ഉഡാന്‍ വിജയമാകണമെങ്കില്‍  എല്ലാവരും സഹകരിക്കണം

ഉഡാന്‍ വിജയമാകണമെങ്കില്‍  എല്ലാവരും സഹകരിക്കണം
സമൂഹത്തിലെ ഉന്നത ശ്രേണിയിലുള്ളവരുടെ മാത്രം ആഡംബരമല്ല ഇന്ന് വിമാനയാത്ര. ഇത് 
കൂടുതല്‍ ജനകീയമാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ശ്രമം വിജയിക്കണമെങ്കില്‍ സംസ്ഥാനങ്ങള്‍ 
കൂടി കാര്യമായി സഹകരിക്കണം

ജനങ്ങളുടെ വളരുന്ന ആഗ്രഹങ്ങളെ അഭിസംബോധന ചെയ്യുന്നതായിരുന്നു യഥാര്‍ത്ഥത്തില്‍ നരേന്ദ്ര മോദി സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതികളിലൊന്നായ ഉഡാന്‍ (ഉഡെ ദേശ് കാ ആം നാഗരിക്). കാലങ്ങള്‍ക്ക് മുമ്പ് വിമാനയാത്ര സമൂഹത്തിലെ ഉന്നത ശ്രേണിയിലുള്ളവരുടെ മാത്രം ആഡംബരമായിരുന്നു. എന്നാല്‍ ആഗോളവല്‍ക്കരണവും ജനങ്ങളുടെ ജീവിതത്തില്‍ വന്ന നിലവാരത്തിലെ ഉയര്‍ച്ചയുമെല്ലാം വിമാനയാത്രയെ പതുക്കെ ജനകീയമാക്കി. ഇന്ന് ഒരു മിഡില്‍ ക്ലാസുകാരന്റെ സാമ്പത്തിക രൂപരേഖ തയാറാക്കലില്‍ ഫ്‌ളൈറ്റ് യാത്രയും കടന്നുകൂടി.ജനങ്ങളുടെ ജീവിതാഭിലാഷങ്ങള്‍ മനസിലാക്കി തന്നെയാണ് കേന്ദ്ര സര്‍ക്കാര്‍ ഉഡാന്‍ പദ്ധതി വിഭാവനം ചെയ്തത്. വിമാനയാത്രയുടെ ജനകീയവല്‍ക്കരണമെന്ന വലിയ ലക്ഷ്യമാണ് അതിലൂടെ സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നത്. ഇത് ഏവിയേഷന്‍ മേഖലയുടെ സമീപകാല കണക്കുകളില്‍ നിന്നു തന്നെ വ്യക്തവുമാണ്. ഇരട്ടയക്ക വളര്‍ച്ചയാണ് ഇന്ത്യയുടെ വ്യോമയാന മേഖലയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. 2035 ആകുമ്പോഴേക്കും ഇന്ത്യയിലെ വിമാനയാത്രികരുടെ എണ്ണം 450 ദശലക്ഷത്തില്‍ എത്തുമെന്നാണ് കണക്കുകള്‍. അതായത് വിമാനയാത്രികരുടെ എണ്ണത്തില്‍ പിന്നെ ഇന്ത്യക്ക് മുന്നിലുണ്ടാകുക ചൈനയും യുഎസും മാത്രം.

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ എയര്‍ ട്രാഫിക്കില്‍ ഉണ്ടായ വര്‍ധന 14 ശതമാനത്തിലധികമാണ്. ചില പഠനങ്ങള്‍ പറയുന്നത് 2035 ന് 15 വര്‍ഷം മുമ്പ് തന്നെ, അതായത് 2020 ആകുമ്പോഴേക്കും ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ ഏവിയേഷന്‍ വിപണിയായി ഇന്ത്യ മാറുമെന്നാണ്. എന്നാല്‍ ഈ കണക്കുകള്‍ക്കപ്പുറം ചില വസ്തുതകളുമുണ്ട്. ഏവിയേഷന്‍ രംഗത്തെ വളര്‍ച്ച ചില വലിയ നഗരങ്ങളെ മാത്രം കേന്ദ്രീകരിച്ചാണ് ഇന്ത്യയില്‍ സംഭവിക്കുന്നത്. യാത്രക്കാരുടെ എണ്ണത്തിലേക്ക് 80 ശതമാനവും സംഭാവന ചെയ്യുന്നത് പ്രധാനപ്പെട്ട 10 നഗരങ്ങളാണ്. അതായത് ജനസംഖ്യയുടെ വെറും ഏഴ് ശതമാനം മാത്രം. 2015 സാമ്പത്തിക വര്‍ഷത്തില്‍ എല്ലാ എയര്‍ലൈനുകളുടെയും മൊത്തം നഷ്ടം 1.2 ബില്ല്യണ്‍ ഡോളറാണ്. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന 75 എയര്‍പോര്‍ട്ടുകളില്‍ ഏഴെണ്ണം മാത്രമാണ് ലാഭത്തിലുള്ളത്. ഈ മേഖലയില്‍ സുസ്ഥിര വളര്‍ച്ച കൈവരിക്കണമെങ്കില്‍ ഘടനാപരമായ മാറ്റം അനിവാര്യമാണ്.

ആഭ്യന്തര തലത്തില്‍ വിമാനഗതാഗതത്തിന്റെ കടന്നുകയറ്റം അത്രവേഗത്തിലല്ല സംഭവിക്കുന്നത്. ഘടനാപരമായ മാറ്റം സാധ്യമാക്കണമെങ്കില്‍ വളര്‍ച്ച വികേന്ദ്രീകരിക്കപ്പെടണം. ഇന്ത്യയുടെ രണ്ടാം നിര, മൂന്നാം നിര നഗരങ്ങളില്‍ വിമാനയാത്ര കൂടുതല്‍ ജനകീയമാകേണ്ടതുണ്ട്. 2030 ആകുമ്പോഴേക്കും ഇന്ത്യയുടെ എയര്‍ ട്രാഫിക്കിന്റെ 46 ശതമാനം സംഭാവന ചെയ്യുന്നതിലേക്ക് രണ്ടാം നിര, മൂന്നാം നിര നഗരങ്ങള്‍ മാറണം. ഇതിനനുസരിച്ച് ചെറുകിട വിമാനത്താവളങ്ങളും രാജ്യത്തുണ്ടാകണം. എങ്കില്‍ മാത്രമേ നമ്മള്‍ വിചാരിച്ച തലത്തിലേക്ക് ഏവിയേഷന്‍ രംഗം വളരൂ. ഇതിന് ഉത്‌പ്രേരകമാകുകയാണ് സര്‍ക്കാരിന്റെ ഉഡാന്‍ പദ്ധതിയുടെ ലക്ഷ്യം.രണ്ടാം നിര, മൂന്നാം നിര നഗരങ്ങളിലുള്ള ജനങ്ങള്‍ക്ക് താങ്ങാവുന്ന കുറഞ്ഞ നിരക്കില്‍ വിമാനയാത്ര ലഭ്യമാക്കുകയെന്ന വിപ്ലവാത്മകമായ പദ്ധതിയാണിത്. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള യാത്രയുടെ പരമാവധി ടിക്കറ്റ് നിരക്ക് 2,500 രൂപയെന്ന് നിജപ്പെടുത്തിയുള്ള ആശയമാണ് ഉഡാന്‍ മുന്നോട്ട് വെക്കുന്നത്. ഇത് മൂലം എയര്‍ലൈന്‍ കമ്പനികള്‍ക്കുണ്ടാകുന്ന നിരക്കിലെ വ്യത്യാസങ്ങള്‍ പരിഹരിക്കപ്പെടാനുള്ള പദ്ധതികളും ക്രിയാത്മകമാകണം. ഇതിനായി സംസ്ഥാന സര്‍ക്കാരുകളും സജീവമായ ഇടപെടല്‍ നടത്തണം. എങ്കില്‍ മാത്രമേ സമഗ്രമായി ഏവിയേഷന്‍ രംഗത്തിന്റെ വികസനം സാധ്യമാകൂ. വിദഗ്ധര്‍ നിര്‍ദേശിക്കുന്നത് ഇതിനായി സംസ്ഥാന സര്‍ക്കാരുകള്‍ ഒരു ഡെഡിക്കേറ്റഡ് ഫണ്ട് തന്നെ ബജറ്റില്‍ മാറ്റിവെക്കണമെന്നാണ്.

Comments

comments

Categories: Editorial