പ്രതിസന്ധിയില്‍ നഗരങ്ങള്‍ സുരക്ഷിത താവളമോ?

പ്രതിസന്ധിയില്‍ നഗരങ്ങള്‍ സുരക്ഷിത താവളമോ?
യുദ്ധവും ആഭ്യന്തര കലാപങ്ങളും മൂലം നിരവധി ജനങ്ങള്‍ മറുനാടുകളിലേക്ക് ചേക്കേറുന്നു. 
അഭയാര്‍ത്ഥികള്‍ക്ക് ആതിഥ്യമരുളുന്ന പ്രാഥമിക കേന്ദ്രങ്ങള്‍ നഗരങ്ങളാണ്

മുന്‍പൊരിക്കലും കണ്ടിട്ടില്ലാത്ത വിധം ജനവിഭാഗങ്ങള്‍ മറ്റു പ്രദേശങ്ങളിലേയ്ക്ക് പുനര്‍വിന്യസിക്കപ്പെടുന്ന കാഴ്ചയാണ് ഇന്നു നാം കാണുന്നത്. 2016ന്റെ തുടക്കം മുതല്‍ ഏകദേശം 65 മില്ല്യണ്‍ ജനങ്ങള്‍ നാട് ഉപേക്ഷിച്ച് മറ്റു നാടുകളിലേക്ക് ചേക്കേറിയെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതില്‍ 21.3 മില്ല്യണ്‍ അഭയാര്‍ത്ഥികളായും 31 മില്ല്യണ്‍ ജനങ്ങള്‍ മറ്റ് ആഭ്യന്തര പ്രശ്‌നങ്ങള്‍ മൂലവും സ്വന്തം വാസസ്ഥലത്തുനിന്ന് മാറ്റപ്പെട്ടതാണ്. അതായത് ലോകജനസംഖ്യയിലെ നൂറിലൊരാള്‍ വീട്ടില്‍ നിന്നും അകലേയ്ക്ക് മാറേണ്ടിവന്നിരിക്കുന്നു. ഇതിനോടടുത്ത സംഖ്യ ഇതിനുമുന്‍പ് നാം കണ്ടത് രണ്ടാം ലോകമഹായുദ്ധ കാലത്തായിരുന്നു.

ആഗോള അഭയാര്‍ത്ഥിപ്രയാണം (2000 മുതല്‍ 2016 വരെ)

ഒരൊറ്റ അഭയാര്‍ത്ഥി പ്രതിസന്ധിയല്ല ഇപ്പോള്‍ ലോകത്തുള്ളത്. പാശ്ചാത്യലോകം മാത്രമല്ല, വടക്കേ ആഫ്രിക്ക, മധ്യപൂര്‍വ്വേഷ്യ, ദക്ഷിണേഷ്യ, ദക്ഷിണപൂര്‍വ്വേഷ്യ എന്നീ പ്രദേശങ്ങളും പൂര്‍ണമായും പ്രശ്‌നബാധിതമാണ്. 2001 മുതല്‍ 2016 വരെയുള്ള ഈ പ്രതിസന്ധിയുടെ പുരോഗതി വ്യക്തമാക്കുന്ന എര്‍ത്ത് ടൈം ലാപ്‌സ് എന്ന പുതിയൊരു വസ്തുതാചിത്രീകരണം ടിഇഡി 2017ലും ദാവോസില്‍ വച്ചു നടന്ന ഈ വര്‍ഷത്തെ വാര്‍ഷിക സമ്മേളനത്തിലും പ്രദര്‍ശിപ്പിക്കുകയുണ്ടായി. ആഗോള അഭയാര്‍ത്ഥിപ്രയാണത്തിന്റെ ഭീകരമുഖം ഇതിലൂടെ വ്യക്തമാകുകയുണ്ടായി.ജനസംഖ്യാ പുനര്‍വിതരണത്തിന്റെ വ്യാപ്തി എത്രത്തോളമുണ്ടെന്ന് ഈ ചിത്രീകരണത്തില്‍ നിന്നും വ്യക്തമായി അറിയാന്‍ കഴിയും. ഈ ചിത്രീകരണത്തിലെ ഓരോ കുത്തും പ്രാധാന്യമര്‍ഹിക്കുന്ന ഒരു പ്രതിസന്ധിയെയോ അതിജീവനത്തെയോ കുറിക്കുന്നതാണ്. ഒരു അഭയാര്‍ത്ഥിക്ക് രാജ്യാന്തര അതിര്‍ത്തി മുറിച്ചു കടക്കേണ്ടി വരുമ്പോള്‍ ചുരുങ്ങിയത് മറ്റു രണ്ടു പേര്‍ക്ക് യുദ്ധം, ഭീകരത, ദാരിദ്ര്യം തുടങ്ങിയ കാരണങ്ങളാല്‍ വീട്ടില്‍ നിന്നും രാജ്യത്തിനകത്തു തന്നെ മറ്റെങ്ങോട്ടെങ്കിലും ഒളിച്ചോടേണ്ടതായി വരുന്നു എന്നതാണിത്.

വടക്കേ അമേരിക്കയിലേക്കുള്ള അഭയാര്‍ത്ഥിപ്രയാണങ്ങള്‍ (2000 മുതല്‍ 2016 വരെ)

വടക്കേ അമേരിക്കയിലെയും പടിഞ്ഞാറേ യൂറോപ്പിലെയും ജനങ്ങള്‍ ചിന്തിക്കുന്നതില്‍ നിന്ന് വിഭിന്നമായി അവരുടെ നഗരങ്ങള്‍ ഒരിക്കലും അഭയാര്‍ത്ഥികളുടെ പ്രധാനപ്പെട്ട ലക്ഷ്യ കേന്ദ്രങ്ങളല്ല. ഉദാഹരണത്തിന്, 1990 മുതല്‍ ലോകത്തുണ്ടായിട്ടുള്ള മുഴുവന്‍ അഭയാര്‍ത്ഥികളില്‍ വെറും 0.25% മാത്രമാണ് അമേരിക്കന്‍ ഐക്യനാടുകള്‍ സ്വീകരിച്ചിട്ടുള്ളത്. സിറിയന്‍ പ്രതിസന്ധിയുടെ മൂര്‍ധന്യാവസ്ഥയില്‍ യൂറോപ്പ് 1.5 മില്ല്യണ്‍ അഭയാര്‍ത്ഥികളെ സ്വീകരിച്ചപ്പോള്‍ അത് ഭൂഖണ്ഡത്തിന്റെ മൊത്തം ജനസംഖ്യയുടെ 0.3% മാത്രമായിരുന്നു എന്നതും വിസ്മരിച്ചു കൂടാ.

യൂറോപ്പിലേക്കും ആഫ്രിക്കയിലേക്കും ഏഷ്യയിലേക്കുമുള്ള അഭയാര്‍ത്ഥികളുടെ ഒഴുക്ക് (2000 – 2016)

രണ്ടാമതായി മനസിലാക്കേണ്ടത്, മുഖ്യധാര മാധ്യമങ്ങള്‍ കൊട്ടിഘോഷിക്കുന്നതുപോലെ ആളുകള്‍ ദരിദ്ര രാജ്യങ്ങളില്‍ നിന്ന് സമ്പന്നരാജ്യങ്ങളിലേക്ക് ഒഴുകുന്നില്ല എന്നതാണ്. അവര്‍ ദരിദ്രരാജ്യങ്ങളില്‍ നിന്ന് മറ്റു ദരിദ്രരാജ്യങ്ങളിലേക്കാണ് ചേക്കേറുന്നത്. അഫ്ഗാനിസ്ഥാന്‍, കോംഗോ, ഇറാക്ക്, സൊമാലിയ, ദക്ഷിണ സുഡാന്‍, സിറിയ, യെമന്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നെല്ലാം ആഭ്യന്തരയുദ്ധവും തീവ്രവാദവും തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളും മൂലം ആളുകള്‍ അഭയം തേടിയത് ദുരിതാശ്വാസ കാംപുകളിലും അയല്‍ രാജ്യങ്ങളിലെ ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ ഭവനങ്ങളിലും ആയിരുന്നു.

തീവ്രവാദവും അഭയാര്‍ത്ഥിപ്രശ്‌നവും (2000 – 2016)

മൂന്നാമതായി മനസിലാക്കേണ്ടത് തീവ്രവാദവും അഭയാര്‍ത്ഥികളുടെ ഒഴുക്കും തമ്മില്‍ വളരെ അടുത്ത ബന്ധമുണ്ടെന്നതാണ്. എന്നാല്‍ സെന്‍സേഷന്‍ ഉണ്ടാക്കുന്ന വാര്‍ത്തകളിലൊന്നും ഇത് പരാമര്‍ശിച്ചു കേള്‍ക്കാറില്ല. അഭയാര്‍ത്ഥികള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയല്ല, അവര്‍ അതില്‍ നിന്നും ഓടിയൊളിക്കുകയാണ് ചെയ്യുന്നത്. യുഎസില്‍ സ്വീകരിക്കപ്പെട്ടിട്ടുള്ള 7,85,000 അഭയാര്‍ത്ഥികളില്‍ ഒരാള്‍ പോലും വേള്‍ഡ് ട്രേഡ് സംഭവത്തിനുശേഷം മനഃപൂര്‍വം ഒരു തീവ്രവാദ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടില്ല. കഴിഞ്ഞ പതിനഞ്ചു വര്‍ഷത്തിനുള്ളില്‍ പന്ത്രണ്ടില്‍ താഴെ ആളുകള്‍, അതായത് 0.000014% പേര്‍ മാത്രമാണ് തീവ്രവാദ ബന്ധമുള്ള കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

അഭയാര്‍ത്ഥികള്‍ ഉള്‍പ്പെടെ പുറമെ നിന്നു വരുന്ന ആര്‍ക്കും ആതിഥ്യമരുളുന്ന പ്രാഥമിക കേന്ദ്രങ്ങള്‍ നഗരങ്ങളാണ്. പുതുതായി എത്തുന്നവര്‍ക്ക് ആവശ്യമായ സംരക്ഷണവും പരിചരണവും ഉറപ്പുവരുത്തുകയും സമൂഹത്തിലേക്ക് അവരെ കൂട്ടിച്ചേര്‍ക്കുകയും ചെയ്യുന്നതിന് ഇത് ആവശ്യവുമാണ്. ലോകമെമ്പാടുമുള്ള പ്രതിലോമപരമായ ദേശീയവാദത്തിന് ഇത് മറുമരുന്നാകുന്നു എന്നതാണ് ഇതിന്റെ ഗുണഫലം. ദേശരാഷ്ട്രങ്ങളും ഭൂരിപക്ഷമെന്നവകാശപ്പെടുന്നവരും (പോപ്പുലിസ്റ്റുകള്‍) അതിര്‍ത്തികള്‍ അടയ്ക്കുകയും ജനസമൂഹങ്ങളെ വിഭജിക്കുകയും രാഷ്ട്രീയസാഹചര്യങ്ങള്‍ മൂലം ഒളിച്ചോടുന്നവര്‍ ഉള്‍പെടെയുള്ള അഭയാര്‍ത്ഥികളെ തിരസ്‌കരിക്കുകയും ചെയ്യുമ്പോള്‍ നഗരങ്ങള്‍ സ്വതവേ തന്നെ തുറസായതും വൈവിധ്യത്തെ ഉള്‍ക്കൊള്ളുന്നതുമാണ്.കുടിയേറ്റക്കാര്‍ക്ക്, പ്രത്യേകിച്ച് അഭയാര്‍ത്ഥികള്‍ക്ക് ആവശ്യമായ പിന്തുണയും സഹായവും വാസസ്ഥലവും ഒരുക്കുന്നതില്‍ സുപ്രധാനമാണ് യുഎസിലെ ‘സാംഗ്ച്വറി സിറ്റീസ്’ എന്നറിയപ്പെടുന്ന നഗരങ്ങള്‍. എന്നാല്‍ ഇന്ന് നാല്‍പതിലധികം വരുന്ന സാംഗ്ച്വറി നഗരങ്ങളും ഡസന്‍ കണക്കിന് സാംഗ്ച്വറി രാജ്യങ്ങളും ഇന്ന് ആക്രമിക്കപ്പെടുകയാണ്. അനധികൃത കുടിയേറ്റക്കാരെ വിചാരണ ചെയ്യാതെ സംരക്ഷിക്കുന്ന നഗരങ്ങള്‍ക്കും ഗ്രാമങ്ങള്‍ക്കും ലഭിക്കുന്ന ഫെഡറല്‍ ഫണ്ട് നിര്‍ത്തലാക്കാന്‍ ഡോണാള്‍ഡ് ട്രംപ് സര്‍ക്കാര്‍ ഉത്തരവിട്ടു കഴിഞ്ഞു. സ്വാഭാവികമായും നഗരങ്ങളില്‍ നിന്ന് ഇതിനെതിരേ എതിര്‍പ്പുയര്‍ന്നിട്ടുണ്ട്.

അഭയാര്‍ത്ഥികള്‍ക്കും സുരക്ഷ ആവശ്യമുള്ള മറ്റ് ആളുകള്‍ക്കും ആവശ്യമായ ശാശ്വതവും അനുകമ്പയാര്‍ന്നതുമായ പരിഹാരങ്ങള്‍ പ്രദാനം ചെയ്യുന്നവയാണ് യുകെയിലെ സിറ്റീസ് ഓഫ് സാംഗ്ച്വറി. 1999ല്‍ രൂപീകരിക്കപ്പെട്ടതിന് ശേഷം അഭയാര്‍ത്ഥികള്‍ക്ക് സ്വാഗതമരുളാനായി യുകെയില്‍ 80 സിറ്റീസ് ഓഫ് സാംഗ്ച്വറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അടുത്തുള്ള നഗരങ്ങളുമായി ബന്ധങ്ങള്‍ സ്ഥാപിക്കുന്നതുവഴിയും കലയിലൂടെ കൂട്ടായ പങ്കാളിത്തം ഉയര്‍ത്തിക്കൊണ്ടും പൊതുജന അവബോധം വര്‍ധിപ്പിച്ച് പരസ്പരം കൂട്ടിച്ചേര്‍ക്കായുള്ള പരിശ്രമങ്ങളാണ് ഇവര്‍ നടത്തുന്നത്.സംഘര്‍ഷമുണ്ടാക്കുന്ന തരത്തിലുള്ള ജനങ്ങള്‍ക്കിടയിലെ വഴക്കുകള്‍ അവസാനിപ്പിക്കുകയാണ് അഭയാര്‍ത്ഥി പ്രതിസന്ധി ഇല്ലാതാക്കാനുള്ള മികച്ച മാര്‍ഗം. ഇതിന് വളരെയധികം അന്താരാഷ്ട്ര ഇടപെടലുകള്‍ ആവശ്യമായി വരും. പരമാധികാരത്തെ അടിസ്ഥാനമാക്കിയുള്ള ഉത്തരവാദിത്തങ്ങളില്‍ വീഴ്ച പറ്റിയെന്ന് രാജ്യം പറയുമ്പോള്‍, ആ വെല്ലുവിളിയെ നേരിടാന്‍ നഗരങ്ങളും അവസരത്തിനൊത്ത് ഉയരേണ്ടിവരും. ഒറ്റയ്‌ക്കൊറ്റക്ക് പ്രവര്‍ത്തിക്കുന്നതിനേക്കാള്‍ കരുത്താര്‍ജ്ജിക്കാന്‍ ഒന്നിച്ചു നില്‍ക്കുമ്പോള്‍ അവര്‍ക്കാകും. അഭയാര്‍ത്ഥികള്‍ക്ക് പെട്ടെന്ന് വേണ്ടിവരുന്ന പിന്തുണ നല്‍കാനായി ഗ്ലോബല്‍ പാര്‍ലമെന്റ് ഓഫ് മേയേര്‍സ്, യുണൈറ്റഡ് സിറ്റീസ്, ലോക്കല്‍ ഗവര്‍ണ്‍മെന്റ്‌സ് തുടങ്ങിയ നിരവധി അന്തര്‍ നഗര ശൃംഖലകള്‍ ആവശ്യമാണ്.

Comments

comments

Categories: FK Special, World