ഇന്ത്യന്‍ കാര്‍ വ്യവസായത്തിന് വരാനിരിക്കുന്നത് നല്ല നാളുകള്‍

ഇന്ത്യന്‍ കാര്‍ വ്യവസായത്തിന് വരാനിരിക്കുന്നത് നല്ല നാളുകള്‍

കാര്‍ വ്യാപന നിരക്ക്, പ്രീമിയമൈസേഷന്‍ എന്നിവ ഇന്ത്യന്‍ കാര്‍ വ്യവസായത്തെ ശക്തവും സുസ്ഥിരവുമായ വളര്‍ച്ചാ കാലഘട്ടത്തിലേക്ക് നയിക്കുമെന്ന് എച്ച്എസ്ബിസി

ന്യൂ ഡെല്‍ഹി : ഇന്ത്യയിലെ കാര്‍ വ്യവസായം സുപ്രധാന വഴിത്തിരിവിലാണെന്ന് എച്ച്എസ്ബിസി. ഓരോ ആയിരം പേരിലും 20-25 പേര്‍ക്ക് കാര്‍ എന്ന വ്യാപന നിരക്ക് കൈവരിച്ചുകഴിഞ്ഞാല്‍ കാര്‍ വില്‍പ്പന പുതിയ പ്രവേഗം കൈവരിക്കുമെന്നാണ് വിവിധ രാജ്യങ്ങളില്‍ കണ്ടുശീലിച്ചിരിക്കുന്നത്. ഈ വ്യാപന നിരക്ക് ഇന്ത്യ കൈവരിച്ചുകഴിഞ്ഞു എന്നതാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യം. 2025 ഓടെ ഈ നിരക്ക് 65 ആയി വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതായത് 2015-25 സാമ്പത്തിക വര്‍ഷങ്ങള്‍ക്കിടയില്‍ കാര്‍ വില്‍പ്പന സംബന്ധിച്ച സംയോജിത വാര്‍ഷിക വളര്‍ച്ചാ നിരക്ക് 10 ശതമാനത്തോളമായി മാറും. ജപ്പാന്‍, കൊറിയ, ചൈന എന്നീ രാജ്യങ്ങളുടെ അനുഭവ പശ്ചാത്തലത്തില്‍ പരിശോധിക്കുമ്പോള്‍ ഇന്ത്യന്‍ കാര്‍ വിപണി നിര്‍ണ്ണായക മാറ്റത്തിനൊരുങ്ങുകയാണ്. ഇന്ത്യയില്‍ കൂടുതല്‍ പേര്‍ വലിയ ഫാന്‍സി കാറുകള്‍ വാങ്ങുന്നത് ഈ നിഗമനത്തെ സഹായിക്കുന്നതാണ്. മികച്ച മോഡലുകളും വിതരണ ശൃംഖലയുമുള്ള മാര്‍ക്കറ്റ് ലീഡറായ മാരുതി സുസുകിയായിരിക്കും ഏറ്റവുമധികം നേട്ടം കൊയ്യുന്നത്. സമീപ ഭാവിയില്‍ ഗ്രാമീണ മേഖലകളില്‍ പ്രകടമാകുന്ന വലിയ ആവശ്യകതയും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കൂടുതലായി പണം ചെലവഴിക്കുന്നതും മാരുതിക്കും മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയ്ക്കും നേട്ടമാകും.ആറ് വര്‍ഷത്തെ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ വരും വര്‍ഷങ്ങളില്‍ സുസ്ഥിരമായ വളര്‍ച്ച ഉറപ്പാക്കാനാണ് രാജ്യത്തെ കാര്‍ വിപണി തയ്യാറായിരിക്കുന്നത്. ഓരോ ആയിരം പേരിലും 20-25 പേര്‍ക്ക് കാര്‍ എന്ന വ്യാപന നിരക്ക് കൈവരിച്ചുകഴിഞ്ഞാല്‍ പിന്നെ കാര്‍ വില്‍പ്പനയില്‍ വലിയ കുതിച്ചുചാട്ടം കാണാനാകുമെന്നാണ് ജപ്പാന്‍, കൊറിയ, ചൈന എന്നീ ഏഷ്യന്‍ രാജ്യങ്ങളുടെ അനുഭവങ്ങളില്‍നിന്ന് വ്യക്തമാകുന്നത്.

ഇന്ത്യയില്‍ നിലവിലെ 25 ല്‍നിന്ന് 2025 ഓടെ കാര്‍ വ്യാപന നിരക്ക് ആയിരം പേരില്‍ 65 കാറായി വര്‍ധിക്കുമെന്നാണ് എച്ച്എസ്ബിസി പ്രതീക്ഷിക്കുന്നത്. 2015-2025 കാലയളവില്‍ 10 ശതമാനത്തോളമായിരിക്കും കാര്‍ വില്‍പ്പന സംബന്ധിച്ച സംയോജിത വാര്‍ഷിക വളര്‍ച്ചാ നിരക്ക്. മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലെന്ന പോലെ കാര്‍ വില്‍പ്പന സംബന്ധിച്ച ദീര്‍ഘകാല സുസ്ഥിര വളര്‍ച്ച രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം, പ്രതിശീര്‍ഷ വരുമാനം, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍, റോഡ് നിര്‍മ്മാണം എന്നിവയുടെ വളര്‍ച്ചയുമായി ബന്ധപ്പെട്ടാണിരിക്കുന്നത്.ഐടി, ബാങ്കിംഗ്, ഇ-കൊമേഴ്‌സ്, ടെലികോം രംഗങ്ങളിലെ തൊഴിലവസരങ്ങളില്‍ കരിനിഴല്‍ പരന്നെങ്കിലും പാസഞ്ചര്‍ വാഹന വില്‍പ്പന തരക്കേടില്ലാത്ത വിധം പിടിച്ചുനിന്നിട്ടുണ്ട്. ഉദാഹരണത്തിന്, മാര്‍ക്കറ്റ് ലീഡറായ മാരുതിക്ക് ഇരട്ടയക്ക വാര്‍ഷിക വില്‍പ്പന വളര്‍ച്ചാ നിരക്ക് കൈമോശം വരാതെ സൂക്ഷിക്കാന്‍ കഴിഞ്ഞു. പ്രീമിയമൈസേഷനാണ് ഇന്ത്യന്‍ കാര്‍ വിപണിയിലെ മറ്റൊരു പ്രധാന സംഗതി. ഒരു കാര്‍ വാങ്ങുക എന്ന സ്റ്റാറ്റസ് സിംബലില്‍നിന്ന് മാറി പുതിയ, വലിയ, സ്മാര്‍ട്ടര്‍ വാഹനം തന്നെ വാങ്ങാനാണ് ഇന്ത്യക്കാര്‍ ഇപ്പോള്‍ താല്‍പ്പര്യപ്പെടുന്നത്.

പ്രീമിയമൈസേഷന്റെ വേഗം വര്‍ധിക്കുന്നതിന്റെ വ്യക്തമായ സൂചനകളാണ് ഇപ്പോള്‍ ലഭിക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനങ്ങളുടെ (എസ്‌യുവി) വിപണി വിഹിതം ഏകദേശം ഇരട്ടിയായി വര്‍ധിച്ചു. വ്യാപന നിരക്ക്, പ്രീമിയമൈസേഷന്‍ എന്നീ രണ്ട് ഘടകങ്ങള്‍ ഇന്ത്യന്‍ കാര്‍ വ്യവസായത്തെ ശക്തവും സുസ്ഥിരവുമായ വളര്‍ച്ചാ കാലഘട്ടത്തിലേക്ക് നയിക്കുമെന്ന് എച്ച്എസ്ബിസി പ്രതീക്ഷിക്കുന്നു. 2011-14 കാലയളവില്‍ വില്‍പ്പന കുത്തനെ ഇടിഞ്ഞതിനുശേഷമുള്ള ‘ആശ്വാസ പാക്കേജാണ്’ ഇനി വരാന്‍ പോകുന്നത്. 2014 ന് ശേഷം പതുക്കെയെങ്കിലും വില്‍പ്പന തിരിച്ചുപിടിച്ചുകൊണ്ടിരിക്കുകയാണ് കാര്‍ നിര്‍മ്മാതാക്കള്‍.ഈ ദീര്‍ഘകാല വളര്‍ച്ചാ പദ്ധതിയുടെ പ്രധാന ഗുണഭോക്താവ് മാരുതി ആയിരിക്കുമെന്നാണ് എച്ച്എസ്ബിസി കരുതുന്നത്. ഗ്രാമീണ മേഖലകളില്‍ കൂടുതല്‍ എക്‌സ്‌പോഷര്‍ ഉള്ളത് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയ്ക്ക് തുണയാകുമെന്നും എച്ച്എസ്ബിസി പ്രവചിച്ചു. സാമാന്യം നല്ല മണ്‍സൂണ്‍ ലഭിക്കുമെന്ന പ്രവചനങ്ങളുള്ളതിനാല്‍ ഗ്രാമീണ സമ്പദ്‌വ്യവസ്ഥ ആയിരിക്കും വാഹന നിര്‍മ്മാതാക്കളുടെ വളര്‍ച്ച സംബന്ധിച്ച ചാലകശക്തി. വൈവിധ്യമാര്‍ന്ന മോഡലുകളും വിതരണ ശൃംഖലയും നേട്ടമാകുമെന്നതിനാല്‍ മാരുതിയുടെ ഓഹരി വാങ്ങാമെന്നാണ് എച്ച്എസ്ബിസി നിര്‍ദ്ദേശിക്കുന്നത്. അടുത്ത പന്ത്രണ്ട് മാസം മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ മൂല്യം വര്‍ധിക്കുമെന്നും എച്ച്എസ്ബ്‌സി കണക്കുകൂട്ടുന്നു. നല്ല മണ്‍സൂണ്‍ ലഭിക്കുമെന്ന പ്രവചനത്തോടൊപ്പം ഈയിടെ കാര്‍ഷിക മേഖലയില്‍ മെച്ചപ്പെട്ട വിളവ് ലഭിച്ചതും കാര്‍ ഡിമാന്‍ഡ് വര്‍ധിപ്പിക്കും.

രാജ്യത്തെ പാസഞ്ചര്‍ കാര്‍ വിപണി കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഉയര്‍ന്ന ഒറ്റയക്ക വളര്‍ച്ചയാണ് കൈവരിച്ചത്. വില്‍പ്പനക്കണക്കുകളുടെ കാര്യത്തില്‍ ലോകത്തെ അഞ്ചാമത്തെ വലിയ പാസഞ്ചര്‍ കാര്‍ വിപണിയാണ് ഇന്ത്യ. മിഡ്-സൈസ് സെഡാനുകളില്‍നിന്ന് എസ്‌യുവികളിലേക്കും മിഡ്-സൈസ് ഹാച്ച്ബാക്കുകളില്‍നിന്ന് പ്രീമിയം ഹാച്ച്ബാക്കുകളിലേക്കും ഇന്ത്യന്‍ ഉപയോക്താക്കള്‍ മാറുന്നതാണ് സമീപകാല കാഴ്ച്ച. ആദ്യമായി കാര്‍ വാങ്ങുന്നവര്‍ എന്‍ട്രി-ലെവല്‍ ചെറിയ ഹാച്ച്ബാക്ക് വാങ്ങുന്നതിന് പകരം സെക്കന്‍ഡ്-ഹാന്‍ഡ് മിഡ്-സൈസ് ഹാച്ച്ബാക്കാണ് താല്‍പ്പര്യപ്പെടുന്നത്. സെക്കന്‍ഡ്-ഹാന്‍ഡ് കാറുകളുടെ ശരാശരി വില വര്‍ധിക്കുകയാണ്. ഇന്ത്യന്‍ കാര്‍ വിപണിയില്‍ പ്രീമിയമൈസേഷന്‍ ശക്തമായി പിടിമുറുക്കുമെന്നാണ് എച്ച്എസ്ബിസി വിശ്വസിക്കുന്നത്.ഇന്ത്യന്‍ കാര്‍ വിപണിയില്‍ അത്ര വലിയ മത്സരം നടക്കുന്നില്ലെന്നാണ് എച്ച്എസ്ബിസി അഭിപ്രായപ്പെടുന്നത്. പാസഞ്ചര്‍ വാഹന വിപണിയുടെ അമ്പത് ശതമാനത്തോളം നിയന്ത്രിക്കുന്ന മാരുതി സുസുകി ഇന്ത്യാ ലിമിറ്റഡ് പുതിയ മോഡലുകള്‍, പരിഷ്‌കരിച്ച മോഡലുകള്‍, വിതരണ ശൃംഖലയുടെ വിപുലീകരണം തുടങ്ങിയ കാര്യങ്ങളില്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കുന്നത് തുടരും. ഇത്തരമൊരു സാഹചര്യത്തില്‍ ജനറല്‍ മോട്ടോഴ്‌സ്, ഫോക്‌സ്‌വാഗണ്‍ എന്നിവരെപ്പോലെയുള്ളവര്‍ക്ക് കയറ്റുമതിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടിവരുമെന്നാണ് എച്ച്എസ്ബിസി അഭിപ്രായപ്പെടുന്നത്.ശക്തമായ വിതരണ ശൃംഖലയും വില കുറഞ്ഞ മോഡലുകളുമാണ് മാരുതിയെ ഇന്ത്യന്‍ കാര്‍ വിപണിയില്‍ അജയ്യരാക്കുന്നത്. ചോയ്‌സും വിലയും ഒത്തുചേരുന്ന മോഡലുകളാണ് മാരുതിയുടെ ഏറ്റവും വലിയ കരുത്ത്. മാരുതിയുടെ മിക്ക എതിരാളികള്‍ക്കും വിജയം കണ്ട മോഡലുകളുടെ എണ്ണം പരിമിതമാണ്.മാരുതിയുടെ സെക്കന്‍ഡ്-ഹാന്‍ഡ് ബിസിനസ്സായ ട്രൂ വാല്യു കമ്പനിയുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്നു. 1,200 ലധികം ഷോറൂമുകളാണ് ട്രൂ വാല്യുവിനുള്ളത്. 2016 ല്‍ നാല് ലക്ഷം വില്‍പ്പനയാണ് (എക്‌സ്‌ചേഞ്ചുകള്‍) നടന്നത്.

 

Comments

comments

Categories: Auto