നേപ്പാള്‍-ഇന്ത്യ ബന്ധത്തില്‍ ഊഷ്മളത കൈവരുന്നു

നേപ്പാള്‍-ഇന്ത്യ ബന്ധത്തില്‍ ഊഷ്മളത കൈവരുന്നു

രാജ്യമായ നേപ്പാളുമായി എന്നും സൗഹാര്‍ദ്ദപരമായ സമീപനമാണ് ഇന്ത്യ പുലര്‍ത്തിയിരുന്നത്.
എന്നാല്‍ ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പു മാധേശി പ്രക്ഷോഭം ശക്തമായപ്പോഴാണ്
ഇന്ത്യയുമായുള്ള ബന്ധം മോശമായത്. ഈ മാസം ഏഴിനു നേപ്പാളിന്റെ പുതിയ
പ്രധാനമന്ത്രിയായി ദ്യുബെ ചുമതലയേറ്റത് ഇന്ത്യയ്ക്ക് പ്രതീക്ഷയേകുന്ന ഘടകമാണ്. ഇന്ത്യയോട് സൗഹാര്‍ദ്ദപരമായ നിലപാടെടുത്തിട്ടുള്ള വ്യക്തിയാണു ദ്യുബെ.

ഈ മാസം ജൂണ്‍ 13-ന് നേപ്പാള്‍ പ്രധാനമന്ത്രി ഷേര്‍ ബഹാദൂര്‍ ദ്യുബെയുടെ 71-ാം ജന്മദിനമായിരുന്നു. ജന്മദിനത്തിന് ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ്, അതായത് ഏഴാം തീയതിയാണ് അദ്ദേഹം നേപ്പാളിന്റെ 24-ാം പ്രധാനമന്ത്രിയായി ചുമതലയേറ്റത്. ഇതു നാലാം തവണയാണു ദ്യുബെ നേപ്പാളിന്റെ പ്രധാനമന്ത്രിയായത്.രാജഭരണം നിലനിന്നിരുന്ന നേപ്പാളില്‍ 27 വര്‍ഷം മുന്‍പ് 1991ലാണ് ബഹുപാര്‍ട്ടി പാര്‍ലമെന്റ് (multiparty democracy) നിലവില്‍ വന്നത്. ബഹുപാര്‍ട്ടി സംവിധാനം വന്നതിനു ശേഷം ദ്യുബെ ആദ്യമായി 1995-97-ല്‍ നേപ്പാളിന്റെ പ്രധാനമന്ത്രി സ്ഥാനം വഹിച്ചു. പിന്നീട് 2001-2002, 2004-2005 കാലഘട്ടങ്ങളിലും പ്രധാനമന്ത്രിയായി. ഇക്കാലയളവില്‍ പക്ഷേ പ്രക്ഷുബ്ദമായ രാഷ്ട്രീയ അന്തരീക്ഷത്തിലായിരുന്നു ദ്യുബെക്ക് പ്രധാനമന്ത്രി സ്ഥാനം വഹിക്കേണ്ടി വന്നത്. 2002 ഒക്ടോബറില്‍ ഗ്യാനേന്ദ്ര രാജാവ് ഭരണ അട്ടിമറിയിലൂടെ ദ്യുബെയെ നീക്കം ചെയ്തു. എന്നാല്‍ രാജാവിന്റെ തീരുമാനത്തിനെതിരേ ജനകീയ പ്രക്ഷോഭം തലസ്ഥാന നഗരിയായ കാഠ്മണ്ഡുവിനെ ഇളക്കിമറിച്ചപ്പോള്‍ ഗ്യാനേന്ദ്ര രാജാവിനു തീരുമാനം മാറ്റേണ്ടി വന്നു. തുടര്‍ന്ന് ദ്യുബെയെ 2004-ല്‍ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്കു പുനര്‍നിയമിച്ചു. എന്നാല്‍ 2005 ഫെബ്രുവരി ഒന്നിനു രാജാവ് ദ്യുബെയെ വീണ്ടും സ്ഥാനത്തുനിന്നും നീക്കം ചെയ്തു. തുടര്‍ന്നു പാര്‍ലമെന്റ് മൂന്ന് വര്‍ഷത്തേയ്ക്കു പിരിച്ചുവിട്ടു. 2005 ജൂലൈയില്‍ ദ്യുബെയെ അഴിമതിയാരോപിച്ച് രണ്ട് വര്‍ഷത്തെ കഠിന തടവിനു ശിക്ഷിച്ചു. എന്നാല്‍ 2006 ഫെബ്രുവരിയില്‍ ദ്യുബെയെ മോചിപ്പിച്ചു. 2017 ജൂണ്‍ ഏഴിന് പുഷ്പ കമാല്‍ ദഹാലിന്റെ പിന്‍ഗാമിയായി, ഷേര്‍ ബഹാദുര്‍ ദ്യുബെ നേപ്പാളിന്റെ പ്രധാനമന്ത്രിയുമായി. ഇത്രയുമാണ് ദ്യുബെയുടെ രാഷ്ട്രീയ ചരിത്രം.നാലാം തവണ നേപ്പാളിന്റെ പ്രധാനമന്ത്രിയായി ദ്യുബെ ചുമതലയേറ്റെടുത്തത് വളരെ സൗഹാര്‍ദ്ദപരമായ അന്തരീക്ഷത്തിലായിരുന്നു. മുന്‍പ് മൂന്ന് തവണ അദ്ദേഹം പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞയെടുത്തതിനേക്കാള്‍ സൗഹാര്‍ദ്ദപരമെന്നു വേണം വിശേഷിപ്പിക്കാന്‍.നേപ്പാളി കോണ്‍ഗ്രസും മാവോയിസ്റ്റ് പാര്‍ട്ടിയും (സിപിഎന്‍-മാവോയിസ്റ്റ്) തമ്മില്‍ കഴിഞ്ഞ ജുലൈയിലുണ്ടാക്കിയ ധാരണപ്രകാരമാണു ദ്യുബെ പ്രധാനമന്ത്രിയായി ചുമതലയേറ്റത്. 2016 ഓഗസ്റ്റ് മുതല്‍ ആദ്യ ഒന്‍പതു മാസം നേപ്പാളി കോണ്‍ഗ്രസിന്റെ പിന്തുണയോടെ പ്രചണ്ടയും പിന്നീട് മാവോയിസ്റ്റ് പിന്തുണയോടെ നേപ്പാളി കോണ്‍ഗ്രസ് പ്രസിഡന്റ് ദ്യുബെയും പ്രധാനമന്ത്രിയാകുമെന്നായിരുന്നു ധാരണ. അഭിമാനിക്കാന്‍ അത്രയൊന്നും വകനല്‍കാത്ത ഒരു രാഷ്ട്രീയ ചരിത്രമുണ്ട് ജൂണ്‍ ആറിന് പ്രധാനമന്ത്രി സ്ഥാനത്തുനിന്നും പടിയിറങ്ങിയ മാവോയിസ്റ്റ് നേതാവ് പ്രചണ്ടയ്ക്ക്. അത് 2009-ല്‍ അദ്ദേഹം പ്രധാനമന്ത്രി സ്ഥാനം വഹിച്ചിരുന്നപ്പോള്‍ സമ്പാദിച്ചതാണ്. അന്നു സ്വേച്ഛാപരമായ തീരുമാനത്തിലൂടെ പട്ടാള മേധാവിയായിരുന്ന റൂക്ക്മാംഗദ് കഠ്‌വാളിനെ പിരിച്ചുവിട്ടു. ഇത് വന്‍ വിവാദമായതിനെ തുടര്‍ന്ന് പ്രചണ്ടയ്ക്ക് പ്രധാനമന്ത്രി സ്ഥാനത്തുനിന്നും രാജിവയ്‌ക്കേണ്ടി വന്നു. എന്നാല്‍ 2009-ല്‍നിന്നും എത്രയോ മാറ്റങ്ങള്‍ പ്രചണ്ടയില്‍ ഇപ്പോള്‍ പ്രകടമായിരിക്കുന്നു.

2016 ഓഗസ്റ്റ് മുതല്‍ 2017 ജൂണ്‍ ആറ് വരെ നേപ്പാളിന്റെ പ്രധാനമന്ത്രിയായിരുന്ന അദ്ദേഹത്തിന്റെ കാലയളവില്‍ വളരെ ഫലപ്രദമായിരുന്നെന്നാണു വിശേഷിപ്പിക്കുന്നത്. ആഭ്യന്തരതലത്തില്‍ അദ്ദേഹം കാലങ്ങളായി ശത്രുതയോടെ കഴിയുന്ന മാധേശി- ജന്‍ജാതി വിഭാഗങ്ങള്‍ തമ്മില്‍ സൗഹാര്‍ദ്ദപരമായൊരു അന്തരീക്ഷം സൃഷ്ടിച്ചെടുക്കാന്‍ പ്രചണ്ട നടത്തിയ ശ്രമം വിജയം കണ്ടു. പ്രചണ്ടയുടെ മുന്‍ഗാമി കെ.പി.ശര്‍മ ഒലി അവഗണിച്ചിരുന്ന അതുമല്ലെങ്കില്‍ താത്പര്യം പ്രകടിപ്പിക്കാതിരുന്ന ഒരു കാര്യമായിരുന്നു ഇത്. മാധേശി, ജനജാതി വിഭാഗത്തിന്റെ ആശങ്കകള്‍ ദൂരീകരിക്കാന്‍ ഭരണഘടനയില്‍ ഇവര്‍ക്കു സംവരണം അനുവദിക്കാനുള്ള ഭേദഗതി വരുത്തുന്ന കാര്യം ആലോചിക്കുമെന്നും പ്രചണ്ട വാഗ്ദാനം ചെയ്യുകയുണ്ടായി. വാഗ്ദാനം ചെയ്യുക മാത്രമല്ല, പാര്‍ലമെന്റില്‍ ഇതിനു വേണ്ടി പ്രത്യേക ബില്ലും പ്രചണ്ട അവതരിപ്പിച്ചു. എന്നാല്‍ കെ.പി. ശര്‍മ ഒലിയുടെ പാര്‍ട്ടിയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാളിന്റെ എതിര്‍പ്പ് മൂലം ഈ ബില്‍ പാസാക്കിയെടുക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല.നേപ്പാളിന്റെ വിദേശനയം വിജയകരമായി മുന്നോട്ടുകൊണ്ടു പോകാനും പ്രചണ്ടയ്ക്കു കഴിഞ്ഞ ഒന്‍പതു മാസത്തിനിടെ സാധിച്ചു. പ്രത്യേകിച്ച് അയല്‍രാജ്യമായ ഇന്ത്യയുമായുള്ള ബന്ധത്തില്‍ ഊഷ്മളത കൈവരിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. കെ.പി. ശര്‍മ ഒലിയുടെ കാലയളവില്‍ ഇന്ത്യയുമായുള്ള നേപ്പാളിന്റെ ബന്ധം ഏറ്റവും മോശമായ അവസ്ഥയിലേക്കു താഴ്ന്നിരുന്നു. മാധേശി പ്രക്ഷോഭവും ഇതേ തുടര്‍ന്ന് നേപ്പാളിലുണ്ടായ കുഴപ്പങ്ങളുമാണ് ഇന്ത്യയുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയത്. എന്നാല്‍ 2016 സെപ്റ്റംബറില്‍ പ്രചണ്ട ഇന്ത്യ സന്ദര്‍ശിച്ചു. പിന്നീട് ബ്രിക്‌സ് ഉച്ചകോടിക്കായി ഒക്ടോബറിലും ഇന്ത്യയിലെത്തി. ഇതിനു പുറമേ ഇന്ത്യയുടെ രാഷ്ട്രപതി പ്രണബ് മുഖര്‍ജി നേപ്പാളും നേപ്പാളിന്റെ രാഷ്ട്രപതി ബിദ്യ ദേവി ഭണ്ഡാരി ഇന്ത്യയും സന്ദര്‍ശിക്കുകയുണ്ടായി.കഴിഞ്ഞ വര്‍ഷം അധികാരത്തിലേറുന്നതിനു മുന്‍പ് നേപ്പാളി കോണ്‍ഗ്രസുമായി ഉണ്ടാക്കിയ ധാരണപ്രകാരം തദ്ദേശസ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രചണ്ട വാഗ്ദാനം ചെയ്തിരുന്നു. ഈ വാഗ്ദാനം അദ്ദേഹം നടപ്പിലാക്കി. കഴിഞ്ഞ മാസം 14ന് നേപ്പാളിലെ മുന്‍സിപ്പാലിറ്റികളിലേക്കും വില്ലേജ് ഡവലപ്‌മെന്റ് കൗണ്‍സിലിലേക്കും തെരഞ്ഞെടുപ്പ് നടന്നു. 1997-നു ശേഷം ആദ്യമായിട്ടാണ് ഇവിടെ തെരഞ്ഞെടുപ്പ് അരങ്ങേറിയതെന്ന പ്രത്യേകതയുമുണ്ട്. നിലവില്‍ നേപ്പാളില്‍ 744 തദ്ദേശസ്ഥാപനങ്ങളുണ്ട്. ആദ്യഘട്ടത്തില്‍ 283 തദ്ദേശസ്ഥാപനത്തിലേക്കാണു തെരഞ്ഞെടുപ്പ് നടന്നത്. രണ്ടാം ഘട്ടം ഈ മാസം 28നു നടക്കും.

ഇപ്പോള്‍ നേപ്പാള്‍ പ്രധാനമന്ത്രിയായി ചുമതലയേറ്റ ദ്യുബെയുടെ മുന്‍പിലുള്ള വെല്ലുവിളി നിസാരമല്ല. തദ്ദേശ തെരഞ്ഞെടുപ്പു പൂര്‍ത്തിയാക്കുക, പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് 2018 ജനുവരിയില്‍ സംഘടിപ്പിക്കുക എന്നത് ദ്യുബെയുടെ വെല്ലുവിളികളിലൊന്നാണ്. ഇവയില്‍ തദ്ദേശ തെരഞ്ഞെടുപ്പ് പൂര്‍ത്തീകരിക്കുക എന്നതിനാണ് പ്രാധാന്യം. മാധേശികള്‍ക്കു നിര്‍ണായക സ്വാധീനമുള്ള മേഖലയിലാണ് ഇനി തദ്ദേശ തെരഞ്ഞെടുപ്പ് അരങ്ങേറാനുള്ളത്. എന്നാല്‍ ഇവിടെ ഒരു പ്രശ്‌നം നിലനില്‍ക്കുന്നുണ്ട്. തങ്ങള്‍ക്ക് സംവരണം അനുവദിക്കുന്ന ബില്‍ പാര്‍ലമെന്റ് പാസാക്കിയില്ലെങ്കില്‍ തദ്ദേശ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്നാണു മാധേശികളുടെ ഭീഷണി. എന്നാല്‍ മാധേശികളുടെ ഈ തന്ത്രം ബുദ്ധിപരമല്ലെന്നാണു വിലയിരുത്തല്‍. തെരഞ്ഞെടുപ്പില്‍ ശക്തി തെളിയിക്കുന്നതിലൂടെ തങ്ങളെ അവഗണിക്കാനാവില്ലെന്നു ബോദ്ധ്യപ്പെടുത്താനായിരിക്കണം മാധേശികള്‍ ശ്രമിക്കേണ്ടതെന്നും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ അഭിപ്രായപ്പെടുന്നുണ്ട്. 2008-ല്‍ കോണ്‍സ്റ്റിറ്റിയൂന്റ് അസംബ്ലയിലേക്ക് നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ 83 സീറ്റുകളുമായി മൂന്ന് മാധേശി പാര്‍ട്ടികള്‍ ശക്തി തെളിയിച്ചിരുന്നു. എന്നാല്‍ ആഭ്യന്തര കലഹം മൂലം പാര്‍ട്ടികളുടെ ശക്തി ക്ഷയിക്കുകയായിരുന്നു. ഒരുമിച്ചു നില്‍ക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചു ബോധവാന്മാരായ മാധേശി പാര്‍ട്ടിയിലെ ചില വിഭാഗങ്ങള്‍ ഇക്കഴിഞ്ഞ ഏപ്രില്‍ മാസം രാഷ്ട്രീയ ജനതാ പാര്‍ട്ടി നേപ്പാള്‍(ആര്‍ജെപിഎന്‍) എന്ന പേരില്‍ പുതിയ സംഘടന രൂപീകരിക്കുകയുമുണ്ടായി. ഇത് പ്രതീക്ഷയേകുന്ന കാര്യം തന്നെയാണെന്നു വിലയിരുത്തലുണ്ട്.
നേപ്പാളില്‍ തദ്ദേശ തെരഞ്ഞെടുപ്പ് വിജയകരമായി നടത്താനുള്ള സഹായവും പിന്തുണയും ദ്യുബെയ്ക്കു നല്‍കേണ്ടത് ഇന്ത്യയുടെ ആവശ്യം കൂടിയാണ്. തദ്ദേശ തെരഞ്ഞെടുപ്പ് വിജയകരമായി നടന്നാല്‍ ഭരണഘടന ഭേദഗതി നടത്താന്‍ ദ്യുബെയ്ക്കു സാധിക്കും. ഇതിലൂടെ പ്രൊവിന്‍ഷ്യല്‍, പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അടുത്ത വര്‍ഷം ജനുവരിയില്‍ നടത്താനും സാധിക്കും. ഇതാവട്ടെ നേപ്പാളില്‍ രാഷ്ട്രീയ സ്ഥിരത കൈവരിക്കാന്‍ സഹായകരമാവുകയും ചെയ്യും. കഴിഞ്ഞ 25 വര്‍ഷമായി മാവോയിസ്റ്റ് കലാപത്തിലൂടെയും, ഏകാധിപത്യത്തില്‍നിന്നും റിപ്പബ്ലിക്കിലേക്കു പരിണാമപ്പെട്ടതിന്റെ ബാലാരിഷ്ടതകളുമൊക്കയായി നേപ്പാള്‍ നിര്‍ണായ ഘട്ടത്തിലൂടെയാണു കടന്നുപോയത്. നേപ്പാളിന്റെ വികസനത്തിനു സ്ഥിരമായൊരു ഭരണകൂടം ആവശ്യമാണ്.

Comments

comments

Categories: Top Stories, World