ലോധ ഗ്രൂപ്പ് യുകെയില്‍ കൂടുതല്‍ പ്രോജക്റ്റുകള്‍ നടപ്പാക്കും

ലോധ ഗ്രൂപ്പ് യുകെയില്‍ കൂടുതല്‍ പ്രോജക്റ്റുകള്‍ നടപ്പാക്കും
ലണ്ടനില്‍ നിര്‍മ്മാണത്തിലിരിക്കുന്ന രണ്ട് പ്രോജക്റ്റുകളില്‍നിന്നുള്ള വരുമാനം തിരികെ 
നിക്ഷേപിക്കും

ലണ്ടന്‍ : റിയല്‍റ്റി ഡെവലപ്പറായ ലോധ ഗ്രൂപ്പ് ലണ്ടന്‍ പ്രോപ്പര്‍ട്ടി വിപണിയില്‍ ബിസിനസ് വിപുലീകരിക്കുന്നു. നഗരത്തില്‍ കൂടുതല്‍ ഡെവലപ്‌മെന്റ് പ്രോജക്റ്റുകള്‍ ഏറ്റെടുക്കാനാണ് മുംബൈ ആസ്ഥാനമായ കമ്പനിയുടെ തീരുമാനം. മധ്യ ലണ്ടനില്‍ നിര്‍മ്മാണത്തിലിരിക്കുന്ന രണ്ട് പ്രോജക്റ്റുകളില്‍നിന്ന് ലഭിക്കുന്ന വരുമാനം ലണ്ടന്‍ പ്രോപ്പര്‍ട്ടി വിപണിയില്‍ തിരികെ നിക്ഷേപിക്കും. കൂടുതല്‍ പ്രോപ്പര്‍ട്ടികള്‍ വാങ്ങാനാണ് പദ്ധതി തയ്യാറാക്കുന്നത്.യഥാക്രമം 2013 ലും 2014 ലും ഏറ്റെടുത്ത ഗ്രോവ്‌നെര്‍ സ്‌ക്വയര്‍, ലിങ്കണ്‍ സ്‌ക്വയര്‍ എന്നീ രണ്ട് റസിഡന്‍ഷ്യല്‍ പ്രോജക്റ്റുകളാണ് നിലവില്‍ ലോധ ഗ്രൂപ്പ് ലണ്ടനില്‍ വികസിപ്പിക്കുന്നത്. ലിങ്കണ്‍ സ്‌ക്വയര്‍ പ്രോജക്റ്റില്‍ ഇതുവരെ ആകെ 170 മില്യണ്‍ പൗണ്ടിന്റെ വില്‍പ്പന ബുക്കിംഗ് സ്വീകരിക്കാന്‍ കമ്പനിക്ക് കഴിഞ്ഞു. ഗ്രോവ്‌നെര്‍ സ്‌ക്വയറിലെ അപ്പാര്‍ട്ട്‌മെന്റുകളുടെ വില്‍പ്പന ഈ ആഴ്ച്ച തുടങ്ങിയിരുന്നു.നിലവിലെ വില അനുസരിച്ച് ഈ രണ്ട് പ്രോജക്റ്റുകളും ചേര്‍ന്ന് 1.5 ബില്യണ്‍ പൗണ്ടിന്റെ (ഏകദേശം 12,000 കോടി രൂപ) വരുമാനം നേടിത്തരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ലോധ ഗ്രൂപ്പ് മാനേജിംഗ് ഡയറക്റ്റര്‍ അഭിഷേക് ലോധ പറഞ്ഞു. ലണ്ടന്‍ പ്രോപ്പര്‍ട്ടി വിപണിയില്‍ ബിസിനസ് കൂടുതല്‍ വളര്‍ത്തുന്നതിന് ഈ വരുമാനം സഹായിക്കും. ലണ്ടനിലെ ആദ്യ രണ്ട് പ്രോജക്റ്റുകള്‍ക്ക് നല്ല പ്രതികരണം ലഭിച്ചതില്‍ സന്തോഷവാനാണെന്നും അദ്ദേഹം വ്യക്തമാക്കി.

ലിങ്കണ്‍ സ്‌ക്വയറിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 375 മില്യണ്‍ ഡോളര്‍ സമാഹരിക്കുന്നതായി മെയ് മാസത്തില്‍ റിയല്‍റ്റി ഡെവലപ്പറിന്റെ ലണ്ടന്‍ ആസ്ഥാനമായ അനുബന്ധ കമ്പനി ലോധ യുകെ വ്യക്തമാക്കിയിരുന്നു. സ്വകാര്യ നിക്ഷേപക കമ്പനിയായ കെയ്ന്‍ ഹോയ് ആണ് വായ്പ നല്‍കിയത്. യുകെയിലെ ഒരു ഭവന പദ്ധതിക്ക് ഏതെങ്കിലും ധനകാര്യ സ്ഥാപനം നല്‍കിയ വലിയ വായ്പകളിലൊന്നായിരുന്നു ഈ ഇടപാട്.ഒരു മില്യണ്‍ പൗണ്ട് മുതല്‍ 13 മില്യണ്‍ പൗണ്ട് വരെ വില വരുന്നതാണ് ലിങ്കണ്‍ സ്‌ക്വയറിലെ അപ്പാര്‍ട്ട്‌മെന്റുകള്‍. നിര്‍മ്മാണം പുരോഗമിക്കുന്ന പ്രോജക്റ്റ് 2018 അവസാന പാദത്തില്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലിങ്കണ്‍ സ്‌ക്വയറിന്റെ ആദ്യ ഘട്ടത്തിലെ അറുപത് ശതമാനത്തിലധികം അപ്പാര്‍ട്ട്‌മെന്റുകള്‍ യുകെ, ചൈനീസ്, യൂറോപ്യന്‍, മിഡില്‍ ഈസ്റ്റ്, യുഎസ് ഉപയോക്താക്കള്‍ക്ക് വിറ്റുപോയിരുന്നു.ലണ്ടന്‍ പ്രോപ്പര്‍ട്ടി വിപണിയില്‍ വളര്‍ച്ചാ സാധ്യതകള്‍ തേടുന്നതിന് ഉചിതമായ സമയം ഇതാണെന്നും നഗരത്തില്‍ പുതിയ സൈറ്റുകള്‍ അന്വേഷിക്കുകയാണെന്നും ലോധ യുകെ ഡയറക്റ്റര്‍ ഗബ്രിയേല്‍ യോര്‍ക് പറഞ്ഞു.നിലവില്‍ ലണ്ടന്‍, മുംബൈ മെട്രോപൊളിറ്റന്‍ മേഖല, പുണെ, ഹൈദരാബാദ് എന്നിവിടങ്ങളില്‍ 31 പ്രോജക്റ്റുകളിലായി ലോധ ഗ്രൂപ്പ് ഏകദേശം 41 മില്യണ്‍ ചതുരശ്ര അടി റസിഡന്‍ഷ്യല്‍ റിയല്‍ എസ്റ്റേറ്റാണ് വികസിപ്പിക്കുന്നത്. 2016 സാമ്പത്തിക വര്‍ഷം വിവിധ പ്രോജക്റ്റുകളിലായി 6,800 ഭവനങ്ങളാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കി കൈമാറിയത്.

Comments

comments

Categories: Business & Economy