കാനഡ സീറോ-എമിഷന്‍ വെഹിക്ക്ള്‍ പദ്ധതി തയ്യാറാക്കുന്നു

കാനഡ സീറോ-എമിഷന്‍ വെഹിക്ക്ള്‍ പദ്ധതി തയ്യാറാക്കുന്നു
വൈദ്യുത, പ്ലഗ്-ഇന്‍ ഹൈബ്രിഡ്, ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ വാഹനങ്ങളുടെ എണ്ണം 
മന്ത്രിതല സമിതി തീരുമാനിക്കും

ന്യൂ ഡെല്‍ഹി : 2018 ഓടെ കനേഡിയന്‍ സര്‍ക്കാര്‍ സീറോ-എമിഷന്‍ വെഹിക്ക്ള്‍ പദ്ധതി തയ്യാറാക്കും. രാജ്യത്തെ നിരത്തുകളില്‍ സീറോ-എമിഷന്‍ വാഹനങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഇതുവഴി ഹരിതഗൃഹ വാതക ബഹിര്‍ഗമനം ഇനിയും കുറച്ചുകൊണ്ടുവരാമെന്ന് സര്‍ക്കാര്‍ കണക്കുകൂട്ടുന്നു.അടുത്ത പതിനഞ്ച് വര്‍ഷത്തിനിടെ രാജ്യത്തെ നിരത്തുകളില്‍ എത്രയെണ്ണം വൈദ്യുത വാഹനങ്ങള്‍, പ്ലഗ്-ഇന്‍ ഹൈബ്രിഡ് വാഹനങ്ങള്‍, ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ വാഹനങ്ങള്‍ എന്നിവ വേണമെന്ന് കാനഡയിലെ ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് ഇന്നൊവേഷന്‍, സയന്‍സ്, ഇക്കണോമിക് ഡെവലപ്‌മെന്റ് മന്ത്രിമാര്‍ നിശ്ചയിക്കും. നിലവില്‍ രാജ്യത്തുനിന്നുള്ള ആകെ കാര്‍ബണ്‍ ബഹിര്‍ഗമനത്തിന്റെ 24 ശതമാനം ഗതാഗത മേഖല വരുത്തിവെയ്ക്കുന്നതാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

2030 ഓടെ രാജ്യത്തിന്റെ ഹരിതഗൃഹ വാതക ബഹിര്‍ഗമനം കുറച്ചുകൊണ്ടുവരികയെന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ ലൈറ്റ്-ഡ്യൂട്ടി വാഹന നിയന്ത്രണങ്ങള്‍, പ്രവിശ്യാ അടിസ്ഥാനത്തിലുള്ള സീറോ-എമിഷന്‍ വാഹന പദ്ധതികള്‍, കനേഡിയന്‍ ഇന്നൊവേഷന്‍ സൂപ്പര്‍ക്ലസ്റ്റേഴ്‌സ് തുടങ്ങി നിലവിലുള്ള പദ്ധതികളെ പിന്‍പറ്റിയാണ് പുതിയ പദ്ധതി തയ്യാറാക്കുന്നത്.പാന്‍-കനേഡിയന്‍ ഫ്രെയിംവര്‍ക് ഓണ്‍ ക്ലീന്‍ ഗ്രോത്ത് ആന്‍ഡ് ക്ലൈമറ്റ് ചേയ്ഞ്ചില്‍ ഭാഗഭാക്കായതോടെ 2005 ലെ തോതില്‍നിന്ന് 2030 ഓടെ ഹരിതഗൃഹ വാതക ബഹിര്‍ഗമനം 70 ശതമാനമായി കുറയ്ക്കാനുള്ള ഉത്തരവാദിത്തം കാനഡ നിറവേറ്റിയേ മതിയാകൂ.

ഈ വര്‍ഷമാദ്യം രാജ്യത്ത് ഏറ്റവുമധികം ജനസംഖ്യയുള്ള പ്രവിശ്യയായ ഒന്റാറിയോ സീറോ-എമിഷന്‍ വാഹന നയവുമായി ബന്ധപ്പെട്ട് ശ്രദ്ധേയമായ പുരോഗതി കൈവരിച്ചിരുന്നു. കൂടുതല്‍ വിലയേറിയ സീറോ-എമിഷന്‍ വാഹനങ്ങളുടെ വില്‍പ്പന വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നല്‍കുന്ന റിബേറ്റ് ഒന്റാറിയോ സര്‍ക്കാര്‍ 6,000 ഡോളറായി ഉയര്‍ത്തിയിരുന്നു. നേരത്തെ 75,000 ഡോളറിനും 1.50 ലക്ഷം ഡോളറിനും ഇടയില്‍ വില വരുന്ന വൈദ്യുത വാഹനങ്ങള്‍ക്ക് 3,000 ഡോളര്‍ റിബേറ്റാണ് നല്‍കിയിരുന്നത്.സീറോ-എമിഷന്‍ വാഹനങ്ങളുടെ ലഭ്യത, വില, ഇത്തരം വാഹനങ്ങള്‍ വാങ്ങുന്നതുമൂലം ഉടമകള്‍ക്കുണ്ടാകുന്ന നേട്ടങ്ങള്‍, അടിസ്ഥാനസൗകര്യങ്ങള്‍, പൊതുജന അവബോധം തുടങ്ങിയവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതിനും തടസ്സങ്ങള്‍ നീക്കുന്നതിനുമായി കനേഡിയന്‍ സര്‍ക്കാര്‍ ദേശീയ ഉപദേശക സമിതി രൂപീകരിച്ചിട്ടുണ്ട്.

Comments

comments

Categories: Auto