മേയ് മാസത്തില്‍ മൊത്ത വിലയിലെ പണപ്പെരുപ്പം 2.17 ശതമാനം

മേയ് മാസത്തില്‍ മൊത്ത വിലയിലെ പണപ്പെരുപ്പം 2.17 ശതമാനം

ന്യൂഡെല്‍ഹി: ഭക്ഷ്യ വസ്തുക്കള്‍, ഉല്‍പ്പാദനം, ഇന്ധനം എന്നീ മേഖലകളിലെ വിലയിടിവ് ഇന്ത്യയുടെ മൊത്ത വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പത്തെ മേയ് മാസത്തില്‍ 2.17 ശതമാനത്തിലെത്തിച്ചുവെന്ന് വാണിജ്യ,വ്യവസായ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ കാണിക്കുന്നു. ഏപ്രില്‍ മാസത്തിലിത് 3.85 ശതമാനമായിരുന്നു. എന്നാല്‍ മുന്‍ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് പണപ്പെരുപ്പത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മേയില്‍ മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 0.9 ശതമാനമായി ഇടിഞ്ഞിരുന്നു.

ഭക്ഷ്യവിലപ്പെരുപ്പം ഏപ്രിലില്‍ 1.16 ശതമാനം ഉയര്‍ച്ച പ്രകടമാക്കിയപ്പോള്‍ മേയില്‍ 2.27 ശതമാനം ഇടിയുകയാണുണ്ടായത്. എന്നാല്‍ പാലിന്റെ പണപ്പെരുപ്പ നിരക്ക് 4.47 ശതമാനം ഉയര്‍ന്നു. ധാന്യങ്ങള്‍, നെല്ല്, ഗോതമ്പ് എന്നിവയുടെ വില കുറഞ്ഞു. പച്ചക്കറി, ഉരുളക്കിഴങ്ങ്, ഉള്ളി എന്നിവയുടെ വിലയിലുണ്ടായ ഇടിവാണ് മൊത്ത വില സൂചികയിലെ പണപ്പെരുപ്പം കുറയുന്നതിനെ കാര്യമായി സ്വാധീനിച്ചത്.ഇന്ധന-ഊര്‍ജ മേഖലയിലെ പണപ്പെരുപ്പം 11.69 ശതമാനം ഉയര്‍ന്നു. മാനുഫാക്ചറിംഗ് ഉല്‍പ്പന്നങ്ങളുടെ മൊത്ത വിലസൂചികയിലെ പണപ്പെരുപ്പം 2.55 ശതമാനം ഇതുയര്‍ന്നു. മൊത്ത വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് മാര്‍ച്ചില്‍ 5.99 ശതമാനമായിരുന്നുവെന്ന തിരുത്തലും വാണിജ്യ,വ്യവസായ മന്ത്രാലയം നടത്തിയിട്ടുണ്ട്. നേരത്ത് 5.7 ശതമാനമാണ് മാര്‍ച്ചിലെ പണപ്പെരുപ്പമായി വിലയിരുത്തിയിരുന്നത്.

Comments

comments