അരയ്ക്ക് കീഴെ തളര്‍ന്നിട്ടും കാറില്‍ പിന്നിട്ടു, കന്യാകുമാരി മുതല്‍ ലേ വരെ

അരയ്ക്ക് കീഴെ തളര്‍ന്നിട്ടും കാറില്‍ പിന്നിട്ടു, കന്യാകുമാരി മുതല്‍ ലേ വരെ
ഈ കഥ സഹതാപത്തിന്റേതല്ല, പോരാട്ടത്തിന്റേത്

തിരിച്ചടികളെ കരുത്താക്കുന്നിടത്താണ് ഒരാളുടെ വിജയം പലപ്പോഴും നിര്‍ണയിക്കപ്പെടുന്നത്. അത്തരത്തിലുള്ള വിജയങ്ങളാണ് കൂടുതല്‍ ആഘോഷിക്കപ്പെടുന്നത്, അതിനാണ് മാധുര്യമേറുന്നതും. ഇതാണ് ഡല്‍ഹി സ്വദേശിയായ എറിക് പോള്‍ നല്‍കുന്ന സന്ദേശം. എന്താണ് എറിക് പോള്‍ എന്ന വ്യക്തിയുടെ പ്രത്യേകത എന്നാണോ? 2012ല്‍ ഉണ്ടായ ഒരു അപകടത്തെ തുടര്‍ന്ന് അരയ്ക്ക് കീഴ്‌പോട്ടു തളര്‍ന്നു പോയ വ്യക്തിയാണ് അദ്ദേഹം. എന്നിട്ടും അദ്ദേഹം കന്യാകുമാരി മുതല്‍ കശ്മീരിലെ ലേ വരെയുള്ള ദൂരം സഞ്ചരിച്ചെത്തി. അതും സ്വയം ഡ്രൈവ് ചെയ്ത്.അതെ, ജീവിതത്തെ നിസ്സഹായനായി നോക്കി നില്‍ക്കുന്നിടത്തല്ല, പോരാടി വിജയം കൈവരിക്കുന്നതിലാണ് ലൈഫിന്റെ ത്രില്ല് ഇരിക്കുന്നത് എന്നാണ് എറിക്കിന്റെ വിശ്വാസം. 2012 ല്‍ അപകടത്തെ തുടര്‍ന്ന്, കാലുകള്‍ തളര്‍ന്നു കിടപ്പായപ്പോള്‍ അദ്ദേഹത്തെ നോക്കി പരിതപിച്ചവര്‍ നിരവധി. എന്നാല്‍ സിംപതിയല്ല തനിക്ക് വേണ്ടത് എന്ന് ചുരുങ്ങിയ സമയം കൊണ്ട് തന്നെ എറിക് തെളിയിച്ചു.

വാഹനങ്ങള്‍ ഓടിക്കാന്‍ ഏറെ ഇഷ്ടമുള്ള അദ്ദേഹം അരയ്ക്ക് കീഴെ തളര്‍ന്ന ആളുകള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്നരീതിയിലുള്ള കൈകകള്‍ കൊണ്ട് നിയന്ത്രിക്കാവുന്ന സെഡാന്‍ മോഡല്‍ കാര്‍ രൂപകല്‍പ്പന ചെയ്തു. പയ്യെ പയ്യെ യാത്ര ആരംഭിച്ച അദ്ദേഹം, കഴിഞ്ഞ വര്‍ഷം 6000 കിലോ മീറ്റര്‍ സഞ്ചരിച്ച് റെക്കോര്‍ഡ് ഇട്ടിരുന്നു. കന്യാകുമാരി മുതല്‍ ലേ വരെയുള്ള 3917 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കുന്നതിനായി 159 മണിക്കൂറാണ് എറിക് എടുത്തത്.യാത്രയില്‍ പലവിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നു എങ്കിലും അതൊന്നും തനിക്ക് പ്രശ്‌നമായി തോന്നിയില്ലെന്നു എറിക് പറയുന്നു. മോശം കാലാവസ്ഥ, വീല്‍ ചെയര്‍ കയറി ചെല്ലാത്ത താമസ സ്ഥലം, ഭാഷ പ്രശ്‌നം, മലയിടിച്ചില്‍ തുടങ്ങിയ പല തടസ്സങ്ങളും യാത്രക്കിടയില്‍ നേരിടേണ്ടി വന്നു എങ്കിലും, എല്ലാത്തിനെയും സമ ചിത്തതയോടെ നേരിടാന്‍ എറിക്കിന് കഴിഞ്ഞു എന്നതാണ് അദ്ദേഹത്തിന്റെ വിജയം.യാത്ര ചെയ്യാന്‍ ഏറെ ഇഷ്ടപ്പെടുന്ന എറിക് ഭാവി ജീവിതത്തിലും ഒട്ടേറെ സാഹസിക യാത്രകള്‍ക്ക് പദ്ധതിയിടുന്നുണ്ട്. ഇന്ത്യ മുഴുവന്‍ ചുറ്റിക്കാണണം എന്ന തന്റെ സ്വപ്നവും എറിക് മറച്ചു വയ്ക്കുന്നില്ല. ഹീറോയിസം എന്ന് പറഞ്ഞാല്‍ ഇതാണ് എന്ന് എറിക്കിന്റെ ജീവിതം നമ്മെ ഓര്‍മപ്പെടുത്തുന്നു.

Comments

comments

Categories: Motivation, World
Tags: eric paul