ഇന്ധനവിലയില്‍ പ്രതിദിന മാറ്റം നടപ്പാക്കാന്‍ സമയം വേണമെന്ന് ഡീലര്‍മാര്‍

ഇന്ധനവിലയില്‍ പ്രതിദിന മാറ്റം നടപ്പാക്കാന്‍ സമയം വേണമെന്ന് ഡീലര്‍മാര്‍
ചെലവ് വര്‍ധിക്കാനും പ്രവര്‍ത്തനം തടസപ്പെടാനും ഇടയാക്കുമെന്ന് ആശങ്ക

ന്യൂഡെല്‍ഹി: പെട്രോള്‍, ഡീസല്‍ വിലയില്‍ ഓരോ ദിവസവും മാറ്റം വരുത്തുന്ന രീതി നടപ്പിലാക്കുന്നതിന് കൂടുതല്‍ സമയം ആവശ്യപ്പെട്ട് പെട്രോള്‍ പമ്പ് ഡീലര്‍മാര്‍ രംഗത്ത്. പെട്രോളിന്റെയും ഡീസലിന്റെയും പ്രതിദിന വില മാറ്റം ജൂണ്‍ 16 മുതല്‍ രാജ്യവ്യാപകമായി നടപ്പാക്കാനാണ് പൊതുമേഖലാ എണ്ണ കമ്പനികള്‍ തീരുമാനിച്ചിട്ടുള്ളത്. എന്നാല്‍ ഇത് നീട്ടിവെക്കണമെന്നും ഫില്ലിംഗ് സ്റ്റേഷനുകള്‍ ഇതിനു വേണ്ടി തയാറായിട്ടില്ലെന്നും പമ്പ് ഡീലര്‍മാര്‍ എണ്ണ കമ്പനികളെ അറിയിച്ചു. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഭാരത് പെട്രോളിയം എന്നീ പൊതുമേഖലാ എണ്ണ കമ്പനികളാണ് പ്രതിദിനം ഇന്ധന വില നിശ്ചയിക്കുന്ന രീതിയിയിലേക്ക് മാറാന്‍ നിശ്ചയിച്ചിരിക്കുന്നത്. നിലവില്‍ രണ്ടാഴ്ച കൂടുമ്പോഴാണ് പെട്രോളിന്റെയും ഡീസലിന്റെയും വില പരിഷ്‌കരിക്കുന്നത്. വിനിമയ നിരക്കിലെ മാറ്റത്തിനനുസരിച്ചും അന്താരാഷ്ട്ര നിരക്ക് പ്രകാരവും രാജ്യത്തെ ഇന്ധന വില ക്രമീകരിക്കാനാണ് പ്രതിദിന വില നിര്‍ണയത്തിലൂടെ എണ്ണ കമ്പനികള്‍ ലക്ഷ്യമിടുന്നത്. കഴിഞ്ഞ മേയ് ഒന്നിന് രാജ്യത്തെ അഞ്ച് നഗരങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ പദ്ധതിയാണ് രാജ്യവ്യാപകമായി നടപ്പാക്കാന്‍ പോകുന്നത്. എന്നാല്‍ പ്രതിദിനം വില നിശ്ചയിക്കുന്നത് ഡീലര്‍മാര്‍ക്ക് അനാവശ്യ ചെലവ് വരുത്തിവെക്കുമെന്നും പമ്പുകളുടെ പ്രവര്‍ത്തനം തടസപ്പെടുത്തുമെന്നും ഓള്‍ ഇന്ത്യ പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍ (എഐപിഡിഎ) ചീഫ് അജയ് ബെന്‍സാല്‍ പറഞ്ഞു.ഇന്ധനവില സംബന്ധിച്ച ആശയകുഴപ്പം ഉണ്ടാകാതിരിക്കാന്‍ ഡീലര്‍മാര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ടെന്ന് നേരത്തെ അധികൃതര്‍ അറിയിച്ചിരുന്നു. വിലയില്‍ മാറ്റം വരുത്തുന്നതിന്റെ ഭാഗമായി പമ്പുകളില്‍ 30 മിനുറ്റ് മുതല്‍ ഒരു മണിക്കൂര്‍ വരെ ഇന്ധനവിതരണം തടസപ്പെടുമെന്നും ഇത് ബിസിനസില്‍ നഷ്ടമുണ്ടാക്കുമെന്നും അജയ് ബന്‍സാല്‍ പറഞ്ഞു. എണ്ണ കമ്പനികള്‍ എല്ലാ പമ്പുകളിലും ഓട്ടോമേഷന്‍ സംവിധാനം നടപ്പാക്കാന്‍ തയാറാകണമെന്നും ഇത് വില മാറ്റം എളുപ്പമാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Comments

comments

Categories: Business & Economy