സേവന മേഖലയില്‍ സര്‍വെയുമായി കേന്ദ്ര സര്‍ക്കാര്‍

സേവന മേഖലയില്‍ സര്‍വെയുമായി കേന്ദ്ര സര്‍ക്കാര്‍

എംപ്ലോയ്‌മെന്റ് സര്‍വേക്കും ഈ വര്‍ഷം തുടക്കമിട്ടിട്ടുണ്ട്

ന്യൂഡെല്‍ഹി: സേവന മേഖലയില്‍ നിന്നുള്ള എക്കൗണ്ടിംഗ് ഡാറ്റകള്‍ നേടാന്‍ ലക്ഷ്യമിട്ട് സര്‍ക്കാര്‍ സര്‍വെ സംഘടിപ്പിക്കുന്നു. ഉല്‍പ്പാദന മേഖലയില്‍ നടക്കുന്നതിനു സമാനമായി സേവന മേഖലയിലും നിരന്തരം സര്‍വെ സംഘടിപ്പിക്കുന്നതിലൂടെ വിവിധ സ്ഥാപനങ്ങളുടെ പ്രസ്‌ക്തി വിലയിരുത്തുന്നതിനും എക്കൗണ്ടിംഗ് വിവരങ്ങള്‍ പരിശോധിക്കാനും സാധിക്കുമെന്ന് ചീഫ് സ്റ്റാറ്റിസ്റ്റീഷ്യന്‍ ടിസിഎ അനന്ത് പറയുന്നു. നരേന്ദ്ര മോദി സര്‍ക്കാരിന്റെ മൂന്ന് വര്‍ഷത്തെ നേട്ടങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇന്‍ഡസ്ട്രികളുടെ വാര്‍ഷിക സര്‍വെ പോലെ സേവന മേഖലയിലും വാര്‍ഷിക സര്‍വെ നടപ്പിലാക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കുമെന്ന് അനന്ത് പറഞ്ഞു. മാനുഫാക്ചറിംഗ് സ്ഥാപനങ്ങള്‍ നല്‍കുന്നതിനു സമാനമായ എക്കൗണ്ടിംഗ് വിവരങ്ങള്‍ നല്‍കാന്‍ സേവനമേഖലയിലെ സ്ഥാപനങ്ങള്‍ക്കും സാധിക്കുമോയെന്ന് സര്‍വെയിലൂടെ വ്യക്തമാകും. സര്‍വേയ്ക്കുള്ള ഫീല്‍ഡ് ജോലികള്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും സര്‍വെ റിപ്പോര്‍ട്ട് എന്ന് പുറത്തിറക്കുമെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയം ഉടന്‍ വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഈ വര്‍ഷം സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം എംപ്ലോയ്‌മെന്റ് സര്‍വെക്കും തുടക്കമിട്ടിട്ടുണ്ട്. തൊഴില്‍ വിപണിയില്‍ ഗ്രാമീണ മേഖലയില്‍ നിന്നുള്ള വാര്‍ഷിക കണക്കുകളും നഗരങ്ങളില്‍ നിന്നുള്ള ത്രൈമാസ വിവരങ്ങളും എംപ്ലോയ്‌മെന്റ് സര്‍വെയിലൂടെ ലഭ്യമാകുമെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രി ഡി വി സദാനന്ദ ഗൗഡ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നിലവില്‍ അഞ്ച് വര്‍ഷത്തെ ഇടവേളയിലാണ് തൊഴില്‍ ഡാറ്റ ലഭിക്കുന്നത്. ഇത്തരമൊരു സര്‍വേ ആദ്യമായാണ് സംഘടിപ്പിക്കപ്പെടുന്നത്. ഇതിന്റെ മാനദണ്ഡങ്ങളിലും നടത്തിപ്പിലുമെല്ലാമുള്ള പരിമിതികള്‍ ഒരു വര്‍ഷത്തിനകം പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓരോ വ്യവസായ മേഖലയിലുമുള്ള തൊഴിലാളികളുടെ വിവരത്തിനൊപ്പം അനൗപചാരിക മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ഡാറ്റയും സര്‍വെയിലൂടെ ലഭ്യമാകുമെന്ന് സദാനന്ദ ഗൗഡ പറയുന്നു. ലോകബാങ്കുമായി സഹകരിച്ചുകൊണ്ട് മന്ത്രാലയം വികസിപ്പിച്ച പ്രത്യേക സോഫറ്റ്‌വെയര്‍ മെച്ചപ്പെട്ട നിലവാരത്തോടെ വേഗത്തില്‍ ഡാറ്റ ശേഖരണം നടത്തും. വിവരങ്ങള്‍ പേപ്പര്‍ വഴി പൂരിപ്പിക്കുന്ന പരമ്പരാഗത സമീപന രീതി മാറ്റി പകരം കംപ്യൂട്ടര്‍ സഹായത്തോടെയുള്ള വ്യക്തിഗത അഭിമുഖങ്ങളിലൂടെയാണ് സര്‍വേ നടത്തുക.ഗ്രാമീണ, നഗര മേഖലകളിലെ തൊഴില്‍ സ്വഭാവം കണക്കിലെടുത്താണ് എംപ്ലോയ്‌മെന്റ് സര്‍വേ നടത്തുകയെന്നും തൊഴിലവസരങ്ങളെ കുറിച്ച് കൃത്യമായ ഡാറ്റയുണ്ടാക്കുക എന്നതാണ് പ്രധാന ലക്ഷ്യമെന്നും ടിസിഎ അനന്ത് പറയുന്നു.

Comments

comments

Categories: World