വിപുലീകരണ പദ്ധതികള്‍ നിര്‍ത്തിവെച്ച് എയര്‍ ഇന്ത്യ

വിപുലീകരണ പദ്ധതികള്‍ നിര്‍ത്തിവെച്ച് എയര്‍ ഇന്ത്യ
പുതിയ എയര്‍ക്രാഫ്റ്റുകള്‍ വാങ്ങുന്നതിനുള്ള ചര്‍ച്ചകള്‍ നിര്‍ത്തിവെക്കുന്നു

ന്യൂഡെല്‍ഹി: ഭീമമായ തുക നഷ്ടം നേരിടുന്ന എയര്‍ഇന്ത്യയെ സ്വകാര്യവല്‍ക്കരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചതിന്റെ പശ്ചാത്തലത്തില്‍ സര്‍വീസ് വ്യാപിപ്പിക്കാനുള്ള പദ്ധതികള്‍ കമ്പനി ഉപേക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. കമ്പനിയെ ലാഭത്തിലാക്കാനുള്ള പരിശ്രമത്തിന്റെ ഭാഗമായി കൂടുതല്‍ വിദേശ നഗരങ്ങളിലേക്ക് സര്‍വീസ് വ്യാപിപ്പിക്കാനായിരുന്നു എയര്‍ ഇന്ത്യ പദ്ധതിയിട്ടിരുന്നത്. 55,000 കോടി രൂപയുടെ കടബാധ്യതയാണ് എയര്‍ ഇന്ത്യക്കുള്ളത്. ഇന്ത്യയിലെ മൂന്ന് പ്രമുഖ വിമാനക്കമ്പനികളുടെ സംയോജിത വിപണി മൂല്യത്തേക്കാള്‍ കൂടുതല്‍ വരും ഇതെന്നാണ് കണക്ക്. വ്യോമയാന മന്ത്രാലയം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പുതിയ വിമാനങ്ങള്‍ വാങ്ങാനുള്ള കമ്പനിയുടെ ശ്രമങ്ങള്‍ തടസപ്പെട്ടതായി എയര്‍ ഇന്ത്യ സീനിയര്‍ എക്‌സിക്യൂട്ടീവ് ദേശീയമാധ്യമത്തോട് പ്രതികരിച്ചിട്ടുണ്ട്. എയര്‍ ഇന്ത്യ സ്വകാര്യവല്‍ക്കരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ സര്‍ക്കാര്‍ ആരംഭിച്ചതായും സര്‍വീസ് വ്യാപിപ്പിക്കാനുള്ള പദ്ധതികളുമായി മുന്നോട്ടു പോകരുതെന്ന് നിര്‍ദേശിച്ചട്ടുണ്ടെന്നുമാണ് എയര്‍ ഇന്ത്യ അധികൃതര്‍ വ്യക്തമാക്കുന്നത്.വിമാനങ്ങള്‍ വാങ്ങുന്നതിന് നിലവില്‍ ഏര്‍പ്പെട്ടിട്ടുള്ള കരാറില്‍ നിന്നും കമ്പനിക്ക് പിന്മാറാന്‍ സാധിക്കില്ല. പക്ഷേ, പുതിയ എയര്‍ക്രാഫ്റ്റുകള്‍ വാങ്ങുന്നതിനുള്ള ചര്‍ച്ചകള്‍ അടിയന്തരമായി നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

അലയന്‍സ് എയറിനു വേണ്ടിയുള്ള പത്ത് എടിആര്‍ എയര്‍ക്രാഫ്റ്റും എയര്‍ ഇന്ത്യക്കായുള്ള ഏഴ് എയര്‍ബസ് 320 ന്യുയോസും കൂട്ടിച്ചേര്‍ത്ത് പ്രാദേശിക, അന്താരാഷ്ട്ര വ്യോമയാന വിപണിയില്‍ സാന്നിധ്യം ശക്തമാക്കാനുള്ള പ്രവര്‍ത്തനങ്ങളും ഇതിനൊപ്പം നടക്കുന്നുണ്ട്. ഇതിനു പുറമെ 32 എയര്‍ക്രാഫ്റ്റുകള്‍ക്കുള്ള കരാറും കമ്പനി ഇതിനോടകം നല്‍കിയിട്ടുണ്ട്. റീജണല്‍ കണക്റ്റിവിറ്റി സ്‌കീമിനു കീഴില്‍ അലയന്‍സ് എയര്‍ വഴി പ്രാദേശിക വിമാനങ്ങളുടെ ഒരു ശൃംഖല സൃഷ്ടിച്ചെടുക്കാനാണ് എയര്‍ ഇന്ത്യ ആസൂത്രണം ചെയ്യുന്നതെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.എയര്‍ ഇന്ത്യ വിറ്റൊഴിയാനുള്ള സാധ്യത നരേന്ദ്ര മോദി സര്‍ക്കാര്‍ വ്യക്തമാക്കി കഴിഞ്ഞു. സര്‍ക്കാര്‍ ഉടമസ്ഥതയ്ക്കപ്പുറം കമ്പനിയുടെ ഭാവി സംബന്ധിച്ച ചര്‍ച്ചയിലാണ് സര്‍ക്കാര്‍. എയര്‍ ഇന്ത്യ സ്വകാര്യവല്‍ക്കരിക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കുന്നതിനായി സെക്രട്ടറിമാരുടെ ഒരു സമിതിയും രൂപീകരിച്ചിട്ടുണ്ട്. സര്‍ക്കാര്‍ എയര്‍ ഇന്ത്യ പൂര്‍ണമായും ഒഴിയണമെന്ന നിര്‍ദേശമാണ് നിതി ആയോഗ് മുന്നോട്ടുവച്ചിട്ടുള്ളത്. വിറ്റൊഴിയുന്നതിന് മുന്‍പ് കടബാധ്യത കുറയ്ക്കുന്നത് സംബന്ധിച്ച ചര്‍ച്ചകളും നടക്കുന്നുണ്ട്.

Comments

comments

Categories: Business & Economy