കരീമില്‍ 62 മില്യണ്‍ ഡോളര്‍ നിക്ഷേപിച്ച് സൗദി ശതകോടീശ്വരന്‍

കരീമില്‍ 62 മില്യണ്‍ ഡോളര്‍ നിക്ഷേപിച്ച് സൗദി ശതകോടീശ്വരന്‍

കരീമിന്റെ ഏഴ് ശതമാനം ഓഹരികളാണ് പ്രിന്‍സ് അല്‍വലീദിന്റെ കിംഗ്ഡം ഹോള്‍ഡിംഗ് കമ്പനി സ്വന്തമാക്കിയത്

ദുബായ്: സൗദി ശതകോടീശ്വരന്‍ പ്രിന്‍സ് അല്‍വലീദ് ബിന്‍ തലാലിന്റെ കിംഗ്ഡം ഹോള്‍ഡിംഗ് കമ്പനി ദുബായ് ഓണ്‍ലൈന്‍ ടാക്‌സി കമ്പനിയായ കരീമില്‍ 62 മില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തി. കമ്പനിയുടെ രണ്ടാമത്തെ 500 മില്യണ്‍ ഡോളര്‍ ധനസമാഹരണത്തിന്റെ ഭാഗമായാണ് നിക്ഷേപം നടത്തിയത്.കമ്പനിയില്‍ നിന്നും നേരിട്ട് ഓഹരി വാങ്ങാതെ മറ്റൊരു ഓഹരിയുടമയില്‍ നിന്നാണ് പ്രിന്‍സ് അന്‍വലീദ് ഓഹരികള്‍ സ്വന്തമാക്കിയത്. ഇതോടെ അദ്ദേഹം ഏഴ് ശതമാനം ഓഹരികള്‍ സ്വന്തമാക്കിയെന്ന് കമ്പനി പത്രക്കുറിപ്പിലൂടെ പറഞ്ഞു. കരീമിലെ ഏറ്റവും വലിയ ഓഹരിയുടമകളില്‍ ഒരാളായി മാറിയതോടെ കമ്പനിയുടെ ഡയറക്റ്റര്‍ ബോര്‍ഡില്‍ കിംഗ്ഡം ഹോള്‍ഡിംഗ് കമ്പനിക്ക് (കെഎച്ച്‌സി) സീറ്റ് ലഭിക്കും. പുതിയ സാങ്കേതിക വിദ്യകളില്‍ നിക്ഷേപം നടത്താനുള്ള കമ്പനിയുടെ തീരുമാനത്തിന്റെ ഭാഗമായാണ് കരീമില്‍ നിക്ഷേപം നടത്തിയതെന്ന് സിഇഒ തലാല്‍ ഇബ്രഹിം അല്‍ മൈമാന്‍ പറഞ്ഞു. കരീമിന്റെ ബോര്‍ഡിലേക്കുള്ള കെഎച്ച്‌സിയുടെ പ്രതിനിധിയായി സിഎഫ്ഒ മൊഹമ്മദ് ഫാഹ്മി സോളിമാനെ തെരഞ്ഞെടുത്തെന്നും അദ്ദേഹം വ്യക്തമാക്കി.

കരീമില്‍ ഉണ്ടായിരുന്ന ഓഹരികള്‍ കിംഗ്ഡം ഹോള്‍ഡിംഗ്‌സിന് കൈമാറിയെന്ന് മുന്‍ നിക്ഷേപകരായ അബ്‌റാജ് ഗ്രൂപ്പ് പറഞ്ഞു. ജര്‍മന്‍ ആഡംബര ഓട്ടോമോട്ടീവ് കമ്പനിയായ ഡയ്മലെറുമായി ചേര്‍ന്നാണ് കിംഗ്ഡം ഹോള്‍ഡിംഗ് നിക്ഷേപം നടത്തിയിട്ടുള്ളത്. ഇവ കൂടാതെ ഡിസിഎം വെഞ്ച്വേഴ്‌സ്, കോട്യു മാനേജ്‌മെന്റ് എന്നിവരാണ് കരീമിന്റെ രണ്ടാമത്തെ ധന സമാഹരണത്തില്‍ പങ്കെടുത്തിരിക്കുന്നത്.കമ്പനിയുടെ ആദ്യത്തെ 350 മില്യണ്‍ ഡോളറിന്റെ നിക്ഷേപസമാഹരണം അവസാനിപ്പിച്ച കാര്യം ഡിസംബറില്‍ കരീം പറഞ്ഞിരുന്നു. ജപ്പാനിന്റെ റകുടെന്‍, സൗദിയുടെ ടെലകോം ഉള്‍പ്പടെയുള്ള കമ്പനികളില്‍ നിന്നായിരുന്നു സമാഹരണം നടത്തിയത്. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അബ്‌റാജ് 60 മില്യണ്‍ ഡോളര്‍ നിക്ഷേപമുള്ള പ്രധാന നിക്ഷേപകരായി 2015 നവംബറിലാണ് കരീമിന്റെ ബോര്‍ഡിലേക്ക് എത്തുന്നത്.പുതിയ ധനസമാഹരണം പൂര്‍ത്തിയായതോടെ കരീമിന്റെ വിലമതിപ്പ് 1 ബില്യണ്‍ ഡോളറിന് മുകളിലെത്തി. പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് 1.5ബില്യണ്‍ ഡോളറിന്റെ ആസ്തിയാണ് കമ്പനിക്കുള്ളത്. 2012 ലാണ് കരീം പ്രവര്‍ത്തനം ആരംഭിച്ചത്. 13 രാജ്യങ്ങളിലെ 50 തില്‍ അധികം നഗരങ്ങളിലാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ ദിവസം പലസ്തീനിലേക്കും ഇവര്‍ പ്രവര്‍ത്തനം വ്യാപിപ്പിച്ചിരുന്നു.

Comments

comments

Categories: Business & Economy