ലിഫ്റ്റില്‍ 25 മില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തി ജെഎല്‍ആര്‍

ലിഫ്റ്റില്‍ 25 മില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തി ജെഎല്‍ആര്‍
ജെഎല്‍ആറിന്റെ വെഞ്ച്വര്‍ കാപിറ്റല്‍ വിഭാഗമായ ഇന്‍മോഷന്‍ വെഞ്ച്വേഴ്‌സ് മുഖേനയാണ് 
നിക്ഷേപം നടത്തിയിരിക്കുന്നത്

ബെംഗളൂരു : ടാറ്റ മോട്ടോഴ്‌സിന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ആഡംബര കാര്‍ നിര്‍മ്മാതാക്കളായ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ യുഎസ് റൈഡ്-ഷെയറിംഗ് കമ്പനിയായ ലിഫ്റ്റില്‍ 25 മില്യണ്‍ ഡോളര്‍ നിക്ഷേപിച്ചു. ഓട്ടോണമസ് കാറുകള്‍ വികസിപ്പിക്കുന്നതിനും പരീക്ഷിക്കുന്നതിനുമായി പങ്കാളിത്തം സ്ഥാപിച്ചതിന്റെ അടിസ്ഥാനത്തിലാണ് നിക്ഷേപം നടത്തിയിരിക്കുന്നത്.ജെഎല്‍ആറിന്റെ വെഞ്ച്വര്‍ കാപിറ്റല്‍ വിഭാഗമായ ഇന്‍മോഷന്‍ വെഞ്ച്വേഴ്‌സ് മുഖേനയാണ് യുബറിന്റെ മുഖ്യ എതിരാളിയായ ലിഫ്റ്റില്‍ നിക്ഷേപം നടത്തിയിരിക്കുന്നത്. ഇതോടെ ഏപ്രില്‍ മാസത്തില്‍ അവസാനിച്ച കണക്കുകള്‍ പ്രകാരം വിവിധ കേന്ദ്രങ്ങളില്‍നിന്നായി ആകെ 600 മില്യണ്‍ ഡോളറിന്റെ ഫണ്ടിംഗ് ലിഫ്റ്റ് സ്വീകരിച്ചു. 7.5 ബില്യണ്‍ ഡോളറാണ് ലിഫ്റ്റിന്റെ വിപണി മൂല്യം. ഈ പുതിയ സഹകരണ സംരംഭം കണക്റ്റഡ്, ഓട്ടോണമസ് സര്‍വീസുകള്‍ വികസിപ്പിക്കുന്നതിന് സഹായിക്കുമെന്ന് ഇന്‍മോഷന്‍ മാനേജിംഗ് ഡയറക്റ്റര്‍ സെബാസ്റ്റിയന്‍ പെക്ക് പറഞ്ഞു.

പുതിയ ഓട്ടോണമസ് കാര്‍ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്നതിന് ഗൂഗഌന്റെ സെല്‍ഫ്-ഡ്രൈവിംഗ് വാഹന വിഭാഗമായ വേമോയുമായി പങ്കാളിത്തം സ്ഥാപിച്ചതായി മെയ് മാസത്തില്‍ ലിഫ്റ്റ് പ്രഖ്യാപിച്ചിരുന്നു. സ്ഥാപകനായ ട്രാവിസ് കലാനിക്ക് താല്‍ക്കാലികമായി അവധിയില്‍ പ്രവേശിച്ചതോടെ എതിരാളിയായ യുബര്‍ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് ലിഫ്റ്റ് ഓട്ടോണമസ് കാറുകളില്‍ ശ്രദ്ധിക്കുന്നത്.വേമോ നല്‍കിയ കേസാണ് ഇപ്പോള്‍ യുബറിന്റെ വലിയ തലവേദനകളിലൊന്ന്. തങ്ങളുടെ ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ മോഷ്ടിച്ച മുന്‍ ജീവനക്കാരന്‍ അന്തോണി ലെവന്‍ഡോവ്‌സ്‌കി തുടങ്ങിയ സെല്‍ഫ്-ഡ്രൈവിംഗ് ട്രക്ക് സ്റ്റാര്‍ട്ടപ്പായ ഓട്ടോയെ(Otto) പിന്നീട് യുബര്‍ ഏറ്റെടുക്കുകയായിരുന്നുവെന്നാണ് വേമോയുടെ വാദം. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ഓട്ടോയുടെ നിയന്ത്രണ ഓഹരി വാങ്ങി യുബര്‍ ഏറ്റെടുത്തത്. യുബര്‍ ഈയിടെ ലെവന്‍ഡോവ്‌സ്‌കിയെ പിരിച്ചുവിട്ടിരുന്നു. വഞ്ചന സംബന്ധിച്ച കേസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.

ലിഫ്റ്റില്‍ ഇന്‍മോഷന്‍ നിക്ഷേപം നടത്തിയതോടെ ഇന്ത്യയുടെ ടാറ്റ ഗ്രൂപ്പ് പരോക്ഷ ഓഹരിയുടമയായി മാറി. യുബറില്‍ ടാറ്റ ഗ്രൂപ്പിന് ഓഹരിയുണ്ട്. 2015 ല്‍ ടാറ്റ ഒപ്പോര്‍ച്ചുണിറ്റീസ് ഫണ്ടില്‍നിന്ന് യുബര്‍ 75 മില്യണിനും 100 മില്യണ്‍ ഡോളറിനുമിടയില്‍ ഫണ്ടിംഗ് സ്വീകരിച്ചിരുന്നു. കൂടാതെ ഇന്ത്യന്‍ റൈഡ്-ഷെയറിംഗ് സ്റ്റാര്‍ട്ടപ്പായ ഒലയ്ക്ക് രത്തന്‍ ടാറ്റ മികച്ച പിന്തുണയാണ് നല്‍കുന്നത്.ടാറ്റ ഗ്രൂപ്പിന്റെ ഡിസൈന്‍ ആന്‍ഡ് എന്‍ജിനീയറിംഗ് വിഭാഗമായ ടാറ്റ എല്‍ക്‌സി ഓട്ടോണമസ് ഡ്രൈവിംഗ് മിഡില്‍വെയര്‍ വികസിപ്പിച്ചിട്ടുണ്ട്. ഈ മിഡില്‍വെയര്‍ പ്രമുഖ ആഗോള കാര്‍ നിര്‍മ്മാതാക്കളില്‍ ഈയിടെ ഉപയോഗിച്ചുനോക്കിയതായി ടാറ്റ എല്‍ക്‌സി അധികൃതര്‍ വ്യക്തമാക്കിയിരുന്നു. സ്വന്തമായി ഓട്ടോണമസ് വാഹനങ്ങള്‍ വികസിപ്പിക്കുന്നതിന് ടാറ്റ എല്‍ക്‌സി ജെഎല്‍ആറുമായി പ്രവര്‍ത്തിച്ചുവരികയാണ്. ടാറ്റ എല്‍ക്‌സിയുടെ ഒരു പ്രധാന കേന്ദ്രം തിരുവനന്തപുരത്താണ് പ്രവര്‍ത്തിക്കുന്നത്.

Comments

comments

Categories: Auto