ഓഫീസ് അസ്സറ്റുകള്‍ എംബസി ആര്‍ഇഐടി മുഖേന ലിസ്റ്റ് ചെയ്യും

ഓഫീസ് അസ്സറ്റുകള്‍ എംബസി ആര്‍ഇഐടി മുഖേന ലിസ്റ്റ് ചെയ്യും
ഏകദേശം 600 മില്യണ്‍ ഡോളര്‍ സമാഹരിക്കാനാണ് കമ്പനിയുടെ ലക്ഷ്യം

ബെംഗളൂരു : ഈ വര്‍ഷം അവസാനത്തോടെ തെരഞ്ഞെടുത്ത കൊമേഴ്‌സ്യല്‍ അസ്സറ്റുകള്‍ തങ്ങളുടെ റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റില്‍ (ആര്‍ഇഐടി) ലിസ്റ്റ് ചെയ്യുന്ന കാര്യം പരിഗണിക്കുന്നതായി റിയല്‍ എസ്റ്റേറ്റ് കമ്പനിയായ എംബസി പ്രോപ്പര്‍ട്ടി ഡെവലപ്‌മെന്റ്‌സ്. ഏകദേശം 600 മില്യണ്‍ ഡോളര്‍ സമാഹരിക്കാനാണ് കമ്പനിയുടെ ലക്ഷ്യം.വസ്തുവകകള്‍ ആര്‍ഇഐടിയില്‍ ലിസ്റ്റ് ചെയ്യുന്നതിന് മുമ്പ് ഒരുപാട് കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാനുണ്ടെന്ന് എംബസി ഓഫീസ് പാര്‍ക്‌സ് സിഇഒ മൈക് ഹോളണ്ട് വ്യക്തമാക്കി. ന്യൂ യോര്‍ക് ആസ്ഥാനമായ സ്വകാര്യ ഓഹരി കമ്പനിയായ ബ്ലാക്ക്‌സ്റ്റോണ്‍ ഗ്രൂപ്പിന്റെയും എംബസി ഗ്രൂപ്പിന്റെയും സംയുക്ത സംരംഭമാണ് എംബസി ഓഫീസ് പാര്‍ക്‌സ്. ഇതുസംബന്ധിച്ച് ഈയാഴ്ച്ച നിരവധി യോഗങ്ങള്‍ നടത്തിയതായി മൈക് ഹോളണ്ട് പറഞ്ഞു. ആര്‍ഇഐടിയില്‍ ലിസ്റ്റ് ചെയ്യേണ്ട അസ്സറ്റുകള്‍ ഏതൊക്കെയെന്ന് തീരുമാനിച്ചുവരികയാണ്.എന്നാല്‍ ആര്‍ഇഐടിയുടെ മൂല്യം എത്രയെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല. ആര്‍ഇഐടി രജിസ്റ്റര്‍ ചെയ്യുന്നതിന് തത്വത്തില്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ഡിസംബറില്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയ്ക്ക് (സെബി) എംബസി അപേക്ഷ സമര്‍പ്പിച്ചിരുന്നു.

മുഴുവന്‍ വസ്തുവകകളും ആര്‍ഇഐടിയില്‍ ലിസ്റ്റ് ചെയ്യണമോയെന്ന കാര്യം കൂടി എംബസി പരിഗണിച്ചുവരികയാണ്. നിര്‍മ്മാണത്തിലിരിക്കുന്ന 3.5 മില്യണ്‍ ചതുരശ്ര അടി ഓഫീസ് അസ്സറ്റുകളും ലിസ്റ്റ് ചെയ്യാനാണ് എംബസി പ്രോപ്പര്‍ട്ടി ഡെവലപ്‌മെന്റ്‌സ് ആലോചിക്കുന്നത്.2012 ല്‍ എംബസി തങ്ങളുടെ അമ്പത് ശതമാനം ഓഫീസ് അസ്സറ്റ്‌സ് ബ്ലാക്ക്‌സ്റ്റോണിന് വിറ്റഴിച്ചിരുന്നു. സംയുക്ത സംരംഭ കമ്പനിയായ എംബസി ഓഫീസ് പാര്‍ക്‌സിന് ആകെ 16.2 മില്യണ്‍ ചതുരശ്ര അടി ഓഫീസ് അസ്സറ്റുകളാണുള്ളത്. ബെംഗളൂരുവിലെ എംബസി ഗോള്‍ഫ് ലിങ്ക്, മാന്യത എംബസി ബിസിനസ് പാര്‍ക്, പുണെയിലെ എംബസി ടെക് സോണ്‍ എന്നിവ ഈ പ്രോപ്പര്‍ട്ടികളില്‍ ഉള്‍പ്പെടും.പല വലിയ കൊമേഴ്‌സ്യല്‍ ഓഫീസ് ഡെവലപ്പര്‍മാരും അസ്സറ്റുകള്‍ ആര്‍ഇഐടി മുഖേന ലിസ്റ്റ് ചെയ്യാനാണ് ആലോചിക്കുന്നത്. ആവശ്യമായ തുക സമാഹരിക്കുന്നതിന് കമ്പനികള്‍ക്ക് ഇതിലൂടെ കഴിയും. ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയുടെ പിന്തുണയുള്ള ബെംഗളൂരു ആസ്ഥാനമായ പ്രോപ്പര്‍ട്ടി ഡെവലപ്പറായ ആര്‍എംഇസഡ് കോര്‍പ്പ് 2017 മൂന്നാം പാദത്തില്‍ ആര്‍ഇഐടി ലിസ്റ്റ് ചെയ്യാനാണ് തയ്യാറെടുക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ ഡെവലപ്പറായ ഡിഎല്‍എഫ് ഈ സാമ്പത്തിക വര്‍ഷം തങ്ങളുടെ ആര്‍ഇഐടി ലിസ്റ്റ് ചെയ്യുന്ന കാര്യം പരിഗണിക്കുകയാണ്.

 

Comments

comments

Categories: Business & Economy
Tags: Embassy