2020ഓടെ 20 ബില്യണ്‍ ഡോളറെന്ന ലക്ഷ്യം അപ്രാപ്യമാണെന്ന് ഇന്‍ഫോസിസ് കോ ചെയര്‍മാന്‍

2020ഓടെ 20 ബില്യണ്‍ ഡോളറെന്ന ലക്ഷ്യം അപ്രാപ്യമാണെന്ന് ഇന്‍ഫോസിസ് കോ ചെയര്‍മാന്‍
പരിവര്‍ത്തനത്തിന്റെ ഘട്ടത്തില്‍ അതുമായി ബന്ധപ്പെട്ട എല്ലാവരുടെയും അഭിപ്രായങ്ങള്‍ 
കണക്കിലെടുക്കാന്‍ ഡയറക്റ്റര്‍ ബോര്‍ഡിന് കഴിഞ്ഞിട്ടില്ലെന്ന് വിലയിരുത്തല്‍

ബെംഗളുരു: 2020തോടെ 20 ബില്യണ്‍ ഡോളര്‍ വരുമാനമെന്ന മുന്‍ വളര്‍ച്ചാ ലക്ഷ്യത്തെ പുതിയ സാഹചര്യങ്ങള്‍ക്കും വെല്ലുവിളികള്‍ക്കും അനുസരിച്ച് തിരുത്തുകയാണ് രാജ്യത്തെ രണ്ടാമത്തെ സോഫ്റ്റ്‌വെയര്‍ കയറ്റുമതി കമ്പനിയായ ഇന്‍ഫോസിസ്. അനിശ്ചിതാവസ്ഥകള്‍ നിറഞ്ഞ ആഗോള ഔട്ട്‌സോഴ്‌സിംഗ് വിപണിയില്‍ ഭാവി വളര്‍ച്ചയ്ക്കായുള്ള തന്ത്രങ്ങള്‍ സംബന്ധിച്ച് ഇന്‍ഫോസിസ് സ്ഥാപകരുമായി സമവായമുണ്ടാക്കാനാണ് ഡയറക്റ്റര്‍ ബോര്‍ഡ് ലക്ഷ്യമിടുന്നത്.
2015 സാമ്പത്തിക വര്‍ഷത്തിലാണ് ഇന്‍ഫോസിസ് ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ (സിഇഒ) വിശാല്‍ സിക്ക 20 ബില്യണ്‍ ഡോളറെന്ന വരുമാന ലക്ഷ്യം പ്രഖ്യാപിച്ചത്. എന്നാല്‍ വ്യവസായ വളര്‍ച്ചയിലെ മന്ദഗതിയും കമ്പനി നേരിട്ട വെല്ലുവിളികളും ഈ ലക്ഷ്യത്തിലെത്തുന്നതിന് തടസമായി. 2020തോടെ 20 ബില്യണ്‍ ഡോളര്‍ വരുമാനത്തിനൊപ്പം 30 ശതമാനം ഓപ്പറേറ്റിംഗ് മാര്‍ജിന്‍, ജീവനക്കാരുടെ പ്രതിശീര്‍ഷ വരുമാനം 80,000 ഡോളര്‍ എന്നീ ലക്ഷ്യങ്ങളും സിക്ക മുന്നോട്ടുവെച്ചിരുന്നു.

20 ബില്യണ്‍ ഡോളര്‍ വരുമാനമെന്നത് സാധ്യമായ ഒന്നാണെങ്കിലും 2020 ആകുമ്പോഴേക്കും ഇത് സാധ്യമാക്കാനാകില്ലെന്നാണ് ഇന്‍ഫോസിസ് കോ ചെയര്‍മാന്‍ രവി വെങ്കിടേശന്‍ വിലയിരുത്തുന്നത്. 2017 സാമ്പത്തിക വര്‍ഷത്തില്‍ ഇന്‍ഫോസിസ് 10 ബില്യന്‍ ഡോളരിനു മുകളില്‍ വരുമാനം നേടി. ഡയറക്റ്റര്‍മാരുടെ പുതുതായി രൂപീകരിക്കപ്പെട്ട സമിതി വിശാല്‍ സിക്കയുമായും മാനേജ്‌മെന്റുമായും ചേര്‍ന്നു നിന്നുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും വളര്‍ച്ചാ ലക്ഷ്യങ്ങള്‍ എങ്ങനെ സാധ്യമാക്കണം എന്നതു സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുകയാണെന്നും രവി വെങ്കിടേശന്‍ വ്യക്തമാക്കുന്നു. ഏപ്രിലിലാണ് കോചെയര്‍മാനായി രവി വെങ്കിടേശന്‍ ചുമതലയേറ്റത്.വിശാല്‍ സിക്ക മുന്നോട്ടു വെച്ച ജിവനക്കാരുടെ കോംപന്‍സേഷന്‍ പാക്കേജ് ദീര്‍ഘകാലത്തില്‍ നടപ്പാക്കാനാകുമെന്നാണ് നോമിനേഷന്‍ ആന്റ് റെമ്യൂണറേഷന്‍ കമ്മിറ്റി (എന്‍എആര്‍സി) ഇപ്പോള്‍ വ്യക്തമാക്കുന്നത്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ്അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 6.7 മില്യണ്‍ ഡോളറായിരുന്നു സിക്കയുടെ നഷ്ടപരിഹാരം. വരുമാന വളര്‍ച്ച, പ്രവര്‍ത്തന വരുമാനം, ഉല്‍പ്പാദനക്ഷമത എന്നീ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് സിക്കയുടെ നഷ്ടപരിഹാര തുക കണക്കാക്കുന്നത്. നേരത്തെ ഇന്‍ഫോസിസിലെ ദുര്‍ബലമായ കോര്‍പ്പറേറ്റ് ഭരണത്തിനെതിരെ ഇന്‍ഫോസിസ് സ്ഥാപകരിലൊരാളായ എന്‍ ആര്‍ നാരായണ മൂര്‍ത്തി വിമര്‍ശനം ഉന്നയിച്ചിരുന്നു. കമ്പനിയിലെ സീനീയര്‍ മാനേജര്‍മാരുടെ ഉയര്‍ന്ന നഷ്ടപരിഹാരത്തെയും അദ്ദേഹം ചോദ്യം ചെയ്തിരുന്നു. പരിവര്‍ത്തനത്തിന്റെ ഘട്ടത്തില്‍ അതുമായി ബന്ധപ്പെട്ട എല്ലാവരുടെയും അഭിപ്രായങ്ങള്‍ കണക്കിലെടുക്കാന്‍ ഡയറക്റ്റര്‍ ബോര്‍ഡിന് കഴിഞ്ഞിട്ടില്ലെന്നാണ് രവി വെങ്കിടേശന്‍ പറയുന്നത്.

Comments

comments

Categories: Business & Economy, Tech