യാഹുവിന്റെ പുതു ഇന്നിംഗ്‌സ്

യാഹുവിന്റെ പുതു ഇന്നിംഗ്‌സ്
യാഹുവിനെ ഏറ്റെടുക്കുന്ന വെരിസോണ്‍ ഡീല്‍ കഴിഞ്ഞ ദിവസം പൂര്‍ണമായി. ഇനി 
യാഹുവിനെ സംബന്ധിച്ചിടത്തോളം പുതിയ കാലമാണ്. നഷ്ടപ്രതാപം തിരിച്ചെടുക്കാന്‍ 
ഈ ഇന്റര്‍നെറ്റ് കമ്പനിക്ക് സാധിക്കുമോ, വെരിസോണിന് കീഴില്‍

അമേരിക്കയിലെ വെരിസോണ്‍ എന്ന ടെലികോം ഭീമന്‍ 4.5 ബില്ല്യണ്‍ ഡോളറിനാണ് മുന്‍കാല ഇന്റര്‍നെറ്റ് സെലിബ്രിറ്റി കമ്പനിയായ യാഹുവിനെ ഏറ്റെടുത്തത്. ഈ ഡീല്‍ സംബന്ധിച്ച മുഴുവന്‍ ഇടപാടുകളും കഴിഞ്ഞ ദിവസം പൂര്‍ത്തിയായി. അങ്ങനെ 21 വര്‍ഷത്തെ യാഹുവിന്റെ സംഭവബഹുലമായ ചരിത്രവും അവസാനിച്ചു. കമ്പനിയുടെ സെലിബ്രിറ്റി സിഇഒ മരീസ മേയര്‍ രാജിവെക്കുകയും ചെയ്തു. വെരിസോണില്‍ ചേരുന്നില്ല അവര്‍. എല്ലാം ഇനി ഒന്നില്‍ നിന്ന് തുടങ്ങുകയാണ് ഏറ്റവും ജനകീയമായ ഇന്റര്‍നെറ്റ് ബ്രാന്‍ഡുകളിലൊന്നായ യാഹു.യാഹുവിന്റെ മെയ്ല്‍, ഡിജിറ്റല്‍ സേവനങ്ങള്‍, ന്യൂസ്, സ്‌പോര്‍ട്‌സ് വിഭാഗങ്ങള്‍ എന്നിവ ടിം ആംസ്‌ട്രോംഗ് ആയിരിക്കും നയിക്കുകയെന്ന് വെരിസോണ്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനായി ഓത്ത് എന്ന പേരില്‍ പുതിയ കമ്പനിയുണ്ടാക്കിയിരിക്കുകയാണ് അവര്‍. അതിന്റെ സിഇഒ ആയിരിക്കും ടിം. ഡിജിറ്റല്‍ മാധ്യമരംഗത്തെ ഭീമന്‍മാരായ എഒഎല്‍ (അമേരിക്ക ഓണ്‍ലൈന്‍), ഹഫ്‌പോസ്റ്റ്, ടെക് ക്രഞ്ച് തുടങ്ങിയ സംരംഭങ്ങളെ ഈ കമ്പനിയുടെ കീഴിലാണ് വെരിസോണ്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. യാഹുവും കൂടി ചേര്‍ന്ന് ഒരു സമഗ്രമായ ഡിജിറ്റല്‍ കടന്നുകയറ്റമാണ് വെരിസോണ്‍ ലക്ഷ്യമിടുന്നത്. സോഷ്യല്‍ മീഡിയയും ഡിജിറ്റല്‍ വാര്‍ത്താ മാധ്യമങ്ങളും സമ്മേളിപ്പിച്ച് ഇന്റര്‍നെറ്റ് ലോകത്ത് അപ്രമാദിത്വം നേടാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. യാഹുവിനെയും എഒഎല്‍-സംരംഭങ്ങളെയും സംയോജിപ്പിച്ച് ഗൂഗിളിന്റെയും ഫേസ്ബുക്കിന്റെയും ഡിജിറ്റല്‍ അഡ്വര്‍ടൈസിംഗ് കുത്തക തകര്‍ക്കാനും വെരിസോണിന് പദ്ധതിയുണ്ട്. അതുകൊണ്ടുതന്നെ യാഹുവിന് പുതുജീവന്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.

തീര്‍ത്തും നാടകീയമായിരുന്നു യാഹുവിന്റെ വീഴ്ച. നില്‍ക്കക്കള്ളിയില്ലാതായി ഒടുവില്‍ കിട്ടുന്ന കാശിന് വിറ്റൊഴിയാം എന്ന നിലയില്‍ സ്ഥാപകരെ കൊണ്ടുചെന്നെത്തിച്ചു യാഹുവിന്റെ പതനം.കാലത്തിനനുസരിച്ച് മാറിയില്ലെങ്കില്‍ എത്ര വലിയ ബിസിനസും പരാജയപ്പെടുന്നതിന് അത്ര സമയം വേണ്ട എന്നതിന്റെ ഓര്‍മപ്പെടുത്തലായിരുന്നു യാഹുവിന്റെ ട്രാക്ക് റെക്കോഡ്. ഇന്റര്‍നെറ്റ് യുഗത്തിന് തുടക്കമിട്ട വമ്പന്‍ കമ്പനി തകര്‍ന്ന് തരിപ്പണമായി ഒരു ദുരന്തപര്യവസായിയായി മാറിയത് ദീര്‍ഘവീക്ഷണമില്ലായ്മയുടെയും നിര്‍ഭാഗ്യത്തിന്റെയും ഫലമായാണ്.2000ത്തില്‍ 125 ബില്ല്യണ്‍ ഡോളറായിരുന്നു യാഹുവിന്റെ മൂല്യം. ടെക് ഭീമനായ ബില്‍ ഗേറ്റ്‌സിന്റെ മൈക്രോസോഫ്റ്റ് 2008ല്‍ യാഹുവിനെ ഏറ്റെടുക്കാന്‍ തയാറായി. 45 ബില്ല്യണ്‍ ഡോളറായിരുന്നു ഓഫര്‍ ചെയ്തത്. പക്ഷേ, അത്രയും കുറഞ്ഞ തുകയ്ക്ക് കമ്പനിയെ വില്‍ക്കാനില്ലെന്ന നിലപാടിലായിരുന്നു യാഹു.ഒന്നരപ്പതിറ്റാണ്ട് മുന്‍പ് 125 ബില്ല്യണ്‍ ഡോളര്‍ മൂല്യമുണ്ടായിരുന്ന കമ്പനി ഒടുവില്‍ കേവലം 4.8 ബില്ല്യണിന് വെരിസോണിന് വില്‍ക്കേണ്ടിവന്നു. ഇത്തരമൊരു ദുരവസ്ഥ ഇന്റര്‍നെറ്റ് വിപ്ലവത്തിന് തുടക്കം കുറിച്ച യാഹുവിനെപ്പോലൊരു കമ്പനിക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.വലിയൊരു പാഠമാണ് ഇത് ലോകമെമ്പാടുമുള്ള സംരംഭങ്ങള്‍ക്ക് നല്‍കുന്നത്. ഭാവിയെ നിയന്ത്രിക്കാന്‍ സാധ്യതയുള്ള ടെക്‌നോളജി അനുവര്‍ത്തിച്ചില്ലെങ്കില്‍ വിപണിയില്‍ നിന്ന് പുറന്തള്ളപ്പെടും. കഴിഞ്ഞ വര്‍ഷത്തെ കണക്ക് പരിശോധിക്കുമ്പോള്‍ പോലും വ്യക്തമാകുന്നത് ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിക്കുന്ന നാലാമത്തെ വെബ്‌സൈറ്റാണ് യാഹു എന്നാണ്.

എന്നാല്‍ കമ്പനിയെ ലാഭകരമാക്കി മാറ്റാന്‍ അതു മതിയായിരുന്നില്ല. യാഹുവിനുശേഷം ഡിജിറ്റല്‍ ലോകത്തേക്ക് കടന്നുവന്ന ഗൂഗിളും ഫേസ്ബുക്കും ജനങ്ങളുടെ ദൈനംദിന ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്ന തരത്തിലുള്ള സാങ്കേതികത സേവനങ്ങളുമായി അരങ്ങുവാണപ്പോള്‍ യാഹുവിന് കാഴ്ച്ചക്കാരനായി നോക്കി നില്‍ക്കാനേ സാധിച്ചുള്ളൂ. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യതകള്‍ ഗൂഗിളും ഫേസ്ബുക്കും എല്ലാം ഏറെ മുമ്പേ തേടി. എന്നാല്‍ അതൊന്നും മുന്‍കൂട്ടിക്കാണാനുള്ള ശേഷി യാഹുവിനുണ്ടായില്ല.ഗൂഗിളിന്റെ ഏറ്റവും വിജയകരമായ ഗൂഗിള്‍ സേര്‍ച്ചും ജിമെയ്‌ലും വികസിപ്പിച്ചതില്‍ സജീവ പങ്കുവഹിച്ച ടെക്‌നോളജി വിദഗ്ധയായ മരീസ മേയറുടെയും കരിയറില്‍ ബ്ലാക്ക് മാര്‍ക്കായി യാഹു മാറി. നിലനില്‍ക്കാന്‍ പാടുപെടുന്ന കമ്പനിക്ക് വലിയ ഏറ്റെടുക്കലുകള്‍ കൂടുതല്‍ ബാധ്യതയായിത്തീരുമെന്ന് മനസിലാക്കാനുള്ള ചെറിയ യുക്തി പോലും മരീസയ്ക്കുണ്ടായില്ലെന്നത് ആശ്ചര്യമായിരുന്നു. 2013ല്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് പ്ലാറ്റ്‌ഫോമായ ടംബ്ലറിനെ മരീസ ഏറ്റെടുത്തത് 1.1 ബില്ല്യണ്‍ ഡോളറിനാണ്. ഇന്ന് വെരിസോണ്‍ യാഹുവിനെ ഏറ്റെടുത്തത് കേവലം 4.8 ബില്ല്യണ്‍ ഡോളറിനാണെന്ന് ഓര്‍ക്കുക. സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളായിരുന്ന ഡേവിഡ് ഫിലോയും ജെറി യാംഗും 1994ലാണ് യാഹുവിന് തുടക്കമിട്ടത്. ഇന്നത് പുതിയ വഴിത്തിരിവിലെത്തിയിരിക്കുകയാണ്. പുതിയ ഭാവത്തിലും പുതിയ രീതികളിലൂടെയും യാഹു എന്ന ബ്രാന്‍ഡിന് പുതിയ കാലത്തിന്റെ ഡിജിറ്റല്‍ യുഗത്തില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കുമോയെന്ന് കണ്ടറിയേണ്ടതുണ്ട്.

Comments

comments

Categories: Editorial, World