ഇന്‍ഫോസിസ് പ്രസിഡന്റ് സന്ദീപ് ദദ്‌ലാനി രാജി വച്ചു

ഇന്‍ഫോസിസ് പ്രസിഡന്റ് സന്ദീപ് ദദ്‌ലാനി രാജി വച്ചു

ബെംഗളുരു: ആഭ്യന്തര പ്രതിസന്ധികള്‍ നേരിടുന്ന ഇന്‍ഫോസിസിന് കൂടുതല്‍ തിരിച്ചടി നല്‍കിക്കൊണ്ട് പ്രസിഡന്റ് സന്ദീപ് ദദ്‌ലാനി രാജി വെച്ചു. പുതിയ സോഫ്റ്റ്‌വെയറുകളും പ്ലാറ്റ്‌ഫോമുകളും വികസിപ്പിച്ചെടുക്കുന്നതിനുള്ള സിഇഒ വിശാല്‍ സിക്കയുടെ ശ്രമങ്ങള്‍ക്ക് ദദ്‌ലാനിയുടെ രാജി താല്‍ക്കാലിക പ്രതിസന്ധി സൃഷ്ടിച്ചേക്കും. കമ്പനിയുടെ പുതിയ സോഫ്റ്റ്‌വെയറുകളില്‍ നിന്നുള്ള ലാഭത്തിനും വരുമാനത്തിനും നേരിട്ട് ഉത്തരവാദിത്തം വഹിച്ചിരുന്നത് ദദ്‌ലാനിയായിരുന്നു.പ്രൊഫഷണല്‍ നെറ്റ്‌വര്‍ക്കിംഗ് പ്ലാറ്റ്‌ഫോമായ ലിങ്ക്ഡ്ഇന്‍ വഴിയാണ് ദദ്‌ലാനി തന്റെ രാജി പ്രഖ്യാപിച്ചത്. ഒരു ‘ ഔട്ട് ഓഫ് ദ വേള്‍ഡ് ചുമതല’ യ്ക്കായാണ് തന്റെ രാജി എന്നാണ് സന്ദീപ് ദദ്‌ലാനി പറയുന്നത്. എന്നാല്‍ ആ വമ്പന്‍ ചുമതല എന്താണെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.’ഇന്‍ഫോസിസ് വിജയകരമായി തുടരുമെന്ന കാര്യത്തിലും ശക്തമായ നേതൃത്വത്തിലും എനിക്ക് ഏറെ ശുഭാപ്തിവിശ്വാസമുണ്ട്. എങ്കിലും എന്റെ വ്യക്തിപരമായ താല്‍പ്പര്യങ്ങള്‍ പരിഗണിച്ച് മറ്റൊരിടത്തേക്ക് നീങ്ങാന്‍ ഞാന്‍ തീരുമാനിച്ചു. അതൊതു ഔട്ട് ഓഫ് ദ വേള്‍ഡ് അവസരമാണ്… കാത്തിരിക്കൂ, ‘ ഇങ്ങനെയായിരുന്നു ദദ്‌ലാനിയുടെ പോസ്റ്റ്. ദദ്‌ലാനിയുടെ രാജി വാര്‍ത്താക്കുറിപ്പിലൂടെ ഇന്‍ഫോസിസ് സ്ഥിരീകരിച്ചിട്ടുണ്ട്. കര്‍മേഷ് വസ്വാനി, നിതേഷ് ബങ്കഎന്നിവരെ അദ്ദേഹത്തിന് പകരം നിയമിച്ചതായും അറിയിച്ചു. ബെംഗളുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍ഫോസിസ്, സിപിജി ആന്റ് ലോജിസ്റ്റിക്‌സ് റീട്ടെയ്‌ലിന്റെ ആഗോള തലവനായാണ് കര്‍മേഷ് വസ്വാനിയെ നിയമിച്ചിരിക്കുന്നത്. മാനുഫാക്ചറിംഗിന്റെ ആഗോള തലവനായാണ് നിതേഷ് ബങ്കയെ നിയമിച്ചത്. ജൂലൈ 15 മുതലാണ് ഈ നിയമനങ്ങള്‍ പ്രാബല്യത്തില്‍ വരിക. ‘കഴിഞ്ഞ മൂന്ന് വര്‍ഷമായുള്ള ഇന്‍ഫോസിസിന്റെ പരിവര്‍ത്തന യാത്രയിലെ വിജയത്തിന് സന്ദീപ് നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. മുന്നോട്ടുള്ള യാത്രയില്‍ അദ്ദേഹത്തിന് നല്ലത് ആശംസിക്കുന്നു വിശാല്‍ സിക്ക പ്രസ്താവനയില്‍ പറഞ്ഞു. ഇന്ദര്‍പ്രീത് സാവ്‌നിയെ ഗ്രൂപ്പ് ജനറല്‍ കൗണ്‍സല്‍ ആയി നിയമിച്ചതായും ഇന്‍ഫോസിസ് അറിയിച്ചിട്ടുണ്ട്. 2017 ജൂലൈ 3 മുതലാണ് ഈ നിയമനം പ്രാബല്യത്തില്‍ വരിക. വിപ്രോയില്‍ നിന്നാണ് സാവ്‌നി ഇന്‍ഫോസിസില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്.

Comments

comments

Categories: Tech, Top Stories