ഫ്‌ളിപ്കാര്‍ട്ട്‌ സ്‌നാപ്ഡീല്‍ ഏറ്റെടുക്കുന്നതിന് ‘ഫെമ’ വിലങ്ങുതടിയാകും

ഫ്‌ളിപ്കാര്‍ട്ട്‌ സ്‌നാപ്ഡീല്‍ ഏറ്റെടുക്കുന്നതിന് ‘ഫെമ’ വിലങ്ങുതടിയാകും

ന്യൂഡെല്‍ഹി: സ്‌നാപ്ഡീല്‍ ഏറ്റെടുക്കുന്നതിനുള്ള ഫ്‌ളിപ്കാര്‍ട്ടിന്റെ നീക്കങ്ങള്‍ക്ക് ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്റ്റ് അഥവാ ഫെമ വിലങ്ങുതടിയാകുമെന്ന് സൂചന. ഫ്‌ളിപ്കാര്‍ട്ട്‌ പ്ലാറ്റ്‌ഫോമിന്റെ ഉടമകളായ ഹോള്‍ഡിംഗ് കമ്പനി ഫ്‌ളിപ്കാര്‍ട്ട്‌ പ്രൈവറ്റ് ലിമിറ്റഡ് ഹോങ്കോങ് ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നത്. ഇതാണ് ആര്‍ബിഐ യുടെ വിദേശ വിനിമയവുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ കരാറിന് ബാധകമാകുമെന്ന വിലയിരുത്തലിന് അടിസ്ഥാനം.കരാര്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി സ്‌നാപ്ഡീല്‍ ഓഹരിയുടമകള്‍ക്ക് ഫ്‌ളിപ്കാര്‍ട്ട്‌ സിംഗപ്പൂരിന്റെ ഓഹരികള്‍ ലഭ്യമാക്കുന്നതിന് ആര്‍ബിഐ യുടെ പ്രത്യേക അനുമതി നേടേണ്ടതുണ്ട്. ഫെമ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് സ്‌നാപ്ഡീല്‍ ഓഹരിയുടമകളുടെ താല്‍പ്പര്യം സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പുവരുത്തിയാണ് കരാര്‍ നടപ്പാക്കുന്നതെന്ന് ഫ്‌ളിപ്കാര്‍ട്ട്‌ ആര്‍ബിഐയെ ബോധ്യപ്പെടുത്തണം. ഇന്ത്യന്‍ കമ്പനിയില്‍ ഓഹരികളുള്ള ഒരു വിദേശ കമ്പനിയില്‍ ഇന്ത്യന്‍ പൗരന്‍മാര്‍ പങ്കാളിത്തം നേടുന്ന തരത്തിലുള്ള ഇടപാടുകളെ സാധാരണ ഗതിയില്‍ ആര്‍ബി ഐ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കാറുണ്ട്.കഴിഞ്ഞ ആറുമാസത്തിനിടെ നിരവധി സോഫ്റ്റ് വെയര്‍, ഫാര്‍മ കമ്പനികളോട് അവരുടെ വിദേശ ഉപസ്ഥാപനങ്ങള്‍ മൂലധനം സമാഹരിച്ച് ഇന്ത്യന്‍ കമ്പനിയില്‍ തിരികെ നിക്ഷേപിച്ചതു സംബന്ധിച്ച് റിസര്‍വ് ബാങ്ക് വിശദീരകരണം തേടിയിട്ടുണ്ട്. ഈ വര്‍ഷം ഏപ്രിലില്‍ നടന്ന ഫണ്ടിംഗോടെ സ്‌നാപ്ഡീലിന്റെ മൂല്യം 11.6 ബില്യണ്‍ ഡോളര്‍ ആണെന്നാണ് കണക്കാക്കുന്നത്. സ്‌നാപ്ഡീലിലെ ഏറ്റവും വലിയ നിക്ഷേപകരായ സോഫ്റ്റ്ബാങ്കാണ് ഫ്‌ളിപ്കാര്‍ട്ടുമായുള്ള ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത്. 700 മില്യണ്‍ ഡോളറിനും ഒരു ബില്യണ്‍ ഡോളറിനും ഇടയ്ക്കുള്ള ഏറ്റെടുക്കല്‍ കരാറിനുളള സാധ്യതയാണ് വിലയിരുത്തപ്പെടുന്നത്.

Comments

comments

Categories: Business & Economy