യുകെ സന്ദര്‍ശനം ഒഴിവാക്കുമെന്ന് ട്രംപ്

യുകെ സന്ദര്‍ശനം ഒഴിവാക്കുമെന്ന് ട്രംപ്
റിപ്പോര്‍ട്ട് നിഷേധിച്ച് വൈറ്റ് ഹൗസും ഡൗണിംഗ് സ്ട്രീറ്റും

വാഷിംഗ്ടണ്‍: ബ്രിട്ടീഷ് ജനത തന്റെ സന്ദര്‍ശനത്തെ പിന്തുണയ്ക്കുന്നില്ലെങ്കില്‍ ബ്രിട്ടനിലേക്കുള്ള ഔദ്യോഗിക സന്ദര്‍ശനം ഒഴിവാക്കുമെന്ന് പ്രധാനമന്ത്രി തെരേസ മേയെ ഫോണില്‍ വിളിച്ചു യുഎസ് പ്രസിഡന്റ് ട്രംപ് അറിയിച്ചതായി ദി ഗാര്‍ഡിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞയാഴ്ചയാണ് ട്രംപ് ഇക്കാര്യം പറയാന്‍ മേയെ ഫോണില്‍ ബന്ധപ്പെട്ടതെന്നും പത്രം റിപ്പോര്‍ട്ട് ചെയ്തു. യുഎസ് പ്രസിഡന്റായി ചുമതലയേറ്റ് ഒരാഴ്ച പിന്നിട്ടപ്പോഴാണു തെരേസ മേ, ബ്രിട്ടനിലേക്ക് ട്രംപിനെ ക്ഷണിച്ചത്. ഈ വര്‍ഷം ഒക്ടോബറില്‍ ട്രംപ് യുകെ സന്ദര്‍ശിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ മേയുടെ ക്ഷണം നേരത്തെയായി പോയെന്ന വിമര്‍ശനം ബ്രിട്ടനിലെ പല കോണുകളില്‍ നിന്നും ഉയരുകയുണ്ടായി. ബ്രിട്ടന്റെ മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ലോര്‍ഡ് റിക്കെറ്റ്‌സ് ഉള്‍പ്പെടെയുള്ളവരും മേയെ വിമര്‍ശിച്ചിരുന്നു.സമീപകാലത്ത് ലണ്ടനില്‍ നടന്ന ആക്രമണത്തെ തുടര്‍ന്ന് ട്രംപ് ട്വിറ്ററിലൂടെ നടത്തിയ പരാമര്‍ശങ്ങള്‍ ലണ്ടന്‍ മേയര്‍ സാദിഖ് ഖാനെ പ്രകോപിപ്പിക്കുന്നവയായിരുന്നു. ഇതേ ചൊല്ലി ഇരുവരും വാക് പോരില്‍ ഏര്‍പ്പെടുകയും ചെയ്തു. ട്രംപ് സന്ദര്‍ശനം റദ്ദാക്കുമെന്നു തെരേസ മേയെ അറിയിച്ച വാര്‍ത്ത നിഷേധിച്ചു കൊണ്ടു വൈറ്റ് ഹൗസും ഡൗണിംഗ് സ്ട്രീറ്റും രംഗത്തുവന്നിട്ടുൂണ്ട്. ബ്രിട്ടീഷ് രാജ്ഞിയാണ് ട്രംപിനെ ഔദ്യോഗികമായി ക്ഷണിച്ചിരിക്കുന്നതെന്നും ഏതു സമയത്തും ബ്രിട്ടന്‍ സന്ദര്‍ശിക്കാന്‍ ട്രംപ് ഒരുക്കമാണെന്നും വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു. ട്രംപിന്റെ യുകെ സന്ദര്‍ശനം മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം നടക്കുമെന്നും യാതൊരു മാറ്റവുമില്ലെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ഡൗണിംഗ് സ്ട്രീറ്റ് നമ്പര്‍ പത്ത് പുറപ്പെടുവിച്ച പ്രസ്താവനയില്‍ അറിയിച്ചു.

Comments

comments

Categories: Top Stories, World

Related Articles