗതകുരുക്ക് രൂപപ്പെടുമോ എന്ന ചോദ്യത്തിന് മറുപടിയായി മാര്‍കസ് ഹെസ്സ് ഉറക്കെ ചിരിച്ചു.

Comments

comments

Categories: Auto
Tags: flying car