2017-18ന്റെ അവസാനത്തോടെ നോട്ട് അസാധുവാക്കലിനെ വിലയിരുത്താം: ടി സി എ ആനന്ദ്

2017-18ന്റെ അവസാനത്തോടെ നോട്ട് അസാധുവാക്കലിനെ വിലയിരുത്താം: ടി സി എ ആനന്ദ്
നയത്തിന്റെ പ്രത്യാഘാതങ്ങളും ഫലങ്ങളും വിലയിരുത്തുന്നതിനുള്ള വിവരങ്ങള്‍ 
ലഭ്യമാകുന്നതേയുള്ളൂവെന്നും കേന്ദ്ര സര്‍ക്കാരിന്റെ ചീഫ് സ്റ്റാറ്റിസ്റ്റിഷ്യന്‍

ന്യൂഡെല്‍ഹി: സര്‍ക്കാരില്‍ നിന്നുള്ള വിവരങ്ങളും കമ്പനി എക്കൗണ്ട് വിശദാംശങ്ങളും ലഭിച്ചതിനു ശേഷം മാത്രമെ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ നോട്ട് അസാധുവാക്കല്‍ നയത്തിന്റെ യഥാര്‍ത്ഥ ചിത്രം വ്യക്തമാവുകയുള്ളൂവെന്ന് സര്‍ക്കാരില്‍ നിന്നുള്ള ചീഫ് സ്റ്റാറ്റിസ്റ്റിഷ്യന്‍ ടി സി എ ആനന്ദ്. നടപ്പു സാമ്പത്തിക വര്‍ഷം അവസാനത്തോടെ ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷം നവംബര്‍ എട്ടിനാണ് വിനിമയത്തിലുള്ള ഭൂരിപക്ഷം നോട്ടുകളും പിന്‍വലിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തിക പരിഷ്‌കരണം നടപ്പാക്കിയത്. ഇത് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ സംബന്ധിച്ച് ഇപ്പോഴും അവലോകനം നടന്നു കൊണ്ടിരിക്കുകയാണ്.നോട്ട് അസാധുവാക്കല്‍ തീരുമാനം സമ്പദ്‌വ്യവസ്ഥയെ വിവിധ തലങ്ങളില്‍ ദോഷകരമായി ബാധിച്ചിട്ടുണ്ടെന്ന തരത്തില്‍ ദ്രുതഗതിയില്‍ നടത്തുന്ന വിലയിരുത്തലുകളോട് യോജിപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നോട്ടുകള്‍ മാറ്റിയെന്നതിനെ മുന്‍നിര്‍ത്തി മാത്രം പരിശോധിക്കാനാകുന്ന കാര്യമല്ലായിതെന്നും നയത്തിന് നിരവധി പ്രയോജനങ്ങളുണ്ടെന്നും അദ്ദേഹം പറയുന്നു. ഊഹാപോഹങ്ങളെ മുന്‍നിര്‍ത്തിയാണ് പലരും നയത്തെ വിലയിരുത്തുന്നത്. നയത്തിന്റെ പ്രത്യാഘാതങ്ങളും ഫലങ്ങളും വിലയിരുത്തുന്നതിനുള്ള വിവരങ്ങള്‍ ലഭ്യമാകുന്നതേയുള്ളൂവെന്ന് ടിസിഎ ആനന്ദ് പറഞ്ഞു. ‘നോട്ട് പിന്‍വലിക്കല്‍ സമയത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ ലഭ്യമാകും. ഇതു സംബന്ധിച്ച സര്‍ക്കാരിന്റെ മുഴുവന്‍ എക്കൗണ്ടുകളിലെയും വിശദ വിവരങ്ങള്‍ സിജിഎ (കണ്‍ട്രോളര്‍ ജനറല്‍ ഓഫ് എക്കൗണ്ട്‌സ്) തയാറാക്കി കഴിഞ്ഞാല്‍ ഓഗസ്‌റ്റോടെ എനിക്ക് ലഭിക്കും. സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നും കമ്പനി എക്കൗണ്ടുകളില്‍ നിന്നുമുള്ള വിവരങ്ങള്‍ അടുത്ത കുറച്ചു മാസത്തിനുള്ളിലും ലഭിക്കും’, ആനന്ദ് പറഞ്ഞു. നയം ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ വിവിധ തലത്തില്‍ സ്വാധീനിച്ചിട്ടുണ്ടെന്നും അത് തുടരുകയാണെന്നും അദ്ദേഹം പറയുന്നു.നോട്ട് അസാധുവാക്കല്‍ നയത്തിന്റെ പ്രയോജനം നടപ്പു വര്‍ഷം മാത്രമല്ല അടുത്ത വര്‍ഷവും ഉണ്ടാകുമെന്നാണ് ആനന്ദ് പറയുന്നത്. വില്‍പ്പന നികുതിയുമായി ബന്ധപ്പെട്ടുണ്ടാകുന്ന പരിമിതികള്‍ മറികടക്കുന്നതിനും ഡാറ്റ നിലവാരം മെച്ചപ്പെടുത്തുന്നതിനും ജിഎസ്ടി സഹായിക്കുമെന്നും ആനന്ദ് വിലയിരുത്തി.

Comments

comments

Categories: Top Stories, World