2017 ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിള്‍ 765 അവതരിപ്പിച്ചു

2017 ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിള്‍ 765 അവതരിപ്പിച്ചു

ഡെല്‍ഹി എക്‌സ് ഷോറൂം വില 8.50 ലക്ഷം രൂപ

ന്യൂ ഡെല്‍ഹി : ഏറെ നാളായി കാത്തിരുന്ന 2017 ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിള്‍ 765 ഇന്ത്യയില്‍ അവതരിപ്പിച്ചു. 8.50 ലക്ഷം രൂപയാണ് ഡെല്‍ഹി എക്‌സ്-ഷോറൂം വില. അന്തര്‍ദേശീയ വിപണിയില്‍ മൂന്ന് വേരിയന്റുകളില്‍ ലഭ്യമാണെങ്കിലും ഇന്ത്യയില്‍ എസ് വേരിയന്റ് മാത്രമാണ് അവതരിപ്പിച്ചത്. മറ്റ് രണ്ട് വേരിയന്റുകള്‍ പിന്നീട് പുറത്തിറക്കും. 2017 സ്ട്രീറ്റ് ട്രിപ്പിള്‍ 765 എസ് വേരിയന്റിലെ 765 സിസി എന്‍ജിന്‍ 111 എച്ച്പി കരുത്തും പരമാവധി 73 എന്‍എം ടോര്‍ക്കും സൃഷ്ടിക്കും. ക്വിക്ക് ഷിഫ്റ്റര്‍ സഹിതം 6 സ്പീഡ് ട്രാന്‍സ്മിഷനാണ് നല്‍കിയിരിക്കുന്നത്.റോഡ്, റെയ്ന്‍ എന്നീ റൈഡിംഗ് മോഡുകള്‍, റൈഡ്-ബൈ-വയര്‍ ടെക്‌നോളജി, എബിഎസ്, സ്വിച്ചബ്ള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം എന്നിവയാണ് സവിശേഷതകള്‍. മുന്‍ചക്രത്തില്‍ 310 എംഎം ഡുവല്‍ ഡിസ്‌കും പിന്‍ചക്രത്തില്‍ ബ്രെംബോ 220 എംഎം സിംഗ്ള്‍ പിസ്റ്റണ്‍ ഡിസ്‌കും ബ്രേക്കിംഗ് ജോലികള്‍ നിര്‍വ്വഹിക്കും. മുന്‍വശത്ത് ‘ഷോവ’ സസ്‌പെന്‍ഷനാണെങ്കില്‍ പിന്‍ചക്രത്തില്‍ അഡ്ജസ്റ്റബ്ള്‍ സ്വിംഗ്ആം സസ്‌പെന്‍ഷനാണ് നല്‍കിയിരിക്കുന്നത്.

റൈഡിഗ് മോഡ് പ്രദര്‍ശിപ്പിക്കുന്ന എല്‍സിഡി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഓഡോമീറ്റര്‍, ഫ്യൂവല്‍ ഗേജ്, ട്രിപ്പ് മീറ്റര്‍, ഡിസ്റ്റന്‍സ് ടു എംപ്റ്റി എന്നിവയാണ് സവിശേഷതകള്‍. ഫ്രെയിം, സബ്‌ഫ്രെയിം, സ്വിംഗ്ആം, എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍ എന്നിവയിലെ ബ്ലാക്ക് പൗഡര്‍ കോട്ടഡ് പെയ്ന്റ് മറ്റൊരു സവിശേഷതയാണ്.അന്തര്‍ദേശീയ തലത്തില്‍ ഇതിനകം അമ്പതിനായിരത്തിലധികം യൂണിറ്റ് സ്ട്രീറ്റ് ട്രിപ്പിള്‍ വിറ്റുകഴിഞ്ഞതായി ട്രയംഫ് മോട്ടോര്‍സൈക്കിള്‍സ് ഇന്ത്യ മാനേജിംഗ് ഡയറക്റ്റര്‍ വിമല്‍ സുംബ്ലി പറഞ്ഞു. കൂടുതല്‍ കരുത്തുറ്റ എന്‍ജിനും വിലയുമുള്ള കാവസാക്കി Z900 നോടാണ് സ്ട്രീറ്റ് ട്രിപ്പിള്‍ മത്സരിക്കുന്നത്. എന്നാല്‍ കാവസാക്കിക്കില്ലാത്ത ആഫ്റ്റര്‍ സെയ്ല്‍സ് സര്‍വീസ് ശൃംഖല ട്രയംഫിന് ഉണ്ട്. നിലവില്‍ ഇന്ത്യയില്‍ പതിനാറ് ഡീലര്‍ഷിപ്പുകളാണ് ഉള്ളത്. കൂടുതല്‍ ഡീലര്‍ഷിപ്പുകള്‍ തുറക്കുമെന്ന് വിമല്‍ സുംബ്ലി അറിയിച്ചു.

Comments

comments

Categories: Auto