എയര്‍ ഇന്ത്യ സ്വകാര്യവത്കരണം ; 30,000 കോടി രൂപയുടെ ബാധ്യത എഴുതിത്തള്ളുന്നതിന് സര്‍ക്കാരിന്റെ ശ്രമം

എയര്‍ ഇന്ത്യ സ്വകാര്യവത്കരണം ; 30,000 കോടി രൂപയുടെ ബാധ്യത എഴുതിത്തള്ളുന്നതിന് സര്‍ക്കാരിന്റെ ശ്രമം
വിറ്റൊഴിക്കുന്നതിന്റെ നടപടിക്രമങ്ങള്‍ ഈ മാസം തന്നെ ആരംഭിക്കും

ന്യൂഡെല്‍ഹി: കടബാധ്യതയും ഭീമമായ തുകയുടെ നഷ്ടവും കാരണം പ്രതിസന്ധിയിലായ എയര്‍ ഇന്ത്യ വിറ്റൊഴിയുന്നതിനുള്ള പദ്ധതി തയാറായതായി റിപ്പോര്‍ട്ട്. 60,000 കോടി രൂപയുടെ കടബാധ്യതയാണ് എയര്‍ ഇന്ത്യക്കുള്ളത്. ഇതിന്റെ പകുതിയോളം തുക എഴുതിതള്ളിയേക്കുമെന്നാണ് സൂചന. എന്നാല്‍ ആസ്തികള്‍ അടിസ്ഥാനമാക്കിയായിരിക്കില്ല കടം എഴുതിതള്ളുന്നത്. എയര്‍ ഇന്ത്യയുടെ ഏകദേശം 21,000 കോടി വായ്പാ തിരിച്ചടവിന്റെ ബാധ്യ സര്‍ക്കാര്‍ ഏറ്റെടുത്തേക്കുമെന്ന് സൂചനയുണ്ട്. എയര്‍ ഇന്ത്യാ വായ്പയുടെ മൂന്നില്‍ ഒരു ഭാഗം സര്‍ക്കാര്‍ ഉറപ്പിന്മേലുള്ളതാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ചേരുന്ന മന്ത്രിമാരുടെ യോഗത്തില്‍ എയര്‍ ഇന്ത്യയുടെ വില്‍പ്പനയുമായി ബന്ധപ്പെട്ട് തയാറാക്കിയിട്ടുള്ള പദ്ധതികള്‍ ചര്‍ച്ചചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു.അതേസമയം എയര്‍ ഇന്ത്യക്ക് വായ്പ നല്‍കിയിട്ടുള്ള ബാങ്കുകള്‍ സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തി വരികയാണ്. പലിശ നിരക്ക് പുനര്‍ നിര്‍ണയിക്കുന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ എയര്‍ ഇന്ത്യയുടെ കടബാധ്യതയില്‍ തീര്‍പ്പുണ്ടാക്കുന്നതിന് ആലോചിക്കുന്നുണ്ട്. 115 വിമാനങ്ങള്‍, ലാന്‍ഡ് പാഴ്‌സല്‍സ്, ബില്‍ഡിംഗ്, സര്‍വീസ് റൈറ്റ്‌സ് എന്നിവയുള്‍പ്പടെ എയര്‍ ഇന്ത്യയുടെ ഭൗതിക ആസ്തികളുടെ മൂല്യം കേന്ദ്ര വ്യോമയാന മന്ത്രാലയം കണക്കാക്കിയിട്ടുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു. 25,000-30,000 കോടി രൂപയുടെ മൂല്യമാണ് ഈ ആസ്തികള്‍ക്കുള്ളത്.
അടുത്ത വര്‍ഷം മാര്‍ച്ച് മാസത്തോടെ സര്‍ക്കാര്‍ പൂര്‍ണമായും എയര്‍ ഇന്ത്യ കൈയൊഴിയുമെന്നും സ്വകാര്യ കമ്പനിക്ക് എയര്‍ലൈന്‍ കൈമാറുമെന്നുമാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കടബാധ്യത സംബന്ധിച്ച പ്രശ്‌നങ്ങള്‍ക്ക് പുറമെ എയര്‍ ഇന്ത്യയിലുള്ള ന്യൂനപക്ഷ ഓഹരികള്‍ നിലനിര്‍ത്തണോ വേണ്ടയോ എന്നതു സംബന്ധിച്ചും സര്‍ക്കാര്‍ ചര്‍ച്ച നടത്തും. എയര്‍ ഇന്ത്യ ഏറ്റെടുക്കുന്നതിനായി വിദേശ വിമാനക്കമ്പനികള്‍ക്കും അവസരമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നിലവിലുള്ള എഫ്ഡിഐ നിയമ പ്രകാരം ഇന്ത്യന്‍ വിമാനകമ്പനിയുടെ 49 ശതമാനം ഓഹരികളാണ് വിദേശ വിമാനക്കമ്പനിക്ക് വാങ്ങാന്‍ സാധിക്കുന്നത്. മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരത്തിനു ശേഷം ജൂണ്‍ അവസാനത്തോടെ എയര്‍ ഇന്ത്യ വിറ്റൊഴിയുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കും.

Comments

comments

Categories: Business & Economy