ആപ്പിള്‍ സെല്‍ഫ്-ഡ്രൈവിംഗ് കാര്‍ നിര്‍മ്മിക്കും

ആപ്പിള്‍ സെല്‍ഫ്-ഡ്രൈവിംഗ് കാര്‍ നിര്‍മ്മിക്കും
കാലിഫോര്‍ണിയയില്‍ ഓട്ടോണമസ് വാഹനങ്ങളുടെ പരീക്ഷണ ഓട്ടം നടത്തുന്നതിന് 
ഏപ്രിലില്‍ അനുമതി ലഭിച്ചിരുന്നു

ന്യൂ ഡെല്‍ഹി : ഐ ഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിള്‍ സെല്‍ഫ്-ഡ്രൈവിംഗ് കാര്‍ സാങ്കേതികവിദ്യയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ബ്ലൂംബര്‍ഗ് ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ ഇതാദ്യമായി ആപ്പിള്‍ സിഇഒ ടിം കുക്ക് ഇക്കാര്യം സ്ഥിരീകരിച്ചു.ഏതെങ്കിലും ഉല്‍പ്പന്നം മുന്നില്‍കണ്ടുകൊണ്ടല്ല ഇക്കാര്യം പറയുന്നതെന്നും സുപ്രധാന സാങ്കേതികവിദ്യയായ ഓട്ടോണമസ് സംവിധാനത്തെ ആപ്പിള്‍ പ്രധാനമായി കരുതുന്നുവെന്ന് ടിം കുക്ക് വ്യക്തമാക്കി.

സെല്‍ഫ്-ഡ്രൈവിംഗ് മത്സരത്തില്‍ വൈകി പ്രവേശിച്ച ആപ്പിളിന് കാലിഫോര്‍ണിയയില്‍ ഓട്ടോണമസ് വാഹനങ്ങളുടെ പരീക്ഷണ ഓട്ടം നടത്തുന്നതിന് ഇക്കഴിഞ്ഞ ഏപ്രിലില്‍ അനുമതി ലഭിച്ചിരുന്നു. മാത്രമല്ല, ഡസന്‍ കണക്കിന് ഓട്ടോമൊബീല്‍ വിദഗ്ധരെ നിയമിക്കുകയും ചെയ്തു.നേരത്തെ, സ്വന്തമായി സെല്‍ഫ്-ഡ്രൈവിംഗ് കാര്‍ നിര്‍മ്മിക്കാന്‍ ലക്ഷ്യമിട്ടിരുന്ന ആപ്പിള്‍ കഴിഞ്ഞ വര്‍ഷം പദ്ധതി ഉപേക്ഷിച്ചതായി അഭ്യൂഹമുണ്ടായിരുന്നു. പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ പ്രോജക്റ്റ് ടൈറ്റന്‍ എന്ന് പേരിട്ട സെല്‍ഫ്-ഡ്രൈവിംഗ് കാര്‍ പദ്ധതി 2014 ല്‍ തുടങ്ങിവെച്ചശേഷം ഐഫോണ്‍ നിര്‍മ്മാതാക്കള്‍ ആയിരത്തിലധികം എന്‍ജിനീയര്‍മാരെയാണ് നിയമിച്ചത്.

മൂന്ന് സെല്‍ഫ്-ഡ്രൈവിംഗ് എസ്‌യുവികളുടെ പരീക്ഷണ ഓട്ടം നടത്തുന്നതിന് കാലിഫോര്‍ണിയ മോട്ടോര്‍ വാഹന വകുപ്പാണ് ഏപ്രില്‍ മാസത്തില്‍ ആപ്പിളിന് അനുമതി നല്‍കിയത്. ആഴ്ച്ചകള്‍ക്കുശേഷം പരീക്ഷണ ഓട്ടത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഒരു വര്‍ഷത്തിനിടെ സാന്‍ ഫ്രാന്‍സിസ്‌കോ ബേ ഏരിയയുടെ പരിസരപ്രദേശങ്ങളിലായി പൊതു നിരത്തുകളില്‍ ആറോളം വാഹനങ്ങളാണ് ഓട്ടോണമസ് സാങ്കേതികവിദ്യ പരീക്ഷിക്കുന്നതായി കാണപ്പെട്ടത്. എത്ര കാലമായി റോഡ് ടെസ്റ്റുകള്‍ നടത്തിവരുന്നു എന്ന ചോദ്യത്തോട് ആപ്പിള്‍ വക്താവ് ടോം നുമെയ്ര്‍ പ്രതികരിച്ചില്ല.ചൈനീസ് റൈഡ്-ഷെയറിംഗ് കമ്പനിയായ ദിദി ചക്‌സിംഗില്‍ ആപ്പിള്‍ കഴിഞ്ഞ വര്‍ഷം ഒരു ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തിയിരുന്നു.

Comments

comments

Categories: Auto